Connect with us

Articles

ഐ എസ്, സലഫിസം: ഇവരെല്ലാം വാഴ വെട്ടിയെന്നോ?

Published

|

Last Updated

കേരളത്തില്‍ നിന്ന് ഏതാനും മാസങ്ങള്‍ക്ക് മുമ്പ് യുവാക്കള്‍ അപ്രത്യക്ഷരാകുകയും അവര്‍ ഐ എസില്‍ ചേരാനാണ് പോയതെന്ന് വാര്‍ത്ത വരികയും ചെയ്തപ്പോള്‍ വലിയ ചര്‍ച്ചകള്‍ ഉയര്‍ന്നുവന്നു. തീവ്രവാദ സംഘടനകളുടെ ഐഡിയോളജി ഏതാണെന്ന തരത്തിലുള്ള അന്വേഷണങ്ങളുണ്ടായി. കേരളത്തിലെ പുരോഗമന സ്വഭാവം പ്രകടിപ്പിക്കുന്ന മുസ്‌ലിം സംഘടനകള്‍ തുറന്നുകാട്ടപ്പെട്ട സാഹചര്യമാണ് ഇതു മൂലമുണ്ടായത്. പ്രതിരോധത്തിലായ സംഘടനകള്‍ പരസ്പരം പഴിചാരി രക്ഷപ്പെടാന്‍ ശ്രമിക്കുന്ന കാഴ്ചയും ഇതിനൊപ്പമുണ്ടായി.
ഈ ഘട്ടത്തില്‍, ഐ എസിന്റെ ഐഡിയോളജി പേറുന്ന പ്രസ്ഥാനങ്ങളെ കരുതിയിരിക്കണമെന്നും അത്തരം ആശയധാരകളെ തള്ളിപ്പറയാതെ യുവാക്കളെയും ഐ എസിനെയും തള്ളിപ്പറഞ്ഞതു കൊണ്ട് കാര്യമില്ലെന്നുമുള്ള നിലപാടിലായിരുന്നു സുന്നികള്‍. ഇതിവിടെ പറഞ്ഞപ്പോള്‍, “പുര കത്തുമ്പോള്‍ വാഴ വെട്ടുകയാണെ”ന്നും സമുദായത്തെ ഒറ്റു കൊടുക്കുകയാണെന്നുമൊക്കെയുള്ള പരിഭവങ്ങളാണ് ഇത്തരം കക്ഷികളില്‍ നിന്നുണ്ടായത്. ഇപ്പോള്‍ ഇത്തരം സംഘടനകള്‍ക്കെതിരെയുള്ള ഏത് വിമര്‍ശത്തെയും സമുദായ ഐക്യത്തിന്റെയും വാഴവെട്ടലിന്റെയും മറവില്‍ പ്രതിരോധിക്കുന്നത് പതിവായിരിക്കുന്നു. വളരെ ചെറിയ ന്യൂനപക്ഷത്തിന് വേണ്ടി സമുദായത്തെ മൊത്തം പ്രതിരോധത്തിലാക്കുന്ന ഘട്ടത്തില്‍ അത്തരക്കാരെ തുറന്നു കാട്ടി സമുദായത്തെ രക്ഷിച്ചെടുക്കുന്നതിന് പകരം അവരുടെ പാപഭാരം കൂടി എല്ലാവരും പങ്കിട്ടെടുക്കണമെന്ന നിലപാടാണ് ഇത്തരക്കാര്‍ക്ക്.

