Connect with us

Ongoing News

ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പര ഇന്ത്യക്ക്

Published

|

Last Updated

കട്ടക്ക്: യുവരാജ് സിംഗും മുന്‍ നായകന്‍ മഹേന്ദ്ര സിംഗ് ധോണിയും അവസരോചിത ഇന്നിംഗ്‌സുമായി കളം നിറഞ്ഞപ്പോള്‍ ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പര ഇന്ത്യക്ക് സ്വന്തം. രണ്ടാം ഏകദിനത്തില്‍ വിരാട് കോഹ്ലിയുടെ സംഘം പതിനഞ്ച് റണ്‍സിന് സന്ദര്‍ശകരുടെ പോരാട്ടവീര്യത്തെ മറികടന്നു. മൂന്ന് മത്സര പരമ്പരയില്‍ 2-0ന് മേധാവിത്വം സ്ഥാപിച്ച ഇന്ത്യക്ക് പരമ്പര തൂത്തുവാരുക എന്ന ദൗത്യമാണ് ഇനി ശേഷിക്കുന്നത്.

സ്‌കോര്‍ : ഇന്ത്യ 381/6 (50), ഇംഗ്ലണ്ട് 366/8 (50).
യുവരാജ് സിംഗാണ് മാന്‍ ഓഫ് ദ മാച്ച്.

ടോസ് ഇംഗ്ലണ്ടിനായിരുന്നു. ആദ്യം ബാറ്റെടുത്ത ഇന്ത്യയെ 25/3 എന്ന നിലയിലാക്കി ഇംഗ്ലണ്ട് ടോസ് തീരുമാനം ശരിവെച്ചു. പക്ഷേ, യുവരാജ് സിംഗും ധോണിയും സെഞ്ച്വറി പ്രകടനം കാഴ്ചവെച്ചതോടെ സകല പ്ലാനും പാളി. 127 പന്തില്‍ 150 റണ്‍സെടുത്താണ് യുവി മടങ്ങിയത്. ധോണി 122 പന്തില്‍ 134ഉം. യുവി 21 ഫോറും മൂന്ന് സിക്‌സറും പറത്തിയപ്പോല്‍ ധോണി പത്ത് ഫോറും ആറ് സിക്‌സറും നേടി.
രാഹുല്‍(5), ധവാന്‍ (11), കോഹ്ലി (8), കേദാര്‍ (22) എന്നിവരാണ് പുറത്തായ മറ്റ് താരങ്ങള്‍. ഹര്‍ദിക് പാണ്ഡ്യ(19)യും രവീന്ദ്ര ജഡേജ (16)യും നോട്ടൗട്ട്. പതിനാറ് എക്‌സട്രാസും ഇന്ത്യക്ക് ലഭിച്ചു. നാല് വിക്കറ്റെടുത്ത ക്രിസ് വോക്‌സാണ് ഇംഗ്ലണ്ട് നിരയില്‍ തിളങ്ങിയത്.
ഇംഗ്ലണ്ടിനായി ക്യാപ്റ്റന്‍ ഒയിന്‍ മോര്‍ഗന്‍ (102) സെഞ്ച്വറി നേടിയപ്പോള്‍ ഓപണര്‍ ജാസന്‍ റോയ് 82 റണ്‍സെടുത്തു. ജോ റൂട്ട് (54), മൊഈന്‍ അലി (55) അര്‍ധസെഞ്ച്വറി നേടി.
അവസാന മൂന്ന് പന്തില്‍ പതിനെട്ട് റണ്‍സായിരുന്നു വിജയലക്ഷ്യം. പുറത്താകാതെ പൊരുതിയ പ്ലങ്കറ്റിനും വില്ലിക്കും ടീമിനെ ലക്ഷ്യത്തിലെത്തിക്കാന്‍ സാധിച്ചില്ല. അശ്വിന്‍ മൂന്ന് വിക്കറ്റെടുത്തു. ബുമ്‌റക്ക് രണ്ട് വിക്കറ്റ്. ഭുവനേശ്വറിനും ജഡേജക്കും ഓരോ വിക്കറ്റ്.