Connect with us

National

ഗാന്ധിജിയെ വെട്ടി ഖാദി കലണ്ടറിലും മോദി

Published

|

Last Updated

ന്യൂഡല്‍ഹി: ഖാദി കമ്മീഷന്റെ ഈ വര്‍ഷത്തെ കലണ്ടറിലും ഡയറിയിലും മഹാത്മാ ഗാന്ധിയുടെ ചിത്രം മാറ്റി പകരം പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചിത്രം വെച്ച് അച്ചടിച്ച സംഭവം വിവാദമാകുന്നു. ഖാദി ആന്‍ഡ് വില്ലേജ് ഇന്‍ഡസ്ട്രീസ് കമ്മീഷന്റെ (കെ വി ഐ സി) 2017ലെ ഡയറിയിലും കലണ്ടറിലുമാണ് രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധിയുടെ ചിത്രത്തിനു പകരം നരേന്ദ്ര മോദിയുടെ ചിത്രം ഉപയോഗിച്ചത്. നാളിതുവരെ വലിയ ചര്‍ക്കയില്‍ ഗാന്ധിജി നൂല്‍നൂല്‍ക്കുന്ന ചിത്രമാണുണ്ടായിരുന്നത്.
ഗാന്ധിയുടെ ചിത്രത്തിന് പകരം മോദിയുടെ ചിത്രം പതിച്ചതിനെതിരെ ഒരു വിഭാഗം ഖാദി ജീവനക്കാര്‍ പ്രതിഷേധവുമായി രംഗത്തെത്തി. ഖാദി ആസ്ഥാനത്ത് തൊഴിലാളികള്‍ കറുത്ത തുണികൊണ്ട് വായ്മൂടിക്കെട്ടി പ്രതിഷേധിച്ചു. അതേസമയം, മോദിയുടെ ചിത്രം പതിപ്പിച്ച നടപടിയില്‍ തെറ്റായി ഒന്നുമില്ലെന്ന് കെ വി ഐ സി ചെയര്‍മാന്‍ പ്രതികരിച്ചു. ഖാദി മേഖല പൂര്‍ണമായും ഗാന്ധിജിയുടെ തത്വശാസ്ത്രത്തിലാണെന്നും ഗാന്ധിയാണ് കെ വി ഐ സിയുടെ ആത്മാവെന്നും പറഞ്ഞ അദ്ദേഹം, മോദിയാണ് ഖാദിയുടെ വലിയ അംബാസിഡറെന്നും കൂട്ടിച്ചേര്‍ത്തു.
ഇതിനെതിരെ ഗാന്ധിജിയുടെ ചെറുമകന്‍ തുഷാര്‍ ഗാന്ധി രംഗത്തെത്തി. ഗാന്ധിജിയുടെ ചര്‍ക്ക സാധാരണക്കാര്‍ക്ക് വരുമാനം നേടിക്കൊടുത്തതായിരുന്നുവെന്നും മോദിയുടേത് പ്രതിച്ഛായാ നിര്‍മിതിയാണെന്നും തുഷാര്‍ ഗാന്ധി കുറ്റപ്പെടുത്തി.

Latest