നിയമനം ഒരു സന്ദേശമാണ്‌

കരസേനയുടെ ചരിത്രത്തില്‍ ഒരിക്കല്‍ മാത്രമാണ് സീനിയോറിറ്റി മറികടന്ന് നിയമനം നടന്നത്. ഏകാധിപതിയാകാന്‍ മടിയില്ലെന്ന് തെളിയിച്ച ഇന്ദിരാ ഗാന്ധിയായിരുന്നു അന്ന് പ്രധാനമന്ത്രി. ഇപ്പോള്‍ ഈസ്റ്റേണ്‍ കമാന്‍ഡിനെ നയിക്കുന്ന ലഫ്റ്റനന്റ് ജനറല്‍ പ്രവീണ്‍ ബക്ഷിയെയും സതേണ്‍ കമാന്‍ഡിനെ നയിക്കുന്ന ലഫ്റ്റനന്റ് ജനറല്‍ പി എം ഹാരിസിനെയും മറികടന്നാണ് ലഫ്റ്റനന്റ് ജനറല്‍ ബിപിന്‍ റാവത്തിനെ നിയമിച്ചത്. സര്‍വീസ് രേഖകള്‍ കണക്കിലെടുത്താല്‍ പ്രവീണ്‍ ബക്ഷിയും പി എം ഹാരിസും മികവിന്റെ പര്യായങ്ങളാണ്. അത്തരക്കാരെ അവഗണിച്ച് നിയമനം നടത്തുമ്പോള്‍ ഉയര്‍ന്ന ഉദ്യോഗസ്ഥര്‍ക്ക് വ്യക്തമായൊരു സന്ദേശം നല്‍കുകയാണ്. തന്റെ ഇംഗിതങ്ങള്‍ക്കൊപ്പിച്ച് പ്രവര്‍ത്തിക്കുന്നവര്‍ മാത്രമേ പരിഗണിക്കപ്പെടൂ എന്ന സന്ദേശം. അച്ചടക്കത്തിനും മുകളില്‍ നിന്നുള്ള ഉത്തരവുകള്‍ പാലിക്കുന്നതിനും പ്രാധാന്യമുള്ള സൈന്യത്തിന്റെ കാര്യത്തില്‍ ഇത്തരം ഇടപെടലുകള്‍ ഉണ്ടാകുന്നത്, അതിന്റെ മനോഘടനയില്‍ ഉണ്ടാക്കാന്‍ ഇടയുള്ള മാറ്റങ്ങള്‍ ചെറുതല്ല.
Posted on: December 20, 2016 6:34 am | Last updated: December 19, 2016 at 11:38 pm

ഇല്ലാതാക്കിയ കറന്‍സി, വരാനിരിക്കുന്ന കറന്‍സി, കറന്‍സിയില്ലാത്ത ജീവിതത്തെക്കുറിച്ച് ഊതിപ്പെരുപ്പിച്ച പ്രതീക്ഷകള്‍ എന്നിവയില്‍ രാജ്യമിങ്ങനെ ഉലയുമ്പോള്‍ രാജ്യഭരണം നിയന്ത്രിക്കുന്നവര്‍ മറ്റ് ചിലത് എളുപ്പത്തില്‍ നടപ്പാക്കി മുന്നോട്ടുപോകുകയാണ്. അതേക്കുറിച്ചുയരുന്ന ആക്ഷേപങ്ങള്‍ ശ്രദ്ധിക്കാന്‍ അവസരമില്ലാത്ത വിധത്തില്‍ ജനം ദൈനംദിന ദുരിതവുമായി മല്ലിടുകയാണ്. ഈ തീരുമാനങ്ങള്‍ പൊടുന്നനെ ജീവിതത്തെ ബാധിക്കാനിടയില്ല എന്നത്, ഇത്തരം തീരുമാനങ്ങളുടെ ആഘാതത്തെക്കുറിച്ചുള്ള ചിന്തകളില്‍ നിന്ന് ജനത്തെ അകറ്റി നിര്‍ത്തുകയും ചെയ്യും. ഇവ ഭാവിയിലും ജനങ്ങളുടെ ദൈനംദിന ജീവിതത്തെ നേരിട്ട് ബാധിച്ചെന്ന് വരില്ല. പക്ഷേ, അതിലൂടെ സൃഷ്ടിച്ചെടുക്കുന്ന ഭാവി സാധ്യതകളെക്കുറിച്ചുള്ള ആശങ്ക, അധികാരശ്രേണിയിലെ വലിയൊരു വിഭാഗത്തെ അധികാരം കൈയാളുന്നവരുടെ ഇംഗിതമനുസരിച്ച് മാത്രം പ്രവര്‍ത്തിക്കുന്നവരാക്കി മാറ്റും. അത് ജനങ്ങളുടെ മനസ്സിലേക്ക് പടരുകയും ചെയ്യും.

2014ല്‍ ഗുജറാത്ത് മുഖ്യമന്ത്രി സ്ഥാനമൊഴിഞ്ഞ്, നരേന്ദ്ര മോദി പ്രധാനമന്ത്രി പദം ഏറ്റെടുത്തതിന് ശേഷം ഒരുവര്‍ഷത്തിനകം ഗുജറാത്തില്‍ നിന്ന് ഡല്‍ഹിയിലേക്ക് പറിച്ചുനടപ്പെട്ട ഉദ്യോഗസ്ഥരുടെ എണ്ണം ഇരുപതില്‍ അധികമാണ്. മന്ത്രിസഭയിലെ അംഗങ്ങളേക്കാള്‍ ഗുജറാത്തില്‍ നിന്നുള്ള ഉദ്യോഗസ്ഥരെയാണ് പ്രധാനമന്ത്രി വിശ്വസിക്കുന്നത് എന്ന് തമാശയായെങ്കിലും ഭരണകേന്ദ്രത്തില്‍ പരാമര്‍ശിക്കപ്പെട്ടിരുന്നു. സര്‍ക്കാറിന് വിശ്വാസമുള്ള ഉദ്യോഗസ്ഥരെ നിര്‍ണായക സ്ഥാനങ്ങളില്‍ നിയമിക്കുന്നതില്‍ തെറ്റുപറയാനാകില്ല. സര്‍ക്കാറിനേക്കാളധികം നരേന്ദ്ര മോദി എന്ന വ്യക്തിക്ക് വിശ്വാസമുള്ള ