Connect with us

Sports

ലെസ്റ്റര്‍ സിറ്റി, പോര്‍ച്ചുഗല്‍, വെയില്‍സ് പിന്നെ ക്രിസ്റ്റ്യാനോ..

Published

|

Last Updated

യൂറോ നേടിയ പോര്‍ച്ചുഗല്‍ ടീംയൂറോ നേടിയ പോര്‍ച്ചുഗല്‍ ടീം

2016 ല്‍ ലോകഫുട്‌ബോളില്‍ മാറ്റത്തിന്റെ കൊടുങ്കാറ്റ് വിതച്ചവരുണ്ട്…

അതിശയിപ്പിക്കുന്ന കാഴ്ചകള്‍. ഉള്‍ക്കൊള്ളാന്‍ പറ്റാത്ത അട്ടിമറികള്‍. പുതിയ ടീമുകളുടെ വരവറിയിക്കല്‍. ത്രിസപ്പിച്ച കിരീടധാരണം. ലോകഫുട്‌ബോള്‍ സംഭവബഹുലമായിരുന്നു, ഈ വര്‍ഷവും. ഇംഗ്ലണ്ടില്‍ ലെസ്റ്റര്‍ സിറ്റിയുടെ കിരീടക്കുതിപ്പ് ശരിക്കും വിസ്മയിപ്പിച്ചു. ഒരത്ഭുതകഥയിലെന്ന പോലെ ക്ലോഡിയോ റാനിയേരിയുടെ കുറുനരികള്‍ ഓരോ ഫുട്‌ബോള്‍ പ്രേമിയുടെയും മനസിന്റെ അടിത്തട്ടില്‍ ഇടം പിടിച്ചിരിക്കുന്നു. യൂറോ കപ്പില്‍ ക്രിസ്റ്റിയാനോ റൊണാള്‍ഡോയുടെ പോര്‍ച്ചുഗല്‍ കപ്പില്‍ മുത്തമിട്ടത് ഫേവറിറ്റ് ടാഗുകളില്ലാതെയാണ്. മുന്‍ധാരണകളെല്ലാം ആറ്റില്‍മുക്കിക്കളഞ്ഞില്ലേ പറങ്കിപ്പട ! യൂറോ കപ്പില്‍ അരങ്ങേറ്റക്കാരായ വെയില്‍സും ഐസ്‌ലാന്‍ഡും ലോകഫുട്‌ബോളില്‍ പുതിയ മേല്‍വിലാസമുണ്ടാക്കിയതും ശ്രദ്ധയാകര്‍ഷിച്ചു.

