Connect with us

National

തമിഴ്‌നാട് ചീഫ് സെക്രട്ടറിയുടെ വീട്ടില്‍ നിന്ന് 30 ലക്ഷത്തിന്റെ പുതിയ നോട്ടുകള്‍ പിടിച്ചെടുത്തു

Published

|

Last Updated

ചെന്നൈ: തമിഴ്‌നാട് ചീഫ് സെക്രട്ടറി പി രാമ മോഹന്‍ റാവുവിന്റെ വസതിയില്‍ ആദായ നികുതി വകുപ്പ് നടത്തിയ പരിശോധനയില്‍ 30 ലക്ഷത്തിന്റെ പുതിയ 2000 രൂപ കറന്‍സികളും അഞ്ച് കിലോ സ്വര്‍ണവും പിടികൂടി. ഇന്നലെ വെളുപ്പിന് 5.30 മുതല്‍ 35 സി ആര്‍ പി എഫ് ഉദ്യോഗസ്ഥരുടെ കാവലിലായിരുന്നു റെയ്ഡ്. ഇതോടൊപ്പം സെക്രട്ടേറിയറ്റിലെ ഓഫീസിലും രാമ മോഹന്‍ റാവുവിന്റെ മകന്‍ അടക്കമുള്ള ബന്ധുക്കളുടെ തമിഴ്‌നാട്ടിലും ആന്ധ്രപ്രദേശിലുമുള്ള വീടുകളിലും റെയ്ഡ് നടന്നു. മകന്‍ വിവേക് ഷെട്ടിയില്‍ നിന്ന് ഉറവിടം വെളിപ്പെടുത്താത്ത അഞ്ച് കോടി രൂപയും ഭാര്യാപിതാവില്‍ നിന്ന് ഒരു കിലോഗ്രാം വീതമുള്ള രണ്ട് സ്വര്‍ണക്കട്ടികളും പിടികൂടിയിട്ടുണ്ടെന്ന് ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥന്‍ പറഞ്ഞു.
ഖനി വ്യവസായിയും തിരുപ്പതി ദേവസ്വം ബോര്‍ഡ് മുന്‍ അംഗവുമായ ശേഖര്‍ റെഡ്ഡി ഉള്‍പ്പെടെയുള്ള ഉന്നതരുടെ വീടുകളില്‍ നടത്തിയ റെയ്ഡിന്റെ തുടര്‍ച്ചയായാണ് രാമ മോഹന്‍ റാവുവിന്റെ വസതിയിലും റെയ്ഡ് നടത്തിയത്. കഴിഞ്ഞ ദിവസം റെഡ്ഡിയുടെ വസതിയില്‍ നിന്ന് കോടികളുടെ കള്ളപ്പണം പിടികൂടിയിരുന്നു. റെഡ്ഡിയെ സി ബി ഐ ഇന്നലെ അറസ്റ്റ് ചെയ്തു. ഇയാള്‍ക്ക് തമിഴ്‌നാട്ടിലെ ഉന്നത രാഷ്ട്രീയക്കാരും ഉദ്യോഗസ്ഥരുമായി ബന്ധമുണ്ടെന്ന ആരോപണത്തിന്റെ പശ്ചാത്തലത്തിലാണ് ഇന്നലത്തെ റെയ്ഡ്.