പാക്കിസ്ഥാന്‍ നോട്ട് പിന്‍വലിക്കില്ല

Posted on: December 28, 2016 12:50 am | Last updated: December 27, 2016 at 11:10 pm

ഇസ്‌ലാമാബാദ്: രാജ്യത്ത് അഴിമതി ഇല്ലാതാക്കാനായി 5,000 രൂപയുടെ നോട്ടുകള്‍ പിന്‍വലിക്കുമെന്ന റിപ്പോര്‍ട്ടുകള്‍ പാക്കിസ്ഥാന്‍ തള്ളി. 5000 രൂപയുടെ നോട്ടുകള്‍ പിന്‍വലിക്കാന്‍ തീരുമാനിക്കുകയോ അതിന് പറയുന്ന കാരണങ്ങള്‍ക്ക് ന്യായീകരണമില്ലെന്നും റിപ്പോര്‍ട്ടുകള്‍ തള്ളിക്കൊണ്ട് ധനമന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു. പാക്കിസ്ഥാനിലെ ഏറ്റവും ഉയര്‍ന്ന മൂല്യമുള്ള നോട്ട് 5,000 രൂപയുടേതാണ്. എന്നാല്‍ പ്രധാന കറന്‍സികളായ അമേരിക്കയുടെ 100 ഡോളര്‍ നോട്ട്, യൂറോ 200, പൗണ്ട് സ്റ്റെര്‍ലിംഗ് 50 എന്നിവയെ അപേക്ഷിച്ച് ചെറുതാണ്. 2015-16 വര്‍ഷത്തില്‍ 17 ശതമാനം 5,000ത്തിന്റെ നോട്ടുകള്‍ മാത്രമാണ് അച്ചടിച്ചതെന്നും പ്രസ്താവനയിലുണ്ട്.

5000ത്തിന്റെ നോട്ടുകള്‍ പിന്‍വലിക്കുന്നത് കച്ചവട രംഗത്തെ കൈമാറ്റങ്ങളെ വിപരീതമായി ബാധിക്കും. മാത്രമല്ല ഇത് ജനങ്ങളെ ബുദ്ധിമുട്ടിക്കുന്നതും അവര്‍ക്ക് ആശങ്കകളേറ്റുന്നതുമായിരിക്കുമെന്നും പ്രസ്താവനയില്‍ തുടര്ന്നു പറയുന്നുണ്ട്. സ്റ്റേറ്റ് ബേങ്കുമായി ചേര്‍ന്നുകൊണ്ട് ഡിജിറ്റല്‍ കൈമാറ്റങ്ങളും ബ്രാഞ്ചുകളില്ലാത്ത ഇടപാടുകളും കൊണ്ടുവന്ന് ജനങ്ങളെ കറന്‍സിയില്‍ നിന്ന് സ്വതന്ത്രമാക്കാനുള്ള പദ്ധതികള്‍ ആവഷ്‌കരിക്കുമെന്നും മന്ത്രാലയം വ്യക്തമാക്കി.