റഷ്യയുമായി അടുക്കുന്നത് ആണവായുധം കുറക്കാനെന്ന് ട്രംപ്

Posted on: January 17, 2017 8:12 am | Last updated: January 16, 2017 at 11:13 pm

വാഷിംഗ്ടണ്‍: ആണവായുധങ്ങള്‍ കുറക്കുന്നതിന് വേണ്ടിയാണ് റഷ്യയുമായി ബന്ധം സ്ഥാപിക്കുന്നതെന്ന് നിയുക്ത യു എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. തിരഞ്ഞെടുപ്പ് ഹാക്ക് ചെയ്തതുമായി ബന്ധപ്പെട്ട് റഷ്യക്ക് ഒബാമ ഭരണകൂടം ഏര്‍പ്പെടുത്തിയ ഉപരോധം എടുത്തുകളയുന്നത് ഇരുരാജ്യങ്ങള്‍ക്കുമിടയിലെ ആണവായുധങ്ങളുടെ അളവ് കുറക്കുന്നതിന് വേണ്ടിയാണെന്ന് ടൈംസ് ഓഫ് ലണ്ടന് നല്‍കിയ അഭിമുഖത്തില്‍ അദ്ദേഹം വ്യക്തമാക്കി. ഇപ്പോള്‍ നിലവിലില്ലാത്ത യു എസ് എസ് ആറിനെ ആക്രമിക്കാന്‍ രൂപം കൊണ്ട നാറ്റോ സൈനിക സംഘം കാലഹരണപ്പെട്ടെന്നും ട്രംപ് വ്യക്തമാക്കി. കാലങ്ങളായുള്ള വൈരം മറന്ന് റഷ്യയുമായി ബന്ധം സ്ഥാപിക്കുമെന്ന് തിരഞ്ഞെടുപ്പ് പ്രചാരണ കാലം തൊട്ടേ ആവര്‍ത്തിച്ച ട്രംപ് ഇതാദ്യമായാണ് ആണവായുധങ്ങള്‍ കുറക്കുന്നതിന് വേണ്ടിയെന്ന ന്യായീകരണം ഉന്നയിക്കുന്നത്.

റഷ്യക്കെതിരായ യു എസ് സമീപനം സൗഹൃദപരമാകുന്നതിനെതിരെ അമേരിക്കന്‍ ജനങ്ങളുടെ പൊതുവികാരം രൂപപ്പെട്ടുക്കൊണ്ടിരിക്കെയാണ് ട്രംപിന്റെ പ്രസ്താവന. കഴിഞ്ഞ 23ന് ആണവായുധങ്ങളുടെ ശേഷി വര്‍ധിപ്പിക്കുമെന്ന് വ്യക്തമാക്കിയ ട്രംപ് രണ്ടാഴ്ചക്കിടെ നിറം മാറുന്നതിന്റെ പിന്നിലെ ദുരൂഹത ഡെമോക്രാറ്റിക്കുകളും ട്രംപ് വിരോധികളും ചൂണ്ടിക്കാണിക്കുന്നു.
സിറിയന്‍ വിഷയത്തിലെ റഷ്യന്‍ ഇടപെടലിനെ ട്രംപ് വിമര്‍ശിച്ചു. മനുഷ്യത്വരഹിതമായ ആക്രമണങ്ങളാണ് സിറിയയില്‍ നടക്കുന്നതെന്നും അവിടുത്തെ ഇടപെടല്‍ വളരെ മോശമാണെന്നും അദ്ദേഹം വ്യക്തമാക്കി.
അതിനിടെ, ആണവായുധങ്ങളുടെ നിര്‍മാണം പരസ്പരം കുറക്കണമെന്ന ട്രംപിന്റെ പ്രസ്താവനയോട് വ്യത്യസ്തമായ പ്രതികരണമാണ് റഷ്യയില്‍ നിന്നുണ്ടായത്. ആണവായുധം കുറച്ചത് കൊണ്ട് കാര്യമില്ലെന്ന് റഷ്യന്‍ പാര്‍ലിമെന്റ് മേധാവി കോസ്റ്റനിന്‍ കൊസാചേവ് വ്യക്തമാക്കി. എന്നാല്‍
ഈ വക കാര്യങ്ങള്‍ അമേരിക്കയുമായി ചര്‍ച്ച ചെയ്യുമെന്ന് റഷ്യന്‍ സെനറ്റര്‍ ഓലേഗ് മൊറോസോവ് വ്യക്തമാക്കി.

ട്രംപുമായി അടുത്ത ബന്ധം പുലര്‍ത്തുന്ന റഷ്യയുമായി സമീപ ഭാവിയില്‍ മികച്ച നയതന്ത്ര ബന്ധം പുലര്‍ത്താനാണ് അമേരിക്കയുടെ പുതിയ ഭരണകൂടം ആസൂത്രണം ചെയ്യുന്നത്. സൈനിക, സാമ്പത്തിക, വാണിജ്യ മേഖലകളില്‍ സൗഹൃദം പുലര്‍ത്താന്‍ പദ്ധതികള്‍ രൂപപ്പെട്ടുകൊണ്ടിരിക്കുകയാണ്. ഇസ്‌റാഈല്‍, സിറിയ വിഷയങ്ങളില്‍ ഇരുരാജ്യങ്ങളും ഒരേ താത്പര്യത്തോടെ നീങ്ങാനുള്ള സാധ്യതകളും നിലനില്‍ക്കുന്നുണ്ട്. ഒബാമ പ്രഖ്യാപിച്ച റഷ്യക്കെതിരായ ഉപരോധങ്ങള്‍ ഓരോന്നും എടുത്തുനീക്കുമെന്ന ട്രംപിന്റെ പ്രസ്താവനയും ഉപരോധങ്ങള്‍ക്ക് മറുപടി പറയേണ്ടതില്ലെന്നും അമേരിക്കന്‍ നയതന്ത്രജ്ഞരെ പുറത്താക്കേണ്ടതില്ലെന്നുമുള്ള റഷ്യയുടെ നിലപാടും ഇരുശക്തികളുടെയും ഐക്യപ്പെടലിന്റെ സൂചന നല്‍കുന്നുണ്ട്.