യുഡിഎഫിലും കോണ്‍ഗ്രസിലും പ്രശ്‌നമില്ല; പ്രശ്‌നമുണ്ടാക്കുന്നത് ചാനലുകള്‍: രമേശ് ചെന്നിത്തല

Posted on: December 27, 2016 3:55 pm | Last updated: December 27, 2016 at 7:55 pm

തിരുവനന്തപുരം : എംഎം മണി മന്ത്രിസ്ഥാനം രാജി വെയ്ക്കണമെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. കൊലക്കേസില്‍ പ്രതിയായ ആള്‍ മന്ത്രി സ്ഥാനത്ത് തുടരുന്നത് ശരിയല്ല. ഇത്രയും ദുര്‍ബലനായ മന്ത്രി കേരളത്തിലുണ്ടായിട്ടില്ല. മണി തുടരുന്നത് കേരളത്തിന്റെ ധാര്‍മ്മികതയ്ക്ക് വിരുദ്ധമാണെന്നും ഇക്കാര്യം സിപിഐഎം ഗൗരവമായി ആലോചിക്കണമെന്നും ചെന്നിത്തല വാര്‍്ത്താസമ്മേളനത്തില്‍ പറഞ്ഞു.

നോട്ട് പ്രതിസന്ധി, റേഷന്‍ പ്രശ്‌നം, എംഎം മണിയുടെ രാജി തുടങ്ങിയ വിഷയങ്ങളിലെ തുടര്‍പ്രക്ഷോഭം ചൊവ്വാഴ്ച്ചത്തെ യുഡിഎഫ് യോഗത്തില്‍ തീരുമാനിക്കും.
പ്രതിപക്ഷത്തിനെതിരായ എല്ലാ വിമര്‍ശനങ്ങളെയും സ്വാഗതം ചെയ്യുന്നു. കെ. മുരളീധരന്റെ വിമര്‍ശനങ്ങളെ നല്ല അര്‍ഥത്തില്‍ കാണുന്നു.ശക്തമായ പ്രക്ഷോഭം വേണമെന്ന ഇ.ടിയുടെ പ്രതികരണത്തില്‍ തെറ്റില്ല.വിമര്‍ശനങ്ങളുടെ ലക്ഷ്യം മുന്നണിയെ ശക്തിപ്പെടുത്തലാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

യുഡിഎഫിലും കോണ്‍ഗ്രസിലും പ്രശ്‌നമില്ല. പ്രശ്‌നമുണ്ടാക്കുന്നത് ചാനലുകളാണ്. നേതാക്കള്‍ പരസ്യപ്രതികരണങ്ങള്‍ ഒഴിവാക്കാന്‍ ശ്രമിക്കണമെന്നും ചെന്നിത്തല പറഞ്ഞു.