എന്നാല്‍, തീവ്രവാദം സംബന്ധിച്ച ചര്‍ച്ചകള്‍ സുന്നികള്‍ മാത്രം നടത്തിയ ഒന്നായിരുന്നില്ല. ആ സമയത്ത് വിഷയവുമായി ബന്ധപ്പെട്ട് ലേഖനമെഴുതിയവരില്‍ പ്രമുഖരുടെ വരികളാണ് ചുവടെ. അതില്‍ വിവിധ സംഘടനകളുടെ ആളുകളും ഒരു കള്ളിയിലും പെടാത്ത എഴുത്തുകാരുമുണ്ട്. മുന്‍ ആക്ഷേപമുന്നയിച്ച് സുന്നികളെ വിമര്‍ശിക്കുന്നവരും ഈ ഗണത്തിലുണ്ടെന്നതാണ് ശ്രദ്ധിക്കേണ്ടത്. ഐക്യസമ്മേളനങ്ങളുടെയും മറ്റും ഉന്മാദത്തില്‍ സുന്നികള്‍ക്കെതിരെ സമുദായവിരുദ്ധ ആരോപണമുന്നയിക്കുന്നവര്‍ക്ക് വിസ്മരിക്കാന്‍ കഴിയുമോ ഈ വരികള്‍?
കെ എം ഷാജി: “”….ഇവിടെ ശ്രദ്ധിക്കേണ്ട കാര്യം, മലയാളികള്‍ ലഷ്‌കര്‍ ഇ തൊയ്ബയിലേക്ക് റിക്രൂട്ട് ചെയ്യപ്പെട്ടു എന്ന വാര്‍ത്തയോ ഐ എസില്‍ ചേര്‍ന്നു എന്ന വാര്‍ത്തയോ പുറത്തുവന്നാല്‍, ആദ്യം വാളും പരിചയുമായി പ്രതിരോധിക്കാന്‍ രംഗത്ത് വരുന്നത് കേരളത്തില്‍ ഒരു തടസ്സവും കൂടാതെ പ്രവര്‍ത്തിക്കുന്ന ഇത്തരം മതതീവ്രവാദ സംഘടനകളാണെന്നതാണ്. ഒന്നുകില്‍ ഇത്തരം വാര്‍ത്തകളെല്ലാം വ്യാജമാണെന്നോ ഗൂഢാലോചനയുടെ പരിണിത ഫലമാണെന്നോ ഇക്കൂട്ടര്‍ നിര്‍വിശങ്കം പ്രഖ്യാപിക്കും. അല്ലെങ്കില്‍, അവയെ ഇസ്‌ലാമോഫോബിയയുടെ കണക്കില്‍ എഴുതിച്ചേര്‍ക്കും. മതതീവ്രവാദം ആഗോള തലത്തില്‍ ഒരു യാഥാര്‍ഥ്യമാണെന്നതുപോലെ, ഇസ്‌ലാമോഫോബിയയും യാഥാര്‍ഥ്യമാണെന്ന് സമ്മതിക്കുന്നു. പക്ഷേ, കാശ്മീരിലെ വനാന്തരങ്ങളില്‍ ഇന്ത്യന്‍ സൈന്യത്തോട് ഏറ്റുമുട്ടി കൊല്ലപ്പെട്ടവരെയും കനകമലയില്‍ ഒത്തുകൂടി വധപരമ്പരയും മറ്റ് വിധ്വംസക പ്രവൃത്തികളും ആസൂത്രണം ചെയ്തവരെയും ഏത് ഗൂഢാലോചനാ സിദ്ധാന്തത്തിന്റെ പേരിലാണ് ന്യായീകരിക്കാന്‍ കഴിയുക? ഏത് ഇസ്‌ലാമോഫോബിയയുടെ കള്ളിയിലാണ് പെടുത്താന്‍ കഴിയുക?
