Connect with us

Editorial

ലോ അക്കാദമി സമരവും ഉപസമിതി റിപ്പോര്‍ട്ടും

Published

|

Last Updated

ലോ അക്കാദമിയുമായി ബന്ധപ്പെട്ട് വിദ്യാര്‍ഥികള്‍ ഉന്നയിച്ച ആരോപണങ്ങള്‍ ശരിവെക്കുന്നതാണ് കേരള സര്‍വകലാശാല സിന്‍ഡിക്കേറ്റ് ഉപസമിതി സമര്‍പ്പിച്ച റിപ്പോര്‍ട്ട്. കുട്ടികള്‍ക്ക് ഇന്റേണല്‍ മാര്‍ക്ക് അനുവദിച്ചതിലും ഹാജര്‍ നല്‍കിയതിലും പക്ഷപാതം കാണിച്ചതായി സമിതി കണ്ടെത്തി. സര്‍വകലാശാല ചട്ടങ്ങള്‍ക്ക് വിരുദ്ധമായ കാര്യങ്ങള്‍ അക്കാദമിയില്‍ നടക്കുന്നതായി റിപ്പോര്‍ട്ട് വെളിപ്പെടുത്തുന്നു. ലേഡീസ് ഹോസ്റ്റലില്‍ അസുഖകരമായ കാര്യങ്ങള്‍ നടന്നതായുള്ള ആരോപണത്തിലും വസ്തുതയുണ്ടെന്ന് സമിതി വിലയിരുത്തിയതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

വിദ്യാര്‍ഥികളില്‍ നിന്നും രക്ഷിതാക്കളില്‍ നിന്നും പ്രിന്‍സിപ്പല്‍ ലക്ഷ്മി നായരില്‍ നിന്നും തെളിവെടുപ്പ് നടത്തിയ ശേഷമാണ് ഉപസമിതി റിപ്പോര്‍ട്ട് തയാറാക്കിയത്.
പ്രിന്‍സിപ്പലിന്റെ നടപടികളില്‍ പ്രതിഷേധിച്ച് വിദ്യാര്‍ഥി സംഘടനകള്‍ നടത്തി വരുന്ന സമരം തുടരുകയാണ്. പ്രതിപക്ഷ, ഭരണപക്ഷ വ്യത്യാസമില്ലാതെ എല്ലാ വിദ്യാര്‍ഥി പ്രസ്ഥാനങ്ങളുമുണ്ട് സമരരംഗത്ത്. നിയമ വിധേയമായല്ല അക്കാദമി പ്രവര്‍ത്തിക്കുന്നത്, വിദ്യാര്‍ഥികളുടെ അവകാശങ്ങള്‍ക്ക് വേണ്ടി വാദിക്കുന്നവരെ ഇന്റേണല്‍ മാര്‍ക്ക് കാട്ടി നിശ്ശബ്ദമാക്കുന്നു, പൊതുജനങ്ങള്‍ക്ക് കൂടി പ്രവേശമുള്ള കോളജ് കാന്റീനിലെ ജോലികള്‍ക്കായി സ്ഥാപനത്തിലെ വിദ്യാര്‍ഥികളെ ഉപയോഗപ്പെടുത്തുന്നു, ടെലിവിഷന്‍ അവതാരകയായ അക്കാദമി പ്രിന്‍സിപ്പല്‍ ഡോ. ലക്ഷ്മി നായര്‍ക്ക് അക്കാദമി കാര്യങ്ങളേക്കാളേറെ കുക്കര്‍ ഷോകളിലാണ് ശ്രദ്ധ, പ്രിന്‍സിപ്പലിന്റെ ഇഷ്ടക്കാര്‍ക്ക് വാരിക്കോരി മാര്‍ക്ക് നല്‍കുമ്പോള്‍, ഇഷ്ടമില്ലാത്തവര്‍ക്ക് മാര്‍ക്ക് നല്‍കാതെ പീഡിപ്പിക്കുന്നു എന്നിങ്ങനെ നീളുന്നു ആരോപണങ്ങള്‍. ദളിത് വിദ്യാര്‍ഥികളെ ജാതിപ്പേര് വിളിച്ചു ആക്ഷേപിച്ചതായും പരാതിയുണ്ട്.

ലോ അക്കാദമി സൊസൈറ്റിക്കു വേണ്ടി സെക്രട്ടറി നാരായണന്‍ നായര്‍ 1973ല്‍ സെക്രട്ടേറിയറ്റിന് അടുത്തുള്ള പുന്നന്‍ റോഡില്‍ വാങ്ങിയ സ്ഥലം വാണിജ്യാവശ്യങ്ങള്‍ക്കായി ഉപയോഗിച്ചെന്ന ആരോപണവും ഉയര്‍ന്നിട്ടുണ്ട്. വിദ്യാഭ്യാസ സ്ഥാപനത്തിനായി വാങ്ങിയ ഭൂമിയില്‍ ബഹുനില കെട്ടിടം പണിത് റിയല്‍ എസ്റ്റേറ്റ് കമ്പനിയുമായി ചേര്‍ന്ന് വാണിജ്യ ആവശ്യങ്ങള്‍ക്കായി ഉപയോഗപ്പെടുത്തിയെന്നാണ് വിജിലന്‍സിന് ലഭിച്ച പരാതി. അതിനിടെ ലോ അക്കാദമിയുടെ അംഗീകാരം സംബന്ധിച്ച് രേഖകള്‍ കൈവശമില്ലെന്ന് കേരള സര്‍വകലാശാല അധികൃതര്‍ വ്യക്തമാക്കുകയുണ്ടായി. അക്കാദമിയുടെ ഭൂമി സംബന്ധിച്ചും കൃത്യമായ വിവരങ്ങളില്ല. മുഖ്യമന്ത്രിയും വിദ്യാഭ്യാസ മന്ത്രിയും അടങ്ങിയ ട്രസ്റ്റിനാണ് ലോ അക്കാദമിക്കുളള ഭൂമി നല്‍കിയതെന്നാണ് നിയമസഭാ രേഖകള്‍ വ്യക്തമാക്കുന്നത്. ഈ ട്രസ്റ്റ് നിലവിലില്ല. വിവരാവകാശ അപേക്ഷക്കു ലഭിച്ച മറുപടിയിലാണ് ഇക്കാര്യങ്ങള്‍ പുറത്തുവന്നത്.

