കേരളത്തിന്റെ വികസന സ്വപ്‌നങ്ങള്‍ക്ക് പ്രവാസികള്‍ കരുത്ത് പകരണം

Posted on: December 23, 2016 9:32 pm | Last updated: December 28, 2016 at 8:19 pm
എമിറേറ്റ്‌സ് ടവറില്‍ കൊച്ചി സ്മാര്‍ട്‌സിറ്റി ബിസിനസ് മീറ്റില്‍ എം എ യൂസുഫലി സംസാരിക്കുന്നു

ദുബൈ: ചരിത്രാതീത കാലം തൊട്ടേ ദുബൈയും കേരളവുമായി ഊഷ്മളമായ ബന്ധമാണ് നിലനില്‍ക്കുന്നതെന്നും പ്രവാസികളായ മലയാളികള്‍ ഈ ബന്ധങ്ങള്‍ക്ക് കൂടുതല്‍ ദൃഢത നല്‍കാന്‍ തയ്യാറാകണമെന്നും ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം എ യൂസുഫലി.
കേരളത്തിലിപ്പോള്‍ അടിസ്ഥാന സൗകര്യ മേഖല കൂടുതല്‍ മെച്ചപ്പെട്ട നിലയിലാണ്. നിക്ഷേപങ്ങള്‍ക്ക് സൗഹൃദാന്തരീക്ഷമാണുള്ളത്. കൂടുതല്‍ വിദഗ്ധരും അഭ്യസ്ഥവിദ്യരുമായ ചെറുപ്പക്കാര്‍ കേരളത്തില്‍ അക്കാദമിക് തലം കഴിഞ്ഞിറങ്ങുന്നുണ്ട്. അവരെ ഉപയോഗപ്പെടുത്തി സാധ്യതകള്‍ ഉപയോഗപ്പെടുത്തണം. അതിന് പ്രവാസി മലയാളികളായ വ്യവസായ സംരംഭകര്‍ മുന്നോട്ടുവരണം.

കേരളത്തിലിനിയും ഒട്ടനവധി ഗുണപ്രദമായ സംരംഭങ്ങള്‍ വരേണ്ടതുണ്ട്. യുവസമൂഹത്തിന് അവരുടെ തൊഴില്‍ശക്തി നാടിന്റെ പുരോഗതിക്കായി വിനിയോഗിക്കണമെന്ന അവബോധം ഇപ്പോഴുണ്ട്. പുതുതലമുറക്ക് കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്ന സംരംഭങ്ങള്‍ക്ക് കൂടുതല്‍ ഊന്നല്‍ നല്‍കിയാല്‍ കേരളത്തിന്റെ തൊഴില്‍ശക്തി ഫലപ്രദമായി നമ്മുടെ നാട്ടില്‍ തന്നെ ഉപയോഗിക്കാന്‍ കഴിയുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
ദുബൈ എമിറേറ്റ്‌സ് ടവറില്‍ നടന്ന കൊച്ചി സ്മാര്‍ട്‌സിറ്റിയുടെ ബിസിനസ് മീറ്റില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.