Connect with us

Kerala

റേഷന്‍ കാര്‍ഡ് തരംതിരിവ്; നട്ടം തിരിഞ്ഞ് കാര്‍ഡ് ഉടമകള്‍

Published

|

Last Updated

അരീക്കോട്: റേഷന്‍ കാര്‍ഡിലെ തരംതിരിവില്‍ കാര്‍ഡ് ഉടമകള്‍ നട്ടംതിരിയുന്നു. സിവില്‍ സപ്ലൈസ് വകുപ്പിന്റെ മാനദണ്ഡം നോക്കാതെയുള്ള തരംതിരിവില്‍ അര്‍ഹര്‍ പട്ടികയില്‍ നിന്ന് പുറത്തായപ്പോള്‍ സര്‍ക്കാര്‍ ജീവനക്കാര്‍ ഉള്‍പ്പെടെയുള്ള അനര്‍ഹര്‍ പട്ടികയില്‍ ഇടംപിടിക്കുകയും ചെയ്തു.

ബി പി എല്‍ പട്ടികയില്‍ ഉള്‍പ്പെടുന്നതില്‍ അപാകതയുള്ളവരായി കണ്ട നിരവധിപേര്‍ നിലവില്‍ വന്ന മുന്‍ഗണനാ പട്ടികയില്‍ അംഗങ്ങളാണ്. സര്‍ക്കാര്‍ ജീവനക്കാരാണ് ഈ പട്ടികയില്‍ ഇടംപിടിച്ചവരില്‍ അധികവും. സര്‍വീസ് പെന്‍ഷന്‍ വാങ്ങുന്നവരും പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുണ്ട്.
നേരത്തെ ബി പി എല്‍ പട്ടികയില്‍ ഉണ്ടായിരുന്നവര്‍ ഒക്‌ടോബറില്‍ ഇറങ്ങിയ മുന്‍ഗണനാ പട്ടികയില്‍ നിന്ന് തഴയപ്പെട്ടതോടെ പരാതി നല്‍കിയിരുന്നു. എന്നാല്‍ ഇവരാരും പുതിയ പട്ടികയില്‍ ഇടംകണ്ടെത്തിയിട്ടില്ല. ഇവരുടെ പരാതിപ്രകാരം ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ പരിശോധന നടത്തി വരികയാണ്. അടുത്ത മാസത്തോടെയാണ് ഈ പരാതിയില്‍ തീര്‍പ്പുണ്ടാകുക. അത്തരക്കാര്‍ക്ക് കാര്‍ഡ് ഒന്നിന് ഒമ്പത് രൂപ നിരക്കില്‍ ഒരു കിലോ വീതം അരിയും ഗോതമ്പും നല്‍കാനാണ് നിര്‍ദേശം.
എഫ് സി ഐ ഗോഡൗണ്‍ ജീവനക്കാരുടെ സമരത്തെ തുടര്‍ന്ന് നവംബറിലെ അരി യഥാസമയം റേഷന്‍ കടകളില്‍ എത്തിക്കാന്‍ സാധിച്ചിരുന്നില്ല. നിലവില്‍ നവംബറിലെ അരിയാണ് കാര്‍ഡ് ഉടമകള്‍ക്ക് നല്‍കുന്നത്. ഡിസംബറിലേത് താമസിയാതെ തന്നെ നല്‍കുമെന്നും സിവില്‍ സപ്ലൈസ് ജീവനക്കാര്‍ പറയുന്നു.

സൗജന്യ അരി ലഭിക്കുന്നവര്‍ പരിശോധനക്കായി കാര്‍ഡ് റേഷന്‍ കടകള്‍ മുഖേനെ താലൂക്ക് സപ്ലൈ ഓഫീസില്‍ സമര്‍പ്പിക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഇന്നലെ മുതല്‍ റേഷന്‍ കടക്കാര്‍ കാര്‍ഡ് ശേഖരിച്ച് വരികയാണ്. പരാതി നല്‍കിയവരുടെ വിഷയത്തിലുള്ള തീരുമാനം ജനുവരി മധ്യത്തോടെ പ്രസിദ്ധീകരിക്കുമെന്നാണ് സിവില്‍ സപ്ലൈസ് ഉദ്യോഗസ്ഥര്‍ പറയുന്നത്. ഈ റിപ്പോര്‍ട്ട് വന്നതിന് ശേഷമാണ് പുതിയ റേഷന്‍ കാര്‍ഡ് വിതരണം ചെയ്യുക.