സ്വാശ്രയ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ഏക പ്രൈവറ്റ് കോളജാണ് ലോ അക്കാദമി. 2002ല്‍ സംസ്ഥാനത്ത് സ്വാശ്രയ കോളജുകള്‍ ആരംഭിച്ചപ്പോള്‍ ഈ പട്ടികയില്‍ ഇടംപിടിച്ച സ്ഥാപനങ്ങളില്‍ നിന്ന് ലോ അക്കാദമിയുടെ പ്രൈവറ്റ് എന്ന പദവി മാത്രമാണ് എടുത്തുകളയാതിരുന്നത്. ഈ ആനുകൂല്യത്തില്‍ എല്ലാ സ്വാശ്രയ സ്ഥാപനങ്ങളിലും വിദ്യാര്‍ഥി പ്രവേശനം 50:50 എന്ന അനുപാതത്തില്‍ ആയിരിക്കണമെന്ന ചട്ടം ലോ അക്കാദമി പാലിക്കാറില്ല. ഫീസ്ഘടനയും കോളജ് മാനേജ്‌മെന്റാണ് തീരുമാനിക്കുന്നത്. സംസ്ഥാനത്തെ എന്‍ജിനീയറിംഗ് ഉള്‍പ്പെടെയുള്ള ഒരു സ്വാശ്രയകോളജിനും പ്രൈവറ്റ് പദവി ലഭിച്ചിട്ടില്ലെന്നിരിക്കെ ലോ അക്കാദമിക്കു മാത്രം ഇതെങ്ങനെ കൈവന്നുവെന്നത് ദുരൂഹമാണ്.
സമരം ഒത്തുതീര്‍പ്പാക്കുന്നതിന് വിദ്യാഭ്യാസമന്ത്രി വിദ്യാര്‍ഥി നേതാക്കളുമായി ചര്‍ച്ച നടത്തിയിരുന്നെങ്കിലും വിജയിച്ചില്ല. വിദ്യാര്‍ഥികളുടെ ആവശ്യങ്ങള്‍ അംഗീകരിക്കാമെന്നു സമ്മതിച്ച മന്ത്രി പ്രിന്‍സിപ്പലിന്റെ രാജി ആവശ്യത്തില്‍ നിന്ന് പിന്‍വാങ്ങണമെന്നാവശ്യപ്പെട്ടതോടെയാണ് ചര്‍ച്ച പരാജയപ്പെട്ടത്. പ്രിന്‍സിപ്പല്‍ രാജിവെക്കാതെ പിന്മാറില്ലെന്നാണ് സംഘടനകളുടെ നിലപാട്.

സ്ഥാപനം സര്‍ക്കാര്‍ ഏറ്റെടുക്കണമെന്നും സമരക്കാര്‍ ആവശ്യപ്പെടുന്നു. ഒരു സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനത്തിന്റെ മേധാവിയെ നീക്കം ചെയ്യാന്‍ നിയമപരമായി പ്രയാസമുണ്ടെന്നാണ് സര്‍ക്കാര്‍ വൃത്തങ്ങള്‍ ചൂണ്ടിക്കാട്ടുന്നത്. പ്രിന്‍സിപ്പലിനെ മാറ്റിനിര്‍ത്തുന്ന ഒരു ഒത്തുതീര്‍പ്പും അംഗീകരിക്കില്ലെന്ന് കോളജ് ഭരണ സമിതിയും വ്യക്തമാക്കിയിട്ടുണ്ട്. നീതിക്കും ന്യായത്തിനും കാവലാളായി വര്‍ത്തിക്കേണ്ട അഭിഭാഷകരെ വാര്‍ത്തെടുക്കുന്ന ഒരു സ്ഥാപനത്തില്‍ നിയമലംഘനവും വിദ്യാര്‍ഥി പീഡനവും ജാതിവിവേചനവും നടക്കുന്നുവെന്നത് ഗൗരവത്തോടെ കാണേണ്ടതുണ്ട്. വിദ്യാര്‍ഥികളെ പിതൃതുല്യം സ്‌നേഹിക്കുകയും ജാതി, സമുദായ ഭേദമന്യേ ഒരേ കണ്ണോടെ കാണുകയും ചെയ്യുന്നവരായിരിക്കണം വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ അധ്യാപകര്‍. അതിനുള്ള മാനസിക വിശാലതയില്ലാത്തര്‍ അധ്യാപക പദവിയിലിരിക്കാന്‍ അര്‍ഹരല്ല.