Connect with us

Kannur

ധീരജവാന് ആയിരങ്ങളുടെ അന്ത്യാഞ്ജലി

Published

|

Last Updated

കശ്മീരില്‍ ഭീകരാക്രമണത്തില്‍ വീരമൃത്യു വരിച്ച ജവാന്‍
മട്ടന്നൂര്‍ കൊടോളിപ്രം ചക്കേലക്കണ്ടി വീട്ടില്‍ രതീഷിന്റെ മൃതദേഹം വീട്ടിലെക്ക് കൊണ്ടുവരുന്നു

കണ്ണൂര്‍: ജമ്മുകശ്മീരിലെ പാംപോറിന് സമീപം ഭീകരാക്രമണത്തില്‍ വീരമൃത്യു വരിച്ച ധീരജവാന്‍ മട്ടന്നൂര്‍ കൊടോളിപ്രം ചക്കേലക്കണ്ടി വീട്ടില്‍ രതീഷിന്റെ മൃതദേഹം സൈനിക ബഹുമതികളോടെ വീട്ടുവളപ്പില്‍ സംസ്‌ക്കരിച്ചു.
വീടിന് സമീപം പ്രത്യേകം സജ്ജമാക്കിയ പന്തലില്‍ പൊതുദര്‍ശനത്തിന് വെച്ച മൃതദേഹത്തില്‍ ആയിരക്കണക്കിനാളുകള്‍ അന്ത്യോപചാരമര്‍പ്പിച്ചു. രാവിലെ കരിപ്പൂരില്‍ വിമാന മാര്‍ഗമെത്തിച്ച മൃതദേഹം ഉച്ചക്ക് 2.15ഓടെയാണ് തുറന്ന സൈനിക വാഹനത്തില്‍ ജന്‍മദേശമായ കൊടോളിപ്രത്തെത്തിയത്. രാജ്യത്തിന് വേണ്ടി ജീവന്‍ ബലിയര്‍പ്പിച്ച ജവാന്റെ മൃതദേഹം ഒരുനോക്കുകാണാന്‍ നട്ടുച്ച വെയിലിലും വഴിയിലുടനീളം ആളുകള്‍ കാത്തുനില്‍ക്കുന്നുണ്ടായിരുന്നു. സംസ്ഥാന സര്‍ക്കാരിനു വേണ്ടി തുറമുഖ മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി അന്ത്യോപചാരമര്‍പ്പിച്ചു. പി കെ ശ്രീമതി ടീച്ചര്‍ എം പി, എം എല്‍ എമാരായ ഇ പി ജയരാജന്‍, പി സി വിഷ്ണുനാഥ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ വി സുമേഷ്, ജില്ലാ കലക്ടര്‍ മീര്‍ മുഹമ്മദലി, എസ് പി സഞ്ജയ് കുമാര്‍ ഗുരുഡിന്‍, മുന്‍ എം പിമാരായ കെ സുധാകരന്‍, എ പി അബ്ദുല്ലക്കുട്ടി, മുന്‍ എം എല്‍ എ പി ജയരാജന്‍, ജനപ്രതിനിധികള്‍, രാഷ്ട്രീയ കക്ഷികളുടെ സംസ്ഥാന-ജില്ലാതല നേതാക്കള്‍ തുടങ്ങിയവര്‍ അന്ത്യാഞ്ജലിയര്‍പ്പിച്ചു. രാവിലെ 9.10ഓടെ കരിപ്പൂര്‍ വിമാനത്താവളത്തിലെത്തിയ സൈനികന്റെ മൃതദേഹത്തെ അദ്ദേഹം അംഗമായ കോയമ്പത്തൂര്‍ 44 ഫീല്‍ഡ് റെജിമെന്റ് ഓഫീസര്‍ ലഫ്റ്റനന്റ് കേണല്‍ എം രവിചന്ദ്രന്റെ നേതൃത്വത്തിലുള്ള 19 അംഗ സൈനിക സംഘമാണ് ഏറ്റുവാങ്ങിയത്.

പരേതനായ ചക്കേലക്കണ്ടി പയ്യാടക്കന്‍ രാഘവന്‍ നമ്പ്യാരുടെയും ചക്കേലക്കണ്ടി ഓമനയമ്മയുടെയും ഏക മകനാണ് 35കാരനായ രതീഷ്. വി.സി ജ്യോതിയാണ് ഭാര്യ. അഞ്ചുമാസം പ്രായമുള്ള കാശിനാഥനാണ് ഏക മകന്‍.

 

Latest