Connect with us

National

നോട്ട് പ്രതിസന്ധി: പ്രധാനമന്ത്രിയെ വിളിച്ചുവരുത്തി വിശദീകരണം തേടാന്‍ ആലോചന

Published

|

Last Updated

ന്യൂഡല്‍ഹി: നോട്ട് നിരോധനവുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രിയെ വിളിച്ചുവരുത്തി വിശദീകരണം തേടാന്‍ പാര്‍ലിമെന്ററി സമിതി ആലോചിക്കുന്നു. പാര്‍ലിമെന്ററി സമിതി അധ്യക്ഷന്‍ കെ വി തോമസാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഇതുസംബന്ധിച്ച് റിസര്‍വ് ബേങ്ക് ഗവര്‍ണര്‍ ഊര്‍ജിത് പട്ടേലും ധനമന്ത്രാലയ ഉദ്യോഗസ്ഥരും നല്‍കുന്ന വിശദീകരണം തൃപ്തികരമല്ലെങ്കിലാണ് പാര്‍ലിമെന്ററി സമിതി പ്രധാനമന്ത്രിയെ വിളിച്ചുവരുത്തുക. നിലവില്‍ ആര്‍ ബി ഐ ഗവര്‍ണര്‍ ഊര്‍ജിത് പട്ടേല്‍, സാമ്പത്തിക സെക്രട്ടറി അശോക് ലവാസ, സാമ്പത്തികകാര്യ സെക്രട്ടറി ശക്തികാന്ത ദാസ് എന്നിവര്‍ ഈ മാസം ഇരുപതിന് പാര്‍ലിമെന്റ് പബ്ലിക് അക്കൗണ്ട് കമ്മിറ്റിക്ക് മുന്നില്‍ വിശദീകരണം നല്‍കും.

വിഷയവുമായി ബന്ധപ്പെട്ട് ആരെ വിളിച്ചുവരുത്താനും പാര്‍ലിമെന്ററി സമിതിക്ക് അധികാരമുണ്ടെങ്കിലും ഇരുപതിന് ചേരുന്ന യോഗത്തിന്റെ അടിസ്ഥാനത്തിലായിരിക്കും തീരുമാനത്തിലേക്ക് കടക്കുക. യോഗത്തില്‍ കമ്മിറ്റി അംഗങ്ങളുടെ ഏകകണ്ഠമായ തീരുമാനമുണ്ടായാല്‍ പ്രധാനമന്ത്രി സമിതിക്ക് മുന്നില്‍ ഹാജരാകേണ്ടി വരും. നോട്ട് നിരോധനവുമായി ബന്ധപ്പെട്ട് ആര്‍ ബി ഐ ഗവര്‍ണറും ധനമന്ത്രാലയ ഉദ്യോഗസ്ഥരും നല്‍കുന്ന വിശദീകരണം യോഗത്തില്‍ ചര്‍ച്ച ചെയ്യുമെന്ന് കെ വി തോമസ് എം പി വ്യക്തമാക്കി.
നോട്ട് നിരോധനത്തെ തുടര്‍ന്ന് പി എ സി കമ്മിറ്റി പ്രധാനമന്ത്രിയുമായി നടത്തിയ കൂടിക്കാഴ്ചയില്‍ അമ്പത് ദിവസത്തിനകം പ്രശ്‌നങ്ങള്‍ക്ക് പരിഹാരമുണ്ടാകുമെന്ന് ഉറപ്പ് നല്‍കിയിരുന്നുവെങ്കിലും ഇതുവരെ പ്രശ്‌നങ്ങള്‍ പൂര്‍ണമായി പരിഹരിച്ചിട്ടില്ല. ഈ പശ്ചാത്തലത്തിലാണ് നടപടിയുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥരെ വിളിച്ചുവരുത്തി വിശദീകരണം തേടാന്‍ തീരുമാനിച്ചത്. നാട്ട് നിരോധനത്തിന്റെ കാരണമായി ഉയര്‍ത്തിക്കാട്ടിയ കള്ളപ്പണ വേട്ടയില്‍ നിന്ന് കറന്‍സി രഹിത സംവിധാനത്തിലേക്കും ഡിജിറ്റല്‍ ഇടപാടുകളിലേക്കും ചുവടുമാറ്റിയ പ്രധാനമന്ത്രി ഇതിനുള്ള സാഹചര്യം രാജ്യത്ത് ഒരുക്കിയിട്ടുണ്ടോയെന്ന് ചോദിച്ച കെ വി തോമസ്, കോള്‍ ഡ്രോപ്പ് പ്രശ്‌ന2ങ്ങള്‍ ഉള്‍പ്പെടെ നല്ല രീതിയിലുള്ള ടെലികോം സംവിധാനങ്ങള്‍ പോലുമില്ലാത്ത രാജ്യത്ത് സുരക്ഷിതമായി ഇ- ട്രാന്‍സാക്ഷന്‍ നടത്താന്‍ കഴിയുന്നതെങ്ങനെയെന്ന് വ്യക്തമാക്കണമെന്നും ആവശ്യപ്പെട്ടു. നോട്ട് നിരോധന തീരുമാനമെടുത്ത രീതി, ഇത് സമ്പദ് വ്യവസ്ഥയെ എങ്ങനെ ബാധിക്കും, ബേങ്കുകളില്‍ തിരികെയെത്തിയ അസാധു നോട്ടുകളുടെ മൂല്യം, ബേങ്കുകള്‍ക്ക് ലഭിച്ച കള്ളപ്പണം, പിന്‍വലിച്ച നോട്ടുകള്‍ക്ക് പകരം പുറത്തിറക്കിയ പുതിയ നോട്ടുകളുടെ മൂല്യം തുടങ്ങിയ കാര്യങ്ങള്‍ സമിതിക്കു മുന്നില്‍ ഹാജരായി വിശദീകരിക്കാനാണ് ആര്‍ ബി ഐ ഗവര്‍ണര്‍ക്ക് പി എ സി നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്.

ഇതോടൊപ്പം കേന്ദ്ര സര്‍ക്കാര്‍ വിഭാവനം ചെയ്യുന്ന കറന്‍സി രഹിത സമ്പദ് വ്യവസ്ഥയിലേക്ക് വളരാന്‍ രാജ്യം നിലവിലെ സാഹചര്യത്തില്‍ സജ്ജമാണോയെന്ന് വിശദീകരിക്കണമെന്നും ആര്‍ ബി ഐ ഗവര്‍ണര്‍ക്ക് നല്‍കിയ നോട്ടീസിലെ ചോദ്യാവലിയിലുണ്ട്.
അതേസമയം, ബി ജെ പി അംഗങ്ങള്‍ക്ക് ഭൂരിപക്ഷമുള്ള പി എ സി പ്രധാനമന്ത്രിയെ വിളിച്ചുവരുത്തുന്ന തരത്തിലുള്ള തീരുമാനമെടുക്കാന്‍ സാധ്യതയില്ലെന്നാണറിയുന്നത്.