“”…..സലഫി ജിഹാദിസം: ദ ഹിസ്റ്ററി ഓഫ് ഏന്‍ ഐഡിയ എന്ന ഗ്രന്ഥത്തില്‍ ഷിറാസ് മഹര്‍ വ്യക്തമാക്കുന്നത് പോലെ, ഹാക്കിമിയ്യ എന്ന ആശയത്തിന് ആധുനിക കാലത്ത് സവിശേഷ ഊന്നല്‍ കൊടുത്തതും പ്രചാരം നല്‍കിയതും ജമാഅത്തെ ഇസ്‌ലാമിയുടെ സ്ഥാപകനായ മൗലാനാ മൗദൂദിയാണ്. അല്ലാഹുവിന്റെ ഭൂമിയില്‍ അല്ലാഹുവിന്റെ ഭരണമല്ലാതെ മറ്റൊരു ഭരണവ്യവസ്ഥയും പാടില്ലെന്നും ജനാധിപത്യവും മതനിരപേക്ഷതയും ദേശീയതയും ഭരണഘടനയുമൊക്കെ അനിസ്‌ലാമികമാണെന്നും യുദ്ധോത്സുക ഭാഷയില്‍ അവതരിപ്പിച്ചത് അദ്ദേഹമാണ്.”” (കേരളത്തിലെ ഐ എസ്. വളം വെച്ചതാര്?- മാതൃഭൂമി, ഒക്‌ടോബര്‍ 13 -2016)
എ ആര്‍ (ഒ അബ്ദുര്‍റഹ്മാന്‍): തന്റെ വോട്ട് ബേങ്ക് സംരക്ഷിക്കാനായി സലഫികളെ മൂന്നായി തരംതിരിച്ച ഷാജി രാഷ്ട്രീയ ആക്ടിവിസത്തില്‍ നിന്ന് മാറിനില്‍ക്കുകയും ഖുര്‍ആനും നബി ചര്യയുമനുസരിച്ച് ലോകത്തെവിടെയും ജീവിക്കാമെന്ന് വിശ്വസിക്കുകയും ചെയ്യുന്ന ഒന്നാമത്തെ വിഭാഗത്തില്‍ കേരള സലഫികളെ മാര്‍ഗം കൂട്ടുന്നു. അപ്പോഴും ഗള്‍ഫ് സലഫികളെയും സഊദി സലഫികളെയും കേരള സലഫികള്‍ എങ്ങനെ കാണുന്നു എന്ന് സൂചിപ്പിക്കുക പോലും ചെയ്യുന്നില്ല. സലഫികളിലെ രണ്ടും മൂന്നും വിഭാഗങ്ങളെ തള്ളിപ്പറയുന്ന കെ എം ഷാജി അവരാണ് സഊദിയിലും ഗള്‍ഫിലും ഉള്ളതെന്നും അവരെ തള്ളിപ്പറയുന്നില്ലെന്ന് മാത്രമല്ല, അവരില്‍ നിന്ന് നിരന്തരം സഹായം സ്വീകരിക്കുകയും ചെയ്യുന്നുണ്ട് കേരള സലഫികളെന്നും മനഃപൂര്‍വം മറക്കുന്നു. ഇപ്പോള്‍ കേരള പോലീസ് പിടികൂടി കേസെടുത്തിരിക്കുന്ന സലഫികള്‍ നടത്തുന്ന എറണാകുളത്തെ പീസ് സ്‌കൂളിലെ പാഠപുസ്തകത്തിലെ വിവാദമായ പരാമര്‍ശങ്ങള്‍ തന്നെയും ഗള്‍ഫ് സലഫികളുടേത് അപ്പടി പകര്‍ത്തിയത് മൂലം സംഭവിച്ചതാണെന്ന് വ്യക്തം.
….ഏറ്റവും കൗതുകകരവും ശ്രദ്ധേയവുമായ വസ്തുത ഷാജി വെള്ള പൂശാന്‍ ശ്രമിച്ച കേരള സലഫികളുടെ പ്രമുഖ പ്രബോധനകനും ഇപ്പോള്‍ പോലീസ് കേസില്‍ പെട്ട പീസ് സ്‌കൂളിന്റെ ഡയറക്ടറുമായ എം എം അക്ബര്‍ മതേതര ജനാധിപത്യത്തെകുറിച്ച് മൗദൂദിയുടെ അതേ വീക്ഷണം പങ്കിടുന്നുവെന്നുള്ളതാണ്.
