എഴുത്തുകാര്‍ക്കെതിരെ രാജ്യദ്രോഹ കുറ്റം ചുമത്തുന്നത് ശരിയല്ലെന്ന് കോടിയേരി

Posted on: December 20, 2016 12:18 pm | Last updated: December 20, 2016 at 4:47 pm

കോഴിക്കോട്: എഴുത്തുകാര്‍ക്കെതിരെ രാജ്യദ്രോഹ കുറ്റം ചുമത്തുന്നത് ശരിയല്ലെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍.

കമല്‍ സി. ചാവറക്കെതിരെ എടുത്ത കേസ് ന്യായീകരിക്കാന്‍ കഴിയില്ല. ഇത്തരം നടപടിക്ക് പിന്നില്‍ ചില പോലീസുകാരാണ്. ഇവര്‍ തങ്ങളുടെ താത്പര്യത്തിന് അനുസരിച്ചാണ് കേസുകള്‍ കൈകാര്യം ചെയ്യുന്നതെന്നും സര്‍ക്കാര്‍ നയമനുസരിച്ച് പ്രവര്‍ത്തിക്കാത്ത പോലീസുകാര്‍ക്കെതിരെ നടപടിയെടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കോഴിക്കോട്ട് മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു കോടിയേരി.

ഒരു പ്രത്യേക സാഹചര്യത്തിലാണ് യുഎപിഎ നിയമം കൊണ്ടുവന്നത്. ഇതിനെ ദുരുപയോഗം ചെയ്യാന്‍ പാടില്ല. തീവ്രവാദത്തിനെതിരെ നിലവില്‍ വന്ന നിയമം രാഷ്ട്രീയ പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കെതിരെ പ്രയോഗിക്കുന്നത് ശരിയല്ലെന്നും കോടിയേരി ബാലകൃഷ്ണന്‍ കൂട്ടിച്ചേര്‍ത്തു.
കഴിഞ്ഞ ദിവസം വിഎസ് അച്യുതാനന്ദനും ആഭ്യന്തര വകുപ്പിനെതിരെ രംഗത്തെത്തിയിരുന്നു.