അഭിമാനമായി ബെംഗളുരു എഫ് സി

Posted on: December 27, 2016 1:00 pm | Last updated: December 27, 2016 at 1:00 pm

>>ഗുഡ് ബൈ-2016

ഏറെ പ്രതീക്ഷയോടെ തുടങ്ങി പുത്തന്‍പ്രതീക്ഷകളോടെ അവസാനിക്കുന്ന ഫുട്‌ബോള്‍ വര്‍ഷമാണ് ഇന്ത്യക്കിത്. ഫിഫയുടെ ഒരു സുപ്രധാന ടൂര്‍ണമെന്റിന് ആദ്യമായി ഇന്ത്യ ആതിഥേയത്വം വഹിക്കാന്‍ ഒരുങ്ങുകയാണ്, 2017 ഒക്ടോബറില്‍. അതിന്റെ മുന്നൊരുക്കങ്ങളെല്ലാം പൂര്‍ത്തിയാക്കി 2016 മധുരതരമായി. കൊച്ചി ഉള്‍പ്പടെയുള്ള അഞ്ച് വേദികള്‍ക്ക് ഫിഫയുടെ അംഗീകാരം ലഭിച്ചു. ന്യൂഡല്‍ഹി, നവിമുംബൈ, മഡ്ഗാവ്, ഗുവാഹത്തി വേദികള്‍ക്കാണ് ഫിഫയുടെ പച്ചക്കൊടി.
2015 അവസാനിക്കുമ്പോള്‍ ഫിഫ റാങ്കിംഗില്‍ 166താം സ്ഥാനത്തായിരുന്നു ഇന്ത്യ. ഇത്തവണ വലിയ മുന്നേറ്റം കാണാം. 135 ലാണ് ഇന്ത്യയിപ്പോള്‍. കോച്ച് സ്റ്റീവന്‍ കോണ്‍സ്റ്റന്റൈന്‍ ചുമതലയേറ്റതിന് ശേഷം പറഞ്ഞ വാക്കുകള്‍ ഫലവത്തായിരിക്കുന്നു. റാങ്കിംഗ് മെച്ചപ്പെട്ടു, അടുത്തത് കൂടുതല്‍ രാജ്യാന്തര വിജയങ്ങളാണ്. സാഫ് കപ്പിലെ വിജയമാണ് ആറ് വര്‍ഷത്തിനിടെ മികച്ച റാങ്കിംഗിലേക്ക് ഇന്ത്യന്‍ ടീമിനെ ഉയര്‍ത്തിയത്. ഇതിന് പുറമെ നൂറ്റിപ്പതിനാലാം റാങ്കിലുള്ള പ്യുര്‍ടോ റിക്കോയെ മുംബൈയില്‍ വെച്ച് 4-1ന് തകര്‍ത്തുവിട്ടു.
അതേ സമയം ചില തിരിച്ചടികളുമുണ്ട്. 2018 റഷ്യ ലോകകപ്പ് യോഗ്യതാ റൗണ്ട് ഗ്രൂപ്പ് ടേബിളില്‍ ഏറ്റവും പിറകിലായി ഇന്ത്യ പുറത്തായി. ഗുവാമിനെതിരെ നേടിയ ഏകജയം മാത്രമാണ് പറയാനുള്ളത്.

