Connect with us

National

രാജ്യത്തിന്റെ പരമാധികാരത്തെ ചൈന മാനിക്കണമെന്ന് ഇന്ത്യ

Published

|

Last Updated

ന്യൂഡല്‍ഹി: വിവിധ വിഷയങ്ങളിലെ ഇടപെടല്‍ കാരണം ഉഭയകക്ഷി ബന്ധം വഷളായിക്കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ ചൈനക്ക് മുന്നറിയിപ്പുമായി ഇന്ത്യ. ചൈനീസ് സര്‍ക്കാറിന്റെ അനാവശ്യ സൈനിക ഇടപെടല്‍ ഇന്ത്യക്ക് സുരക്ഷാ ഭീഷണി ഉയര്‍ത്തുന്നതായും ഇക്കാര്യത്തില്‍ നിയന്ത്രണം പാലിക്കണമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി ചൈനയോട് ആവശ്യപ്പെട്ടു.
65 രാജ്യങ്ങളില്‍ നിന്നുള്ള പ്രതിനിധികളുടെ പങ്കാളിത്തത്തോടെ ഡല്‍ഹിയില്‍ നടക്കുന്ന സുരക്ഷാ ഉച്ചകോടിയില്‍ സംസാരിക്കുന്നതിനിടെയാണ് ചൈനയുടെ പേരെടുത്ത് പരാമര്‍ശിക്കാതെ പ്രധാനമന്ത്രി മുന്നറിയിപ്പ് നല്‍കിയത്. ഇന്ത്യയുടെ പരമാധികാരത്തെ ചൈന മാനിക്കണമെന്ന് വിദേശകാര്യ സെക്രട്ടറി ജയശങ്കറും ആവശ്യപ്പെട്ടു. സ്വന്തം ഭൂപ്രദേശങ്ങളെ കുറിച്ച് ചൈന അതീവ ശ്രദ്ധാലുവാണ്. അതുപോലെ ഇന്ത്യയുടെ ഭൂപ്രദേശങ്ങളുടെ പരമാധികാരത്തെ മാനിക്കാനും ചൈന തയ്യാറാകണമെന്നും ജയശങ്കര്‍ ആവശ്യപ്പെട്ടു.

മേഖലയില്‍ സൈനികമായി മേധാവിത്വം കൈയടക്കാനുള്ള മോഹവും ഇന്ത്യയോടുള്ള കടുത്ത വൈരാഗ്യബുദ്ധിയുമാണ് ചൈനീസ് ഇടപെടലുകള്‍ക്ക് പിന്നിലുള്ള യഥാര്‍ഥ കാരണമെന്ന് മോദി ചൂണ്ടിക്കാട്ടി. സൈനിക കരുത്ത്, വിഭവങ്ങള്‍, സമ്പത്ത് എന്നിവയില്‍ കാര്യമായ വര്‍ധനയുണ്ടായത് ഏഷ്യ- പസഫിക് മേഖലയിലെ സുരക്ഷാ സ്ഥിതിഗതികള്‍ ഗൗരവകരമായ വിഷയമാക്കി മാറ്റിയിട്ടുണ്ടെന്ന് അഭിപ്രായപ്പെട്ട മോദി, അയല്‍ രാജ്യങ്ങള്‍ തമ്മിലുള്ള സ്വരവ്യത്യാസങ്ങള്‍ സ്വാഭാവികമാണെങ്കിലും ഇതിനെ ആരോഗ്യകരമായ നടപടികളിലൂടെ മുന്നോട്ടുകൊണ്ടുപോകലാണ് മാന്യതയെന്നും വ്യക്തമാക്കി.

ഏഷ്യന്‍ മേഖലയിലെ ചൈനയുടെ അനാവശ്യ സൈനിക ഇടപെടലുകളെ നിയന്ത്രിക്കുമെന്ന് പരസ്യമായി പ്രഖ്യാപിച്ച നിയുക്ത അമേരിക്കന്‍ പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപ് അധികാരമേല്‍ക്കാന്‍ മണിക്കൂറുകള്‍ മാത്രം ബാക്കി നില്‍ക്കെയാണ് ഇന്ത്യയുടെ മുന്നറിയിപ്പെന്നത് ശ്രദ്ധേയമാണ്. മേഖലയിലെ ചൈനയുടെ അനാവശ്യ സൈനിക ഇടപെടലുകള്‍ നിയന്ത്രിക്കണമെന്ന കാര്യത്തില്‍ യു എസിനും ഇന്ത്യക്കും സമാന നിലപാടാണുള്ളത്. ഈ സാഹചര്യത്തില്‍ പുതിയ നീക്കത്തിലൂടെ അമേരിക്കയുമായി ചേര്‍ന്ന് ഇന്ത്യ ചൈനക്കെതിരെ രൂപപ്പെടുത്താനിരിക്കുന്ന പുതിയൊരു സൈനിക അച്ചുതണ്ടിന്റെ സൂചനകള്‍ വ്യക്തമാണെന്നാണ് വിദേശകാര്യ വിദഗ്ധരുടെ പക്ഷം. തര്‍ക്ക പ്രദേശമായ ദക്ഷിണ ചൈനാ കടലിലെ ദ്വീപുകള്‍ സ്വന്തമാക്കാനുള്ള ചൈനയുടെ ശ്രമങ്ങള്‍ അവസാനിപ്പിക്കണമെന്ന് യു എസ് സ്റ്റേറ്റ് സെക്രട്ടറിയാകാനിരിക്കുന്ന എക്‌സോണ്‍ മൊബില്‍ പെട്രോളിയം കമ്പനിയുടെ തലവന്‍ റെക്‌സ് ടില്ലേഴ്‌സണും ആവശ്യപ്പെട്ടിരുന്നു.

അതേസമയം, ഇന്ത്യയുടെ വളര്‍ച്ചയും വികസനവും ചൈന ഭീഷണിയായോ വെല്ലുവിളിയായോ കാണേണ്ടതില്ലെന്നും വിദേശകാര്യ സെക്രട്ടറി പറഞ്ഞു. രാജ്യാന്തര സുരക്ഷ ഉച്ചകോടിയില്‍ ചൈന- പാക്കിസ്ഥാന്‍ സാമ്പത്തിക ഇടനാഴിയെകുറിച്ച് സംസാരിക്കുമ്പോഴായിരുന്ന അദ്ദേഹത്തിന്റെ പരാമര്‍ശം. എന്‍ എസ് ജി അംഗത്വം, അരുണാചല്‍ പ്രദേശിലെ അതിര്‍ത്തി കൈയേറ്റം, പാക് ഭീകരന്‍ മസ്ഊദ് അസ്ഹര്‍ തുടങ്ങിയ വിഷയങ്ങളില്‍ ഇന്ത്യയും ചൈനയും അഭിപ്രായ ഭിന്നതകള്‍ നിലനില്‍ക്കുന്നതിനിടെ വിദേശകാര്യ സെക്രട്ടറിയുടെ പരാമര്‍ശം ഏറെ പ്രസക്തമാണ്.

ബ്യൂറോ ചീഫ്, തിരുവനന്തപുരം

Latest