Connect with us

Malappuram

ഒന്നായി മണ്ണിലിറങ്ങി; കൊയ്‌തെടുത്തത് അതിജീവനത്തിന്റെ നൂറുമേനി

Published

|

Last Updated

പെരിന്തല്‍മണ്ണ നഗരസഭ നെല്‍കൃഷി വിളവെടുപ്പ് നഗരസഭാധ്യക്ഷന്‍ എം മുഹമ്മദ് സലീം ഉദ്ഘാടനം ചെയ്യുന്നു

പെരിന്തല്‍മണ്ണ: തരിശുനിലങ്ങളില്‍ വിത്തുപാകി പെരിന്തല്‍മണ്ണ നഗരസഭ കൊയ്‌തെടുത്തത് നെല്‍കൃഷിയുടെ നൂറുമേനി. പെരിന്തല്‍മണ്ണ നഗരസഭാ കൗണ്‍സിലര്‍മാരുടെയും ജീവനക്കാരുടെയും നേതൃത്വത്തില്‍ നടത്തിയ നെല്‍ കൃഷിയുടെ കൊയ്ത്തുത്സവം കൂട്ടായ്മയുടെയും കഠിനാധ്വാനത്തിന്റെയും പുതുചരിത്രമായി. പെരിന്തല്‍മണ്ണ നഗരസഭ നടപ്പിലാക്കുന്ന ജീവനം പദ്ധതിയുടെ ഭാഗമായാണ് ബൈപാസിനോട് ചേര്‍ന്നുള്ള വയലി ല്‍ ജൈവ നെല്‍കൃഷി ആരംഭിച്ചത്. പതിനെട്ട് വര്‍ഷമായി തരിശായിക്കിടക്കുന്ന ഇരുപത് ഏക്കര്‍ വയലിലാണ് നെല്‍കൃഷി ചെയ്തത്.

കൃഷി വകുപ്പ് മന്ത്രി വി എസ് സുനില്‍ കുമാര്‍ ഞാറുനട്ടാണ് നെല്‍കൃഷിയുടെ ഉദ്ഘാടനം നിര്‍വഹിച്ചത്. കൗണ്‍സിലര്‍ കിഴിശ്ശേരി ബാപ്പുവിന്റെ നിരന്തരമായ പ്രവര്‍ത്തനവും കൃഷി ഓഫീസര്‍ മാരിയത്ത് കിബ്ത്തിയയുടെ നേതൃത്വത്തിലുള്ള കൃഷി വകുപ്പിന്റെ ശ്രദ്ധയും നെല്‍ കൃഷിയുടെ മികച്ച വിളവിന് കാരണമായി. നഗരസഭക്കും കൃഷിക്കും പിന്തുണ നല്‍കി വയലിന്റെ ഉടമകളും ഒരേ മനസ്സോടെ കൂടെ നിന്നു. ഉമ വിത്താണ് വിതച്ചത്. നഗരസഭയിലെ 500 ഹെക്ടര്‍ വരുന്ന തരിശുഭൂമികളിലും സമീപകാലത്തായി കൃഷി വ്യാപിപ്പിക്കുമെന്ന് നെല്‍കൃഷി വിളവെടുപ്പ് ഉദ്ഘാടനം ചെയ്ത നഗരസഭാധ്യക്ഷന്‍ എം മുഹമ്മദ് സലീം പറഞ്ഞു. പ്രതിപക്ഷ നേതാവ് താമരത്ത് ഉസ്മാന്‍ സംസാരിച്ചു. നഗരസഭാ ഉപാധ്യക്ഷ നിഷി അനില്‍ രാജ്, സ്ഥിരം സമിതി അധ്യക്ഷന്‍ മാരായ കെ സി മൊയ്തീന്‍ കുട്ടി, ആരിഫ് നേതൃത്വം നല്‍കി.

Latest