ആഭ്യന്തര തലത്തില്‍ ബെംഗളുരു എഫ് സി ഒരിക്കല്‍ കൂടി ഐ ലീഗ് ചാമ്പ്യന്‍മാരായി. പരമ്പരാഗത ശക്തികളായ മോഹന്‍ ബഗാനെ പിന്തള്ളിയാണ് രാജ്യത്തെ ആദ്യ കോര്‍പറേറ്റ് ക്ലബ്ബായ ബെംഗളുരു എഫ് സിയുടെ കിരീട വിജയം. ഇന്ത്യന്‍ സൂപ്പര്‍ ലീഗിന്റെ വരവോടെ ഐ ലീഗ് പൂര്‍ണമായും നിറം മങ്ങിയ അവസ്ഥയിലാണ്. എങ്കിലും ബഗാനുമായി ഇഞ്ചോടിഞ്ച് പൊരുതിയ ശേഷം രണ്ട് പോയിന്റിന്റെ മാത്രം വ്യത്യാസത്തില്‍ ബെംഗളുരു ചാമ്പ്യന്‍മാരായത് ഐ ലീഗിന് ആവേശം നല്‍കി.
ബെംഗളുരുവിന്റെ നേട്ടം അവിടെയും അവസാനിച്ചില്ല. ഏഷ്യന്‍ ഫുട്‌ബോള്‍ കോണ്‍ഫെഡറേഷന്‍ കപ്പില്‍ ചരിത്രത്തിലാദ്യമായി ഒരു ഇന്ത്യന്‍ ക്ലബ്ബ് ഫൈനലില്‍ പ്രവേശിക്കുന്നതിന് 2016 സാക്ഷ്യം വഹിച്ചു. ബെംഗളുരു എഫ് സിയുടെ കുതിപ്പ് ഫൈനലില്‍ അവസാനിപ്പിച്ചത് ഇറാഖിന്റെ എയര്‍ ഫോഴ്‌സ് ക്ലബ്ബ് അല്‍ ഖുവാ അല്‍ ജവിയയാണ്. 2013 ല്‍ രൂപവത്കൃതമായ ബെംഗളുരു എഫ് സി ഇന്ത്യന്‍ ഫുട്‌ബോളിള്‍ വേരുറപ്പിച്ചത് രണ്ട് ഐ ലീഗ് കീരീടങ്ങളും ഒരു ഫെഡറേഷന്‍ കപ്പും ഏ എഫ് സി കപ്പ് റണ്ണേഴ്‌സപ്പ് മെഡലുമായിട്ടാണ്. ഐ എസ് എല്‍ ക്ലബ്ബുകളേക്കാള്‍ നിലവാരമുള്ള ടീം ഐ ലീഗിലെ ബെംഗളുരു എഫ് സിയാണെന്ന നിലയില്‍ ചര്‍ച്ച ഉയര്‍ന്നിരുന്നു. ഇത് തള്ളിക്കളയാനാകില്ല. ബെംഗളുരുവിന്റെ പ്രധാന കളിക്കാരെല്ലാം വിവിധ ഐ എസ് എല്‍ ക്ലബ്ബുകളിലെ ശക്തി സ്രോതസുകളാണ്. വലിയ ഉദാഹരമാണ് സി കെ വിനീത്. കേരള ബ്ലാസ്‌റ്റേഴ്‌സ് ഫൈനലില്‍ പ്രവേശിക്കുന്നതില്‍ വിനീതിന്റെ പങ്ക് വലുതായിരുന്നു.

ബെംഗളുരു എഫ് സി ഒരുഭാഗത്ത് ശക്തരായി മാറിയപ്പോള്‍ പരമ്പരാഗത ഇന്ത്യന്‍ ക്ലബ്ബുകളായ സാല്‍ഗോക്കര്‍, സ്‌പോര്‍ട്ടിംഗ് ക്ലബ്ബ് ഡി ഗോവ, ഡെംപോ ഗോവ എന്നിവര്‍ ഐ ലീഗില്‍ നിന്ന് പിന്‍മാറല്‍ പ്രഖ്യാപിച്ചു. പുതിയ ലീഗ് ഫോര്‍മാറ്റിനോടുള്ള നീരസം പ്രകടിപ്പിച്ചായിരുന്നു ഡെംപോയും സ്‌പോര്‍ട്ടിംഗും പിന്‍മാറിയത്. എന്നാല്‍, ഐ ലീഗും ഐ എസ് എല്ലും ഫിഫ അണ്ടര്‍ 17 ലോകകപ്പിന് ശേഷം ഒരൊറ്റ ലീഗായി മാറ്റുമെന്ന എ ഐ എഫ് എഫ് പ്രഖ്യാപനം വിട്ടു പോയക്ലബ്ബുകളെയെല്ലാം തിരികെ കൊണ്ടു വരും. ഡിസംബറില്‍ വന്ന ഈ പ്രഖ്യാപനം ഇന്ത്യന്‍ ഫുട്‌ബോളിലെ വലിയ വിപ്ലവത്തിന് ആക്കം കൂട്ടുമെന്ന് പ്രതീക്ഷിക്കാം.
ഐ എസ് എല്‍ മൂന്നാം എഡിഷനും വലിയ വിജയം കൈവരിച്ചു. അത്‌ലറ്റിക്കോ ഡി കൊല്‍ക്കത്ത രണ്ടാം തവണയും കിരീടം സ്വന്തമാക്കി.
പതിവിന് വിപരീതമായി ഇന്ത്യന്‍ താരങ്ങള്‍ ഏറെ ശ്രദ്ധയാകര്‍ഷിച്ചു. സി കെ വിനീത്, ജെജെ ലാല്‍പെഖുല, ജെറി എന്നിവര്‍. 2016 സീസണ്‍ പ്രചവനം അസാധ്യമാക്കി. ഇത് ടൂര്‍ണമെന്റിന്റെ നിലവാരം ഉയര്‍ന്നുവെന്നതിന് തെളിവാണ്.
പ്രഫുല്‍ പട്ടേല്‍ എ ഐ എഫ് എഫ് പ്രസിഡന്റായി തുടരെ മൂന്നാം തവണയും തിരഞ്ഞെടുക്കപ്പെട്ടു. ഡിസംബറില്‍ എ ഐ എഫ് എഫിന് എ എഫ് സിയുടെ ഡെവലപ്പിംഗ് മെമ്പര്‍ അവാര്‍ഡും ലഭിച്ചു.