Connect with us

Kerala

കേരള അഡ്മിനിസ്‌ട്രേറ്റീവ് സര്‍വീസ്: പിന്നോട്ടില്ലെന്ന് സര്‍ക്കാര്‍

Published

|

Last Updated

തിരുവനന്തപുരം: കേരള അഡ്മിനിസ്‌ട്രേറ്റീവ് സര്‍വീസ് (കെ എ എസ്) രൂപവത്കരിക്കാനുള്ള തീരുമാനത്തില്‍ നിന്ന് പിന്നാക്കം പോകില്ലെന്ന് സര്‍ക്കാര്‍. പ്രകടനപത്രികയില്‍ ജനങ്ങള്‍ക്ക് നല്‍കിയ വാഗ്ദാനം നിറവേറ്റുന്നതിന്റെ ഭാഗമാണ് കെ എ എസ് എന്നും ജനങ്ങളാണ് യജമാനന്‍മാര്‍ എന്ന ധാരണയോടെ സിവില്‍ സര്‍വീസിനെ കാണുന്ന സര്‍ക്കാര്‍ നയത്തോട് സഹകരിക്കാന്‍ ജീവനക്കാരും തയ്യാറാകുമെന്ന് പ്രതീക്ഷിക്കുന്നതായും മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യക്തമാക്കി. സെക്രട്ടേറിയറ്റ് ജീവനക്കാര്‍ കെ എ എസിനെ സമരം പ്രഖ്യാപിച്ച സാഹചര്യത്തിലാണ് സര്‍ക്കാര്‍ നിലപാട് വ്യക്തമാക്കിയത്.
ആധുനിക സാങ്കേതിക വിദ്യയുടെ അടിസ്ഥാനത്തില്‍ ഭരണ നിര്‍വഹണത്തിന് അനുസൃതമായ ഒരു പുതിയ തലമുറ സര്‍ക്കാര്‍ സേവനത്തിന് ലഭ്യമാക്കാന്‍ ലക്ഷ്യമിട്ടാണ് കെ എ എസ് വരുന്നത്. നിലവില്‍ രണ്ടാംനിരയായി പ്രവര്‍ത്തിക്കുന്നതിന് പ്രൊഫഷനലുകളുടെ അഭാവവും പ്രവൃത്തി മേഖലയിലെ പരിചയക്കുറവും പ്രയാസങ്ങള്‍ സൃഷ്ടിക്കുന്നുണ്ട്. വികസന വകുപ്പുകളില്‍ പദ്ധതികള്‍ തയ്യാറാക്കുന്നതിനും അവ നടപ്പാക്കുന്നതിനും പോരായ്മകള്‍ പരിഹരിക്കാന്‍ പുതിയ തലമുറയുടെ സേവനം പ്രയോജനപ്പെടുത്താനാണ് ഉദ്ദേശം. ഇതിന് ഉതകുംവിധം ഈ സര്‍വീസിലേക്ക് പ്രവേശിക്കുന്നതിനു മുമ്പ് ആ ഉദ്യോഗസ്ഥര്‍ക്ക് ആവശ്യമായ പരിശീലനവും പ്രായോഗിക പരിജ്ഞാനവും ലഭ്യമാക്കും. അത്തരം നിയമന രീതിയാണ് ആവിഷ്‌കരിക്കുക.
നിശ്ചിത വകുപ്പുകളിലെ രണ്ടാം ഗസറ്റഡ് തസ്തികയിലെ 10 ശതമാനം ജീവനക്കാരുടെ എണ്ണത്തിന്റെ അടിസ്ഥാനത്തിലാണ് ഈ സര്‍വീസിലെ ആകെ എണ്ണം നിശ്ചയിക്കുക. ഇത് കണ്ടെത്താന്‍ ഉദ്യോഗസ്ഥ ഭരണപരിഷ്‌കാര വകുപ്പിനെ ചുമതലപ്പെടുത്തി. ഇപ്പോള്‍ നിശ്ചയിച്ചിട്ടുള്ളതിനു പുറമെ, ഏതൊക്കെ വകുപ്പുകളാണെന്നും അവയില്‍ എത്ര തസ്തികകളാണ് ഉള്‍പ്പെടുത്തേണ്ടത് എന്നും നിശ്ചയിച്ചിട്ടുള്ള കമ്മിറ്റി പരിശോധിച്ച് അന്തിമ ശിപാര്‍ശ നല്‍കും.
സെക്രട്ടറിയേറ്റിലെ രണ്ടാം ഗസറ്റഡ് പോസ്റ്റായ അണ്ടര്‍ സെക്രട്ടറി പോസ്റ്റിന്റെ 10 ശതമാനമാണ് കെ എ എസ് ലേക്ക് മാറ്റിവെക്കുക. ഇത് ഏകദേശം 15 എണ്ണം വരും. അതുതന്നെ മൂന്ന് ഘട്ടങ്ങളിലായാണ് വരിക. സെക്രട്ടറിയേറ്റ് ഇതര സര്‍വീസുകളില്‍ നിന്നുള്ള തസ്തികകളും കേരള സിവില്‍ സര്‍വീസില്‍ ഉള്‍പ്പെടും. ഇവയിലേക്കും സെക്രട്ടറിയേറ്റ് ജീവനക്കാര്‍ക്ക് ഉള്‍പ്പെടെ കടന്ന് വരാനുള്ള അവസരമൊരുങ്ങും. ചില പോസ്റ്റുകള്‍ ഇല്ലാതാകുമ്പോള്‍ മറ്റ് മേഖലയില്‍ നിന്ന് വരുന്ന പോസ്റ്റുകളിലേക്ക് സെക്രട്ടറിയേറ്റ് ജീവനക്കാര്‍ക്ക് എത്തിച്ചേരാനുള്ള സാഹചര്യമുണ്ടാകും. സെക്രട്ടറിയേറ്റിലെ ജീവനക്കാര്‍ക്ക് ഐ എ എസ് പോസ്റ്റുകളിലേക്ക് എത്തുന്നതിനുള്ള സാധ്യതകള്‍ തുറക്കും.
ഐ എ എസ് തസ്തികകളിലേക്ക് പ്രൊമോഷന്‍ വഴി നികത്തപ്പെടാവുന്ന ഒഴിവുകളില്‍ ഇപ്പോള്‍ കേരള സിവില്‍ സര്‍വീസില്‍ ഡെപ്യൂട്ടി കലക്ടര്‍മാര്‍ മാത്രമേ ഉള്‍പ്പെടുന്നുള്ളൂ. കേരള അഡ്മിനിസ്‌ട്രേറ്റീവ് സര്‍വീസ് നിലവില്‍ വരുന്നതോടെ കെ എ എസ് ആകും കേരള സ്റ്റേറ്റ് സിവില്‍ സര്‍വീസ്. ഐ എ എസിലേക്കുള്ള മൂന്നില്‍ രണ്ട് ഭാഗം പ്രമോഷന്‍ വഴി നികത്താവുന്ന ഒഴിവുകള്‍ കെ എ എസില്‍ നിന്നാകും. നിലവില്‍ സെക്രട്ടേറിയറ്റ് ജീവനക്കാര്‍ക്ക് മൂന്നില്‍ ഒരു ഭാഗം ഒഴിവുകളില്‍ മാത്രമാണ് ഐ എ എസിലേക്ക് പരിഗണിക്കപ്പെടുന്നത്. ഇതിന് പുറമെ സംഘടനകള്‍ക്ക് പൊതുവായുള്ള പ്രശ്‌നങ്ങള്‍ ഉന്നയിക്കുന്നതിനും ഇപ്പോള്‍ രൂപവത്കരിച്ചിട്ടുള്ള കമ്മിറ്റിയെ സമീപിക്കാവുന്നതാണ്. നിലവിലുള്ള വ്യവസ്ഥകള്‍ പ്രകാരം തന്നെ ഈ സര്‍വീസ് ചട്ടങ്ങള്‍ രൂപം നല്‍കുന്നതിനു മുമ്പ് സര്‍വീസ് സംഘടനകളുമായുള്ള ചര്‍ച്ചകള്‍ ഉണ്ടാവും. പൂര്‍ണമായും പബ്ലിക് സര്‍വീസ് കമ്മീഷന്‍ വഴി നിയമനം നടത്തുന്ന പൊതുമേഖലാ സ്ഥാപനങ്ങളില്‍ സമാന തസ്തികകളില്‍ ജോലി നോക്കുന്നവരെ മാത്രമാണ് ഇതിലേക്ക് പരിഗണിക്കുക.

Latest