ശിവജി സ്മാരകത്തിന് പ്രധാനമന്ത്രി തറക്കല്ലിട്ടു; പ്രതിഷേധവുമായി മത്സ്യത്തൊഴിലാളികള്‍

Posted on: December 24, 2016 6:44 pm | Last updated: December 24, 2016 at 10:17 pm

മുംബൈ: മത്സ്യത്തൊഴിലാളികളുടെ പ്രതിഷേധത്തിനിടെ ഛത്രപതി ശിവജിയുടെ കൂറ്റന്‍ സ്മാരകത്തിന് പ്രധാനമന്ത്രി തറക്കല്ലിട്ടു. സ്മാരകത്തിന്റെ ഭൂമിപൂജയും ജലപൂജയും പ്രധാനമന്ത്രി നിര്‍വഹിച്ചു. 3600 കോടി രൂപ ചിലവഴിച്ചാണ് അറബിക്കടലില്‍ ശിവജി സ്മാരകം നിര്‍മിക്കുന്നത്. തങ്ങളുടെ ജീവിതമാര്‍ഗത്തിന് തിരിച്ചടിയാണ് സ്മാരക നിര്‍മാണം എന്നാണ് മത്സ്യത്തൊഴിലാളികള്‍ പറയുന്നത്. ഉദ്ഘാടന ചടങ്ങിലേക്ക് പ്രതിഷേധവുമായെത്തിയ തൊഴിലാളികളെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കി.

രാജ്യത്തെ ഏറ്റവും വലിയ സ്മാരകം മാത്രമല്ല ലോകത്തെ തന്നെ ഏറ്റവും വലിയ സ്മാരകമാണ് നിര്‍മിക്കുന്നതെന്ന് മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് പറഞ്ഞു. വരാനിരിക്കുന്ന മുന്‍സിപ്പല്‍ കോര്‍പറേഷന്‍ തിരഞ്ഞെടുപ്പുകളില്‍ നേട്ടമുണ്ടാക്കാം എന്ന പ്രതീക്ഷയിലാണ് ബിജെപി സ്മാരക നിര്‍മാണവുമായി രംഗത്ത് വന്നിരിക്കുന്നത്. അതേസമയം കൃഷിനാശം മൂലം ആയിരക്കണക്കിന് കര്‍ഷകര്‍ ദുരിതമനുഭവിക്കുമ്പോള്‍ കോടികള്‍ മുടക്കി സ്മാരകം നിര്‍മിക്കുന്നതിനെതിരെ സന്നദ്ധപ്രവര്‍ത്തകര്‍ രംഗത്തെത്തിയിട്ടുണ്ട്.