Connect with us

Qatar

ദോഹ ബസ് സ്റ്റേഷനില്‍ എ സി വിശ്രമ മുറി

Published

|

Last Updated

ദോഹ: ബസ് കാത്തു നില്‍ക്കുന്ന യാ്രക്കാര്‍ക്കായി ദോഹ സ്റ്റേഷനില്‍ ശീതീകരിച്ച കത്തിരിപ്പു കേന്ദ്രം ജനുവരി ഒന്നിനു തുറക്കും. ദോഹയിലെ ബസ് യാത്രക്കാരുടെ ദീര്‍ഘ കാലത്തെ ആവശ്യമായിരുന്നു ഇത്. ബസ് സ്റ്റേഷനിലെ കര്‍വ ഓഫിസിനോട് ചേര്‍ന്നാണ് ചില്ലിട്ടു മറച്ച വിശ്രമ കേന്ദ്രം നിര്‍മിച്ചിരിക്കുന്നത്. സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും പ്രത്യേകം ഹാളുകളുണ്ട്. 25 വീതം സീറ്റുകളാണ് ഇരു വിശ്രമ ഹാളുകളിലും സജ്ജീകരിച്ചിട്ടുള്ളത്. അത്രയും പേര്‍ക്ക് നില്‍ക്കാനുള്ള സൗകര്യവുമുണ്ട്.

ചൂട് കാലത്ത് ദോഹ ബസ് സ്‌റ്റേഷനിലെ തുറന്ന വിശ്രമ കേന്ദ്രത്തിലെ കാത്തിരിപ്പ് യാത്രക്കാര്‍ക്ക് കടുത്ത പ്രയാസം സൃഷ്ടിച്ചിരുന്നു. ചില സമയത്ത് ബസുകള്‍ക്ക് വേണ്ടി അര മണിക്കൂറോളം കാത്തിരിക്കേണ്ടി വരാറുണ്ട്. പുതിയ കാത്തിരിപ്പ് കേന്ദ്രം വരുന്നതോടെ ഈ പ്രശ്‌നത്തിന് വലിയൊരു അളവോളം പരിഹാരമാകും. ബസ് സ്റ്റോപ്പുകളിലും എയര്‍ കണ്ടീഷന്‍ വേണമെന്ന് ദീര്‍ഘകാലമായി യാത്രക്കാര്‍ ആവശ്യപ്പെടുന്നുണ്ട്. ഇക്കാര്യവും അധികൃതര്‍ പരിഗണിക്കുന്നതായാണ് സൂചന. പൊതുഗതാഗതം പ്രോല്‍സാഹിപ്പിക്കുന്നതിന് സര്‍ക്കാര്‍ സ്വീകരിച്ചു വരുന്ന നടപടികളുടെ ഭാഗമാണിത്.

മറ്റു ചില വികസന പ്രവര്‍ത്തനങ്ങളും സമീപ കാലത്ത് ബസ് സ്റ്റേഷനില്‍ നടത്തിയിട്ടുണ്ട്. ഡ്രൈവര്‍മാര്‍ക്കുള്ള ശീതീകരിച്ച വിശ്രമ മുറിയാണ് അതിലൊന്ന്. കര്‍വ ഓഫിസിന് സമീപമാണ് ഡ്രൈവര്‍മാര്‍ക്കുള്ള വിശ്രമ മുറിയും. ഇതും ജനുവരി മുതല്‍ തുറക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ബസ് സ്റ്റേഷനിലെ സുരക്ഷ വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായി ചുറ്റും കമ്പിവേലി കെട്ടി ഭദ്രമാക്കിയിട്ടുണ്ട്. വിവിധ ഭാഗങ്ങളിലൂടെ ആളുകള്‍ ബസ് സ്‌റ്റേഷനില്‍ പ്രവേശിച്ച് അപകടങ്ങള്‍ ഉണ്ടാകുന്നത് ഒഴിവാക്കാനാണ് കമ്പിവേലി നിര്‍മിച്ചത്. ഇതിനു പിന്നാലെ രാത്രി 11.30ന് ശേഷം ബസ് സ്റ്റേഷനിലേക്കുള്ള പ്രവേശന കവാടം അടച്ചിടാനും ആരംഭിച്ചിട്ടുണ്ട്.

Latest