സംസ്ഥാനതല ടെക്‌നിക്കല്‍ ഹൈസ്‌കൂള്‍ കായികമേള തുടങ്ങി

Posted on: January 6, 2017 2:47 pm | Last updated: January 6, 2017 at 2:47 pm

കൊടുങ്ങല്ലൂര്‍: 34ാമത് സംസ്ഥാനതല ടെക്‌നിക്കല്‍ ഹൈസ്‌കൂള്‍ കായികമേള തുടങ്ങി. മേള ഇന്നസെന്റ് എം പി ഉദ്ഘാടനം ചെയ്തു. അഡ്വ. വി ആര്‍ സുനില്‍ കുമാര്‍ എം—എല്‍—എ പതാക ഉയര്‍ത്തി. തുടര്‍ന്ന് നടന്ന മാര്‍ച്ച് പാസ്സിനെ അദ്ദേഹം അഭിവാദ്യം ചെയ്തു.
ധീരതക്കുള്ള അന്താരാഷ്ട്ര പുരസ്‌കാര ജേതാവ് ക്യാപ്റ്റന്‍ രാധിക മേനോന്‍ ദീപശിഖ കൊളുത്തി. മുനിസിപ്പല്‍ ചെയര്‍മാന്‍ സി സി വിപിന്‍ ചന്ദ്രന്‍ മുഖ്യപ്രഭാഷണം നടത്തി. സാങ്കേതിക വിദ്യാഭ്യാസ ജോയിന്റ് ഡയറക്ടര്‍ പ്രൊഫ. കെ—വിദ്യാസാഗര്‍, പി കെ സജീഷ് പ്രസംഗിച്ചു.
മേള നാളെ സമാപിക്കും. സമാപന സമ്മേളനം വ്യവസായ മന്ത്രി എ സി മൊയ്തീന്‍ ഉദ്ഘാടനം ചെയ്യും. കൃഷി മന്ത്രി വി എസ് സുനില്‍ കുമാര്‍ അധ്യക്ഷത വഹിക്കും.—

സംസ്ഥാനത്തെ 48 ടെക്‌നിക്കല്‍ ഹൈസ്‌കൂളുകളില്‍ നിന്നായി 765 താരങ്ങളാണ് കായിക മേളയില്‍ മാറ്റുരക്കുന്നത്. ഇന്നലെ അഞ്ചിനങ്ങളില്‍ മത്സരങ്ങള്‍ നടന്നു. സീനിയര്‍ ആണ്‍കുട്ടികളുടെ 400 മീറ്റര്‍ ഹര്‍ഡില്‍സില്‍ ഷൊര്‍ണൂര്‍ ഗവ. ടി എച്ച് എസിലെ കെ—ശ്യാം 1.08.05 സെക്കന്റില്‍ ജേതാവായി. മുതിര്‍ന്ന പെണ്‍കുട്ടികളുടെ ഷോട്പുട്ടില്‍ 6.74 മീറ്റര്‍ എറിഞ്ഞ് കുറ്റിപ്പുറം ഗവ.—ടി എച്ച് എസിലെ കെ നിഷാ ഫാത്വിമ ഒന്നാമതെത്തി.—

കഴിഞ്ഞ വര്‍ഷം ഷൊര്‍ണൂര്‍ ടെക്‌നിക്കല്‍ ഹൈസ്‌കൂളില്‍ നടന്ന മേളയില്‍ സുല്‍ത്താന്‍ ബത്തേരി ടെക്‌നിക്കല്‍ ഹൈസ്‌കൂളാണ് ചാമ്പ്യന്മാരായത്. നിലവിലെ ട്രാക്ക് റെക്കോര്‍ഡുകള്‍ ഭേദിക്കപ്പെടുമെന്ന പ്രതീക്ഷയിലാണ് സംഘാടകര്‍. വേഗമേറിയ താരത്തിനും വ്യക്തിഗതാ മികവിനും പ്രത്യേക പുരസ്‌കാരങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.—