സുപ്രീംകോടതി വിധി: സംസ്ഥാനത്തെ പകുതിയോളം മദ്യശാലകള്‍ക്ക് കൂടി പൂട്ടുവീഴും

Posted on: December 30, 2016 2:45 pm | Last updated: December 31, 2016 at 9:05 am

തിരുവനന്തപുരം:സംസ്ഥാന-ദേശീയ പാതയോരത്തെ മദ്യവില്‍പ്പന നിരോധിച്ച സുപ്രീംകോടതി വിധിപ്രകാരം സംസ്ഥാനത്ത് നിലവില്‍ പ്രവര്‍ത്തിക്കുന്ന പകുതിയോളം മദ്യശാലകള്‍ക്ക് കൂടി പൂട്ടുവീഴും.

കോടതി വിധിയുടെ പശ്ചാത്തലത്തില്‍ ദേശീയ-സംസ്ഥാന പാതയോരങ്ങളിലെ എല്ലാ ബാറുകളും ബിയര്‍,വൈന്‍ പാര്‍ലറുകളും ബിവറേജസ് ഔട്ട്‌ലെറ്റുകളും പൂട്ടേണ്ടി വരുമെന്ന് സര്‍ക്കാരിന് നിയമോപദേശം ലഭിച്ചു. കോടതി വിധിയെക്കുറിച്ച് നിയമ സെക്രട്ടറി സര്‍ക്കാരിന് നല്‍കിയിരിക്കുന്ന റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. മാര്‍ച്ച് 31ന് മുന്‍പ് സുപ്രീം കോടതി വിധി നടപ്പാക്കിയില്ലെങ്കില്‍ ചീഫ് സെക്രട്ടറിയും ഡിജിപിയും കോടതിയലക്ഷ്യ നടപടികള്‍ നേരിടേണ്ടി വരുമെന്നും നിയമോപദേശത്തില്‍ പറയുന്നു. അടുത്ത മന്ത്രിസഭായോഗം നിയമസെക്രട്ടറിയുടെ റിപ്പോര്‍ട്ട് ചര്‍ച്ച ചെയ്യും.

സുപ്രീം കോടതി വിധി പഞ്ചനക്ഷത്ര ബാറുകള്‍ക്ക് ബാധകമല്ലെന്ന തരത്തിലുള്ള വ്യാഖ്യാനങ്ങളൊക്കെ നേരത്തെ പ്രചരിച്ചിരുന്നു. എന്നാല്‍ നിയമ സെക്രട്ടറി ഇക്കാര്യങ്ങളെല്ലാം തള്ളിയാണ് സര്‍ക്കാരിന് നിയമോപദേശം നല്‍കിയിരിക്കുന്നത്. കോടതി ഉത്തരവ് നടപ്പാക്കിയാല്‍ കൊച്ചിയില്‍ മാത്രം അഞ്ച് ബാറുകള്‍ക്ക് പൂട്ടുവീഴും.

ദേശീയ- സംസ്ഥാന പാതയോരങ്ങളില്‍ നിന്ന് കുറഞ്ഞത് 500 മീറ്റര്‍ അകലെയായിരിക്കണം മദ്യശാലകള്‍ വേണ്ടതെന്നാണ് സുപ്രീംകോടതി ഉത്തരവില്‍ പറയുന്നത്. സര്‍ക്കാരിന്റെ കീഴിലുള്ള ബീവറേജ് ഔട്ട്‌ലെറ്റുകള്‍ മാറ്റിസ്ഥാപിക്കുന്നതിന് വലിയ പണച്ചിലവുള്ള കാര്യമല്ല. എന്നാല്‍ ഈ ഉത്തരവ് ഏറ്റവും അധികം ബാധിക്കുന്നത് ബാറുടമകളെയാണ്. സര്‍ക്കാരിന്റെ ഔട്ട്‌ലെറ്റുകള്‍ മറ്റൊരു കെട്ടിടത്തിലേക്ക് മാറ്റുന്നതിന് അബ്കാരി വലിയ പ്രതിസന്ധിയുണ്ടാകാന്‍ ഇടയില്ല. എന്നാല്‍ വലിയ സൗകര്യങ്ങളോടെ കെട്ടിയുയര്‍ത്തിയിരിക്കുന്ന പഞ്ചനക്ഷത്ര ബാറുകള്‍ക്ക് പുതിയ സ്ഥലത്തേക്ക് മദ്യശാലകള്‍ മാറ്റുന്നത് പ്രായോഗികമായി നടക്കാന്‍ സാധ്യതയില്ല. അതിനാല്‍ കോടതി ഉത്തരവ് നടപ്പാക്കിയാല്‍ ഈ മദ്യശാലകള്‍ അടച്ചുപൂട്ടേണ്ടി വരുമെന്ന് ഉറപ്പാണ്.