….മറിച്ച് മൗദൂദികൃതികള്‍ വായിക്കുന്നതില്‍ നിന്ന് തലമുറകളെ വിലക്കുകയും ലൈബ്രറികളില്‍ നിന്ന് പോലും അവ എടുത്തുമാറ്റുകയും ചെയ്ത സലഫികളില്‍ നിന്നാണ് ഭീകര സംഘടനകള്‍ക്ക് ആളെ കിട്ടിയത്. ഇതെങ്ങനെ സംഭവിച്ചുവെന്ന് മാതൃഭൂമിയില്‍ ലേഖനങ്ങളെഴുതിയ കെ എന്‍ എം പ്രസിഡന്റ് ടി പി അബ്ദുല്ലക്കോയ മദനിയും ആര്യാടന്‍ ശൗക്കത്തും കെ എം ഷാജിയും വിശദീകരിക്കണം.(ഇസ്‌ലാമിക പ്രസ്ഥാനത്തെ താറടിക്കാന്‍ സലഫിസത്തെ വെള്ള പൂശുമ്പോള്‍- മാധ്യമം ഒക്‌ടോബര്‍ 16, 2016)
രാധാകൃഷ്ണന്‍ എം ജി: കോഴിക്കോട് സലഫി പ്രഭാഷകനെന്ന് പറയപ്പെടുന്ന ശംസുദ്ദീന്‍ ഫരീദ് എന്നൊരാള്‍ ഓണവും ക്രിസ്മസും ഒക്കെ മുസ്‌ലിംകള്‍ ആഘോഷിക്കുന്നത് അനിസ്‌ലാമികവും ശിര്‍ക്കുമാണെന്ന് പ്രസ്താവിച്ചിരിക്കുന്നു. തീര്‍ച്ചയായും ഇത് ഒറ്റപ്പെട്ട ശബ്ദമാകാം. പക്ഷേ, ഒരു ചെറിയ വിഭാഗത്തിലെങ്കിലും ഈ മനോഭാവം വളര്‍ത്താന്‍ സമീപകാലത്ത് സജീവമായ തീവ്ര സലഫിവിഭാഗങ്ങള്‍ക്ക് കഴിഞ്ഞിട്ടുണ്ട്. നദ്‌വത്തുല്‍ മുജാഹിദീന്‍ എന്ന സംഘടനയില്‍നിന്ന് പിരിഞ്ഞുപോയ തീവ്രവാദികളില്‍പെട്ടയാളാണത്രെ ഫരീദ്. ധാരാളം മുസ്‌ലിം സംഘടനകള്‍തന്നെ ഇതിനെതിരെ രംഗത്തുവന്നത് സമാധാനകരമാണ്.
മറുപക്ഷത്ത് ഹിന്ദു തീവ്രവിഭാഗത്തിലാകട്ടെ, ഓണത്തിന്റെ അടിസ്ഥാന സങ്കല്‍പങ്ങളൊക്കെ അട്ടിമറിക്കാനുള്ള നീക്കത്തിലാണ്. ഇപ്പോഴിതാ, പുതിയ ഓണം മിത്ത് സൃഷ്ടിക്കാനുള്ള ശ്രമങ്ങള്‍. … മഹാബലി എന്ന സാമ്രാജ്യവാദിയെ നിഗ്രഹിക്കുന്ന വാമനാവതാരത്തെയാണ് ഓണത്തിന് നമിക്കേണ്ടതെന്ന ഫലിതം വിളമ്പുന്നത് ഹിന്ദു ഐക്യവേദി അധ്യക്ഷ കെ പി ശശികല. അസുരരാജാവിനെയും അദ്ദേഹം ഉയര്‍ത്തിപ്പിടിച്ച സമത്വമെന്ന മൂല്യത്തെയും തമസ്‌കരിക്കുക. ഹൈന്ദവതയെയും ബ്രാഹ്മണ്യത്തെയും ഉയര്‍ത്തിപ്പിടിക്കുക. ഇതേതുടര്‍ന്ന് ഇക്കാര്യം ദേശീയതലത്തില്‍ ബി ജെ പി ഏറ്റെടുക്കുകയാണെന്ന് വെളിപ്പെടുത്തി അഖിലേന്ത്യാ അധ്യക്ഷന്‍ അമിത് ഷാ തിരുവോണത്തിന് വാമനജയന്തി ആശംസ അര്‍പ്പിച്ചിരിക്കുന്നു. വാസ്തവത്തില്‍ ഒരേ ടീമില്‍ കളിക്കുന്നവരാണ് ഫരീദും ഷായും ശശികലയും. ഫരീദിന്റെ പാസ് കൃത്യമായി സ്വീകരിച്ച് ഗോളടിക്കാന്‍ ശ്രമിക്കുകയാണ് അമിത് ഷായും ശശികലയും. (മാധ്യമം ദിനപത്രം ഒക്‌ടോബര്‍ 19, 2016)
കാസിം ഇരിക്കൂര്‍: …ഇവിടെ നിന്നും ഒരു കൂട്ടം യുവതീ യുവാക്കള്‍ ഐ എസ് പോലുള്ള തീവ്രവാദ ഗ്രൂപ്പിലേക്ക് ആകര്‍ഷിക്കപ്പെട്ടിട്ടുണ്ടെങ്കില്‍, അതിന്റെ പിന്നില്‍ വര്‍ത്തിച്ച ശക്തികള്‍ അല്ലെങ്കില്‍ ആശയങ്ങള്‍ ഏതെന്ന് കണ്ടുപിടിക്കേണ്ടതുണ്ട്….എന്തുകൊണ്ട് ഇന്ത്യയില്‍ നിന്ന് ഐ എസിലേക്ക് (ഇതിനു മുമ്പ്) ആരും റിക്രൂട്ട് ചെയ്യപ്പെട്ടില്ല എന്ന ചോദ്യത്തിന് ഉത്തരം തേടുന്നതിനിടയില്‍ ദി ഹിന്ദു പത്രത്തിന്റെ മുഖപ്രസംഗങ്ങളില്‍ ചൂണ്ടിക്കാട്ടിയ ചില വസ്തുതകളുണ്ട്. ഒന്നാമതായി, സലഫി ഇസ്‌ലാമിന് നമ്മുടെ രാജ്യത്ത് വേരോട്ടമില്ലാത്തതാണ്.
….തിരോഭവിച്ചവര്‍ തങ്ങളുടെ കൂട്ടത്തില്‍ പെട്ടവരല്ല എന്ന് സമര്‍ഥിക്കാന്‍ കേരള നദ്‌വത്തുല്‍ മുജാഹിദീനുമായി ബന്ധപ്പെട്ട സംഘടനകള്‍ ഭീകരവിരുദ്ധ ക്യാമ്പയിനും സിംപോസിയങ്ങളും വ്യാപകമായി സംഘടിപ്പിക്കുമ്പോഴും സംശയത്തിന്റെ മുന ഒരു വിഭാഗം സലഫികളിലേക്കാണ് തിരിയുന്നത്. തൃക്കരിപ്പൂരിലെ സലഫി മസ്ജിദുമായും “പീസ് സ്‌കൂളു”മായും ബന്ധപ്പെട്ട് കഴിഞ്ഞവരും അവരുമായി അടുപ്പമുള്ളവരുമാണ് ഇപ്പോയവരെല്ലാം. കേരളത്തിലെ മുസ്‌ലിംകള്‍ക്കിടയില്‍ സാമൂഹിക നവോത്ഥാനത്തിന്റെ അരുണോദയത്തിന് നാന്ദി കുറിച്ച ഉത്പതിഷ്ണുക്കളും പുരോഗമന വാദികളുമായി അറിയപ്പെടുന്ന സലഫികള്‍ ഇമ്മട്ടിലൊരു തമോഗര്‍ത്തത്തില്‍ അകപ്പെട്ടുവെന്ന ചോദ്യത്തിന് സലഫിസത്തിന്റെ, അല്ലെങ്കില്‍ വഹാബിസത്തിന്റെ ഉള്ളറകളിലേക്ക് ഊളിയിട്ടിറങ്ങേണ്ടിവരും. “വഹാബിസത്തിന്റെ ചരിത്രം അറിയില്ലെങ്കില്‍ നിങ്ങള്‍ക്ക് ഐ എസ് ഐ എസിനെ അറിയില്ല” എന്ന ശീര്‍ഷകത്തില്‍ അലസ്റ്റയര്‍ ക്രൂക് തയ്യാറാക്കിയ നീണ്ട കുറിപ്പില്‍ 18-ാം നൂറ്റാണ്ടില്‍ സഊദിയിലെ നജ്ദില്‍ ധര്‍മജ്വരത്തിന്റെ കൊടിക്കൂറ പറത്തിച്ച് രംഗപ്രവേശം ചെയ്ത ഇസ്‌ലാം പരിഷ്‌കര്‍ത്താവ് മുഹമ്മദ് ബിനു അബ്ദില്‍ വഹാബ് അവതരിപ്പിച്ച ആക്രമണോത്സുക ചിന്താധാരയുടെ ഇങ്ങേയറ്റത്തെ പ്രതിനിധാനമായാണ് ഐ എസ് തലവന്‍ അബൂബക്കര്‍ അല്‍ ബഗ്ദാദിയെ വിശേഷിപ്പിക്കുന്നത്.(പച്ചക്കുതിര, ഒക്‌ടോബര്‍ 2016)
അശ്‌റഫ് കടയ്ക്കല്‍: കേരളത്തില്‍ നിന്ന് അപ്രത്യക്ഷരായ ഇരുപത്തിയൊന്ന് പേരുടെ മതവീക്ഷണവും ഇത്തരം ആശ്രമസലഫികളുടേതിന് സമാനമാണ് എന്ന് ഏതാണ്ട് വ്യക്തമായിക്കഴിഞ്ഞു. ശുദ്ധമതത്തിന്റെ ശാദ്വല ഭൂമി തേടിപ്പോയ ഈ അഭിനവ സലഫികള്‍ ഇന്ന് ഒരു സമുദായത്തെ ഒന്നാകെ പ്രതിക്കൂട്ടിലാക്കിയിരിക്കുകയാണ്… അങ്ങനെ “ദാറുല്‍ ഇസ്‌ലാമി”ലേക്ക് പുറപ്പെട്ടുപോയ ചെറുപ്പക്കാര്‍ എത്തിപ്പെടുന്നത് ഐ എസ് എന്ന അതി ഭീകര സംഘടന ഇസ്‌ലാമിക ഖിലാഫത്ത് എന്ന പേരില്‍ വിമോചിപ്പിച്ച ഇടങ്ങളിലേക്കാണെങ്കില്‍ അത് നമ്മുടെ ദേശസുരക്ഷാ പ്രശ്‌നം കൂടിയായി മാറുമെന്നതില്‍ സംശയമില്ല. (പച്ചക്കുതിര ഓഗസ്റ്റ് 2016)
മുഹമ്മദ് മുനീബ്: കനകമലയെ സംശയത്തിന്റെ ആനുകൂല്യം നല്‍കി മാറ്റിനിര്‍ത്തിയാല്‍ പോലും കേരളത്തില്‍ നിന്ന് കാണാതായ 21 ചെറുപ്പക്കാര്‍ സ്വന്തമായെടുത്ത തീരുമാനങ്ങളുടെ പുറത്താണ് ഇസ്‌ലാമിക് സ്റ്റേറ്റിലേക്ക് പലായനം ചെയ്തതെന്ന് അവര്‍ കുടുംബത്തിനയച്ച സന്ദേശങ്ങളില്‍ നിന്ന് വ്യക്തമാണ്. പീസ് ഇന്റര്‍നാഷനല്‍ സ്‌കൂളിലെ വിവാദമായ സിലബസ് തയ്യാറാക്കിയതും അമുസ്‌ലിംകളോട് സൗഹൃദം പുലര്‍ത്തരുതെന്നാവശ്യപ്പെട്ടതും ഈ സമുദായത്തിന്റെ അകത്ത് നില്‍ക്കുന്നവരെന്നവകാശപ്പെടുന്ന ആളുകള്‍ തന്നെയാണ്. ഇത്തരം വസ്തുതകളോട് മുസ്‌ലിം പ്രതിഷേധങ്ങള്‍ എങ്ങനെ ഉത്തരവാദിത്വം പുലര്‍ത്തുമെന്നതാണ് ഇപ്പോള്‍ പ്രധാനം.(ഐ എസ് സമീപിക്കേണ്ടത് ഇങ്ങനെയോ? മാതൃഭൂമി, ഒക്‌ടോബര്‍ 22, 2016)

Latest