ഫേസ്ബുക്കിലൂടെ യുവതിക്ക് അപമാനം: മുന്‍ ബി എസ് എഫ് ജവാന്‍ റിമാന്‍ഡില്‍

Posted on: December 29, 2016 6:31 am | Last updated: December 28, 2016 at 11:54 pm

വണ്ടൂര്‍: വ്യാജ ഫേസ്ബുക്ക് ഐ ഡി ഉപയോഗിച്ച് യുവതിയെ അപമാനിച്ച കേസില്‍ മുന്‍ ബി എസ് എഫ് ജവാന്‍ അറസ്റ്റില്‍. ആലപ്പുഴ അവലുക്കുന്ന് അംശം പൂന്തോപ്പില്‍ പുതുംപള്ളി ഷാജി തോമസ് (50) ആണ് അറസ്റ്റിലായത്. ഏതാനും മാസങ്ങള്‍ക്ക് മുമ്പാണ് ഇദ്ദേഹം ബി എസ് എഫില്‍ നിന്ന് വിരമിച്ചത്. എടവണ്ണ സ്വദേശിനിയുടെ പരാതിയിലാണ് പോലീസ് കേസ് എടുത്തത്.

കഴിഞ്ഞ ഏപ്രില്‍ മാസത്തിലാണ് ഇദ്ദേഹം പരാതിക്കാരിയുമായി ഫേസ്ബുക്കിലൂടെ പരിചയപ്പെടുന്നത്. തുടര്‍ന്ന് സൗഹൃദത്തിലായ രണ്ട് പേരും ഫോണിലൂടെയും ചാറ്റിംഗിലൂടെയും നിരന്തരം ബന്ധപ്പെടുകയും മെയ് 20ന് ഇരുവരും കോഴിക്കോട് റെയില്‍വേ സ്‌റ്റേഷനില്‍ വെച്ച് നേരില്‍ കാണുകയും ചെയ്തിരുന്നുവത്രേ. ബന്ധുക്കളുടെ ഫോട്ടോകള്‍ ഇവര്‍ പരസ്പരം ചാറ്റിംഗിലൂടെ കൈമാറുകയും ചെയ്തിരുന്നു.

ഇതിനിടയിലാണ് പ്രതി യുവതിയെ കൊല്‍ക്കത്തയിലേക്ക് ക്ഷണിച്ചത്. കൊല്‍ക്കത്തയില്‍ ഒരുമിച്ച് താമസിക്കാമെന്നും ലൈംഗീക ബന്ധത്തിന് താത്പര്യമുണ്ടെന്നും പ്രതി യുവതിയോട് പറഞ്ഞു. എന്നാല്‍, ഇത് നിരസിച്ച യുവതി പ്രതിയുടെ ഫേസ്ബുക്ക് ഐ ഡി ബ്ലോക്ക് ചെയ്യുകയായിരുന്നു.
ഈ വിരോധത്തിനാണ് മുമ്പ് കൈമാറിയിരുന്ന ഫോട്ടോകള്‍ ഉപയോഗിച്ച് പ്രതി വ്യാജ ഫേസ്ബുക്ക് ഐ ഡികള്‍ നിര്‍മിച്ചത്. യുവതിയുടെ പേരിലും യുവതിയുടെ സഹോദര ഭാര്യയുടെ പേരിലുമാണ് അക്കൗണ്ടുകള്‍ നിര്‍മിച്ചത്. ഈ അക്കൗണ്ടിലൂടെ യുവതിയുടെ സഹോദര ഭാര്യയുടെ ഫോട്ടോ മോര്‍ഫ് ചെയ്ത് അയച്ചുകൊടുക്കുകയും യുവതിയുടെ അക്കൗണ്ടില്‍ ടാഗ് ചെയ്യുകയുമായിരുന്നു. തുടര്‍ന്ന് എടവണ്ണ പോലീസില്‍ യുവതി നല്‍കിയ പരാതിയെ തുടര്‍ന്നാണ് പോലീസ് നടപടി സ്വീകരിച്ചത്. ആലപ്പുഴയിലെ വീട്ടില്‍ വെച്ചാണ് പ്രതിയെ എടവണ്ണ പോലീസ് കസ്റ്റഡിയിലെടുത്തത്. തുടര്‍ന്ന് വണ്ടൂര്‍ സി ഐ ഓഫീസിലെത്തിച്ച് ചോദ്യം ചെയ്തതിലൂടെ പ്രതി കുറ്റം സമ്മതിക്കുകയായിരുന്നു.
വ്യാജ പ്രൊഫൈല്‍ നിര്‍മിക്കാന്‍ ഉപയോഗിച്ച ഇ മെയില്‍ ഐ ഡി, മൊബൈല്‍ നമ്പര്‍, ഐ പി അഡ്രസ്സ് തുടങ്ങിയ വിവരങ്ങള്‍ ലഭിക്കുന്നതിനായി പോലീസ് സൈബര്‍സെല്‍ മുഖേന ഫേസ്ബുക്ക് അധികൃതര്‍ക്ക് അപേക്ഷ നല്‍കിയിട്ടുണ്ട്.
വണ്ടൂര്‍ സി ഐയുടെ ചുമതലയുള്ള നിലമ്പൂര്‍ സി ഐ. കെ എം ദേവസ്യ, എസ് ഐമാരായ പി ഉണ്ണികൃഷ്ണന്‍, പി ചെറുണ്ണി, സി പി ഒമാരായ ഷാജഹാന്‍, എ ഉണ്ണികൃഷ്ണന്‍, കെ സ്വയംപ്രഭ എന്നിവരാണ് കേസ് അന്വേഷിക്കുന്നത്. പ്രതിയെ മഞ്ചേരി ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി പതിനാല് ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു.