സഹകരണ ബേങ്കുകളിലെ പരിശോധന രാഷ്ട്രീയപ്രേരിതം: കടകംപള്ളി സുരേന്ദ്രന്‍

Posted on: December 23, 2016 6:27 am | Last updated: December 22, 2016 at 11:28 pm

തിരുവനന്തപുരം: സംസ്ഥാനത്തെ സഹകരണ ബേങ്കുകളിലെ സി ബി ഐ എന്‍ഫോഴ്‌സ്‌മെന്റ് പരിശോധന രാഷ്ട്രീയ പ്രേരിതമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. സഹകരണ ബേങ്കുകളില്‍ എസ് എഫ് ഐ ആരംഭിക്കുന്ന അക്കൗണ്ടിന്റെ സംസ്ഥാനതല ഉദ്ഘാടനം യൂനിവേഴ്‌സിറ്റി കോളജില്‍ നിര്‍വഹിക്കാനെത്തിയ മന്ത്രി മാധ്യമപ്രവര്‍ത്തകരുമായി സംസാരിക്കുകയായിരുന്നു. സഹകരണ സ്ഥാപനങ്ങളിലെ നിക്ഷേപം സംബന്ധിച്ച കേസ് സുപ്രീം കോടതി ഭരണഘടനാ ബഞ്ചിന്റെ പരിഗണനയിലാണ്. നിരന്തരമുള്ള പരിശോധന മനഃപൂര്‍വം പ്രശ്‌നങ്ങളുണ്ടാക്കാനുള്ള നീക്കമാണെന്നും അദ്ദേഹം പറഞ്ഞു. ആര്‍ ബി ഐ നിര്‍ദേശങ്ങള്‍ക്ക് വിരുദ്ധമായൊന്നും സഹകരണ ബേങ്കുകളില്‍ നടക്കുന്നില്ല. അതുകൊണ്ടുതന്നെ ഏത് അന്വേഷണത്തെയും നേരിടാന്‍ ഒരുക്കമാണ്.

കടകംപള്ളി സഹകരണ ബേങ്കിലെ ജീവനക്കാരന്റെ മരണത്തില്‍ പോലും ബി ജെ പി രാഷ്ട്രീയ ലക്ഷ്യം കാണുകയാണെന്നും മന്ത്രി ആരോപിച്ചു. തന്റെ രക്തമോ ജീവനോ ആണ് ബി ജെ പിക്ക് ആവശ്യമെങ്കില്‍ അത് എടുത്തോളൂ, പക്ഷേ മരണം പോലും ആഘോഷമാക്കി മാറ്റുന്ന ബി ജെ പി ചെയ്യുന്നത് ക്രൂരതയാണെന്നും അദ്ദേം പറഞ്ഞു. സമ്പദ് വ്യവസ്ഥയുടെ നട്ടെല്ലായ സഹകരണ സ്ഥാപനങ്ങളെ സംരക്ഷിക്കുകയെന്നതാണ് സര്‍ക്കാര്‍ നയം. മറിച്ചുള്ള നീക്കങ്ങളെ നിയമപരമായും രാഷ്ട്രീയമായും നേരിടാനാണ് തീരുമാനമെന്നും മന്ത്രി പറഞ്ഞു. നോട്ട് അസാധുവാക്കി ബി ജെ പി സൃഷ്ടിച്ച പുകമറ അവസാനിപ്പിക്കണമെങ്കില്‍ അവര്‍ തന്നെ വിചാരിക്കണമെന്നും മന്ത്രി പറഞ്ഞു.