ക്രിസ്റ്റ്യാനോയുടെ വര്‍ഷം..
ഫ്രാന്‍സ് മാഗസിന്റെ ബാലണ്‍ ദ്യോര്‍ പുരസ്‌കാരം കരസ്ഥമാക്കി, ഫിഫ ലോകഫുട്‌ബോളര്‍ പുരസ്‌കാരത്തിന് വലിയ സാധ്യതയോടെ നില്‍ക്കുന്ന ക്രിസ്റ്റിയാനോ റൊണാള്‍ഡോ ഈ വര്‍ഷത്തെ ഫുട്‌ബോള്‍ നക്ഷത്രമായി നില്‍ക്കുന്നു. ലയണല്‍ മെസിയുമായി ലോകഫുട്‌ബോളര്‍ മത്സരത്തിനുള്ള ക്രിസ്റ്റിയാനോക്ക് വലിയ മുന്‍തൂക്കം നല്‍കുന്നത് രാജ്യാന്തര ടൂര്‍ണമെന്റ് ജയിച്ചു എന്നതാണ്. യുസേബിയോയുടെയും ലൂയിസ് ഫിഗോയുടെയും പോര്‍ച്ചുഗല്‍ പാതിവഴിയില്‍ അവസാനിപ്പിച്ച അധ്വാനത്തിന് പൂര്‍ണത നല്‍കി ക്രിസ്റ്റ്യാനോ പോര്‍ച്ചുഗീസ് ഫുട്‌ബോളിലെ എക്കാലത്തേയും അതികായനായി മാറുന്നതിന് 2016 സാക്ഷ്യം വഹിച്ചു. പോര്‍ച്ചുഗലിനൊപ്പം ക്രിസ്റ്റ്യാനോക്കും ഈ കിരീടജയം കരിയറിലെ ആദ്യത്തെ രാജ്യാന്തര മഹിമയായി.
യൂറോകപ്പില്‍ വലിയ സാധ്യത കല്പിക്കപ്പെട്ട ടീമായിരുന്നു ഇംഗ്ലണ്ട്. എന്നാല്‍, പ്രീക്വാര്‍ട്ടറില്‍ ഐസ്ലാന്‍ഡിന് മുന്നില്‍ 2-1ന് തോറ്റ് ഇംഗ്ലണ്ട് പുറത്തായി. താമസിയാതെ ഇംഗ്ലണ്ട് കോച്ച് റോയ് ഹൊഗ്‌സന് ജോലി നഷ്ടമായി.
മൂന്ന് ലക്ഷം ജനസംഖ്യയുള്ള ഐസ്ലാന്‍ഡ് ലോകഫുട്‌ബോളില്‍ തരംഗം സൃഷ്ടിച്ചത് കളിയോടുള്ള ആത്മാര്‍പ്പണം കൊണ്ടായിരുന്നു. ഫ്രാന്‍സിനോട് തോറ്റായിരുന്നു ഐസ്ലാന്‍ഡ് ടൂര്‍ണമെന്റില്‍ നിന്ന് മടങ്ങിയത്. വെയില്‍സ് സെമിഫൈനലില്‍ പ്രവേശിച്ചത് മറ്റൊരു വിപ്ലവമായി. ഗാരെത് ബെയ്‌ലിന്റെയും റാംസിയുടെയും താരപ്രഭമാത്രം അവകാശപ്പെടാനുള്ള വെയില്‍സിന്റെ കുതിപ്പ് ക്രിസ്റ്റ്യാനോ റൊണാള്‍ഡോ എന്ന ലോകോത്തര സ്‌ട്രൈക്കറുടെ ഹെഡര്‍ ഗോളിന് മുന്നിലാണ് അവസാനിച്ചത്.
ഫൈനലില്‍ ഫ്രാന്‍സിനെതിരെ ഇരുപത്തഞ്ച് മിനുട്ട് മാത്രം കളിച്ച ക്രിസ്റ്റ്യാനോ പരുക്കിന്റെ പരീക്ഷണത്തിന് മുന്നില്‍ കണ്ണീര്‍ വാര്‍ത്തു കൊണ്ട് കളം വിട്ടത് മായാകാഴ്ചയായി. രണ്ടാം പകുതിയില്‍ ബെഞ്ചിലിരുന്ന് ക്രിസ്റ്റ്യാനോ കോച്ചിന്റെ പണിയെടുക്കാന്‍ തുടങ്ങിയത് ആവേശക്കാഴ്ചയായി.
അധിക സമയത്ത് എദെറിന്റെ ഗോളില്‍ പോര്‍ച്ചുഗല്‍ ചാമ്പ്യന്‍മാരായതോടെ പോര്‍ച്ചുഗലും ക്രിസ്റ്റിയാനോയും ചരിത്രത്തില്‍ ഇടം പിടിച്ചു.
റോയ് ഹൊഗ്‌സന്‍ ഇംഗ്ലണ്ടിന്റെ സ്ഥാനം ഒഴിഞ്ഞതിന് ശേഷം സാം അലര്‍ഡൈസ് വന്നു. എന്നാല്‍, 67 ദിവസത്തിനുള്ളില്‍ വാതുവെപ്പ് വിവാദത്തില്‍ പെട്ട് അലഡൈസിന്റെ തൊപ്പി തെറിച്ചു. പകരമെത്തിയ ഗാരെത് സൗത്ത്‌ഗേറ്റ് ഇപ്പോള്‍ ഇംഗ്ലണ്ടിന്റെ സ്ഥിരം പരിശീലകനായി.

മെസിയുടെ
വിരമിക്കല്‍ !
കോപ അമേരിക്ക ഫൈനലില്‍ അര്‍ജന്റീന തോറ്റതിനെ തുടര്‍ന്നുണ്ടായ വിവാദത്തിനിടെ ലയണല്‍ മെസി രാജ്യാന്തര ഫുട്‌ബോളില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ചത് വലിയ ഞെട്ടലായി. അര്‍ജന്റീന തുടരെ മൂന്നാം ഫൈനലില്‍ തോറ്റതിന് മെസിയെ പഴിചാരുവാന്‍ ശ്രമമുണ്ടായിരുന്നു. ഡിയഗോ മറഡോണ പോലും ഇതില്‍ നിന്ന് വിട്ടുനിന്നില്ല.
ചിലിക്കെതിരെ ഫൈനല്‍ ഷൂട്ടൗട്ടിലാണ് തീര്‍പ്പായത്. ഇതില്‍ മെസി പെനാല്‍റ്റി പാഴാക്കിയിരുന്നു. കപ്പ് നേടാതെ മെസിയും ടീമും നാട്ടിലേക്ക് വരേണ്ടതില്ലെന്ന മറഡോണയുടെ പരാമര്‍ശം വലിയ വിവാദമായിരുന്നു.
എന്നാല്‍, അര്‍ജന്റീന ഫുട്‌ബോള്‍ ഫെഡറേഷനിലെ ചില വ്യക്തികളുടെയും ടീം അംഗങ്ങളുടെയും ഇടപെടലിനെ തുടര്‍ന്ന് മെസി തീരുമാനം പിന്‍വലിച്ചു.
റഷ്യയില്‍ 2018 ല്‍ നടക്കുന്ന ലോകകപ്പ് ഫുട്‌ബോളിനുള്ള യോഗ്യതാ റൗണ്ടില്‍ അര്‍ജന്റീന തപ്പിത്തടയുകയാണ്. മെസിക്ക് മുന്നിലുള്ള പ്രധാന ദൗത്യം ലോകകപ്പ് യോഗ്യത നേടിക്കൊടുത്ത് വിമര്‍ശകരുടെ വായടപ്പിക്കലാണ്.
ബ്രസീല്‍ കോപ അമേരിക്കയുടെ ഗ്രൂപ്പ് റൗണ്ടില്‍ പുറത്തായെങ്കിലും ഒളിമ്പിക്‌സില്‍ നെയ്മര്‍ നയിച്ച മഞ്ഞപ്പട ചരിത്രം കുറിച്ച് ചാമ്പ്യന്‍മാരായി. ബ്രസീലിന്റെ കന്നി ഒളിമ്പിക് ഫുട്‌ബോള്‍ സ്വര്‍ണം. ഫൈനലിന് ശേഷം നെയ്മര്‍ ക്യാപ്റ്റന്‍ സ്ഥാനത്ത് നിന്ന് രാജിവെച്ചു.

സ്പാനിഷ് ക്ലബ്ബുകളുടെ വാഴ്ച..

യൂറോപ്യന്‍ ക്ലബ്ബ് ഫുട്‌ബോളില്‍ സ്പാനിഷ് ടീമുകളുടെ ആധിപത്യം വ്യക്തം. മൂന്ന് സീസണിനിടെ രണ്ടാം തവണയും ചാമ്പ്യന്‍സ് ലീഗ് ഫൈനലില്‍ ഏറ്റുമുട്ടിയ റയല്‍മാഡ്രിഡും അത്‌ലറ്റിക്കോ മാഡ്രിഡും സ്പാനിഷ് കരുത്തിന്റെ പര്യായമായി. ഫൈനലില്‍ ക്രിസ്റ്റ്യാനോയുടെ പെനാല്‍റ്റിയില്‍ റയലാണ് ചാമ്പ്യന്‍മാരായത്.
സ്പാനിഷ് ക്ലബ്ബായ സെവിയ്യ മൂന്നാം തവണയും യൂറോപ ലീഗ് ചാമ്പ്യന്‍മാരായി.ഫൈനലില്‍ യുര്‍ഗന്‍ ക്ലോപിന്റെ ലിവര്‍പൂളിനെയാണ് സെവിയ്യ തോല്‍പ്പിച്ചത്.

