Connect with us

Kerala

കൊടിഞ്ഞി ഫൈസല്‍ വധം: നിര്‍ണായക തെളിവുകള്‍ ലഭിച്ചു

Published

|

Last Updated

ഫൈസലിനെ വെട്ടാന്‍ ഉപയോഗിച്ച വാള്‍ ഉപേക്ഷിച്ച സ്ഥലം കേസിലെ ഒന്നാം പ്രതി പ്രജീഷ് എന്ന ബാബു പോലീസിന് ചൂണ്ടിക്കാണിച്ചു കൊടുക്കുന്നു

തിരൂര്‍: കൊടിഞ്ഞി ഫൈസല്‍ വധക്കേസില്‍ ഒന്നാം പ്രതി മംഗലം പുല്ലുണി സ്വദേശി കണക്കല്‍ പ്രജീഷ് എന്ന ബാബു(30) പുഴയില്‍ ഉപേക്ഷിച്ച ആയുധം അന്വേഷണസംഘം കണ്ടെടുത്തു. വെട്ടം ചീര്‍പ്പിനു സമീപം കുമാരന്‍പടിയില്‍ പ്രതിയെ കൊണ്ടുവന്നായിരുന്നു അന്വേഷണസംഘം തിരച്ചില്‍ നടത്തിയത്. പ്രതികള്‍ സഞ്ചരിച്ച മോട്ടോര്‍ സൈക്കിളും പോലീസ് പ്രജീഷിന്റെ വീടിനു സമീപത്ത് നിന്ന് കണ്ടെടുത്തു.

കൃത്യം നടത്തിയ ശേഷം പ്രജീഷ് അടക്കമുള്ള പ്രതികള്‍ തിരൂര്‍ തൃക്കണ്ടിയൂരിലെ ആര്‍ എസ് എസ് ആസ്ഥാനമായ സംഘമന്ദിരത്തില്‍ എത്തി വസ്ത്രങ്ങള്‍ കഴുകുകയും കരിച്ചുകളയുകയും ചെയ്തു. തുടര്‍ന്ന് പ്രജീഷ് സ്വന്തം നാടിനടുത്ത പ്രദേശമായ മംഗലം തിരുത്തുമ്മലില്‍ എത്തുകയും ഇവിടെയുണ്ടായിരുന്ന തോണിയില്‍ പോയി പുഴയുടെ മധ്യത്തില്‍ ആയുധം ഉപേക്ഷിക്കുകയായിരുന്നു. തിരൂര്‍ പൊന്നാനി പുഴയിലാണ് ആയുധം ഉപേക്ഷിച്ചത്.
പ്രതിയുമായെത്തിയാണ് ഉപേക്ഷിച്ച സ്ഥലം തിരിച്ചറിഞ്ഞ് പോലീസ് തിരച്ചില്‍ നടത്തിയത്. ഇന്നലെ ഉച്ചക്ക് 12.30ന് ആരംഭിച്ച തിരച്ചില്‍ അഞ്ച് മണിക്കൂര്‍ നീണ്ടു. വൈകിട്ട് ആറരയോടെയാണ് ഫൈസലിനെ വെട്ടാന്‍ ഉപയോഗിച്ച ആയുധം പുഴയില്‍ നിന്ന് കണ്ടെടുത്തത്. തെങ്ങ് കയറ്റക്കാര്‍ ഉപയോഗിക്കുന്ന മുക്കാല്‍ മീറ്ററോളം നീളമുള്ള കൊടുവാളാണ് കണ്ടെത്തിയത്.

മലപ്പുറം ഡി വൈ എസ് പി. പി എം പ്രദീപ്കുമാര്‍, തിരൂരങ്ങാടി സി ഐ ബാബൂരാജ്, എസ് ഐ വിശ്വനാഥന്‍ കാരയില്‍ എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് തിരച്ചിലിന് നേതൃത്വം കൊടുത്തത്. മൂന്ന് മണിവരെ ആയുധം കണ്ടെത്താന്‍ സാധിക്കാതെ വന്നതോടെ തിരച്ചിലിന് തിരൂരില്‍ നിന്നുള്ള ഫയര്‍ഫോഴ്‌സ് യൂനിറ്റിന്റെ സഹായവും തേടിയിരുന്നു. ആയുധം ഉപേക്ഷിച്ച സ്ഥലം തിരിച്ചറിയാനായി പ്രതിയെ കൊണ്ടുവന്നതിനാല്‍ പുഴയുടെ ഇരു വശവുമായി നൂറുകണക്കിന് ആളുകള്‍ തടിച്ചുകൂടിയിരുന്നു.
ആയുധം കണ്ടെടുത്ത ശേഷം പ്രതിയുടെ വീടിനു സമീപത്തു നിന്ന് കൃത്യം നടത്താന്‍ ഉപയോഗിച്ച ബൈക്ക് കണ്ടെടുത്തതായി എസ് ഐ പറഞ്ഞു. പ്രതിയുടെ മൊഴിയനുസരിച്ച് മംഗലം പുല്ലുണിയിലെ വീടിന് സമീപത്ത് നിന്നാണ് ഉപേക്ഷിച്ച ബൈക്ക് കണ്ടെത്തിയത്. നവംബര്‍ 19ന് തിരൂരങ്ങാടി കൊടിഞ്ഞി ഫാറൂഖ് നഗറില്‍ ഫൈസലിനെ കൊലപ്പെടുത്താന്‍ പ്രതികള്‍ സഞ്ചരിച്ചത് ഈ ബൈക്കിലാണ്. കണ്ടെടുത്ത ആയുധവും ബൈക്കും അന്വേഷണ ചുമതലയുള്ള ഡി വൈ എസ് പി പ്രദീപ് കുമാര്‍ കസ്റ്റഡിയിലെടുത്തു.

Latest