ക്ലബ്ബ് ലോകകപ്പും
സ്‌പെയ്‌നിലേക്ക്
ഡിസംബറില്‍ നടന്ന ക്ലബ്ബ് ലോകകപ്പ് ഫൈനലിലും സ്പാനിഷ് ശക്തിപ്രകടനം പ്രകടം. ജാപനീസ് ക്ലബ്ബ് കാഷിമയെ തകര്‍ത്ത് റയല്‍മാഡ്രിഡ് ചാമ്പ്യന്‍മാരായി. ക്ലബ്ബ് ലോകകപ്പ് ഫൈനലില്‍ ആദ്യമായി ഒരു ഏഷ്യന്‍ ടീം കളിച്ചു എന്ന പ്രത്യേകത ഇത്തവണയുണ്ട്.
സ്‌പെയ്‌നില്‍ മാത്രമായി ബാഴ്‌സയുടെ നേട്ടങ്ങള്‍. ലാ ലിഗയും കിംഗ്‌സ് കപ്പും കാറ്റലന്‍ ക്ലബ്ബ് നേടി.
ജര്‍മനിയില്‍ ബയേണ്‍ മ്യൂണിക്കും ഫ്രാന്‍സില്‍ പാരിസ് സെയിന്റ് ജെര്‍മെയ്‌നും ലീഗ് ചാമ്പ്യന്‍മാരായി. ഇറ്റാലിയന്‍ സീരി എ കിരീടം തുടരെ അഞ്ചാം തവണയും സ്വന്തമാക്കി യുവെന്റസ് ചരിത്രം സൃഷ്ടിച്ചു.
സ്‌കോട്‌ലാന്‍ഡില്‍ കെല്‍റ്റിക്കും തുടരെ അഞ്ചാം കിരീടം നേടി വിസ്മയമായി. പക്ഷേ, ഇത് കൊണ്ടൊന്നും കോച്ച് റോണി ഡിയാലക്ക് ക്ലബ്ബില്‍ സ്ഥാനം നിലനിര്‍ത്താനായില്ല എന്നതാണ് രസകരമായ വസ്തുത. യൂറോപ്പില്‍ കരുത്ത് കാണിച്ചില്ലെന്ന കാരണത്താല്‍ ബ്രെന്‍ഡന്‍ റോജേഴ്‌സിനെ പുതിയ കോച്ചാക്കി കെല്‍റ്റിക്.
കൊളംബിയന്‍ ക്ലബ്ബ് അത്‌ലറ്റിക്കോ നാഷനല്‍ കോപ ലിബര്‍ടഡോറസ് സ്വന്തമാക്കി.
കോപ സുഡാമേരിക്കാന ഫൈനലില്‍ അത്‌ലറ്റിക്കോ നാഷനലുമായി ഏറ്റുമുട്ടേണ്ടിയിരുന്ന ബ്രസീലിയന്‍ ക്ലബ്ബ് ഷാപെകോയിന്‍സെ ടീം വിമാനപകടത്തില്‍ ഒന്നടങ്കം ഇല്ലാതായത് ഞെട്ടിക്കുന്ന ദുരന്തമായി. രണ്ട് താരങ്ങള്‍ രക്ഷപ്പെട്ടെങ്കിലും ജീവച്ഛവമായി അവര്‍ ജീവിക്കുന്നു. കറുത്ത അധ്യായമായി ഷാപ്‌കോയിന്‍സെ 2016 നെ വേട്ടയാടുന്നു.

Latest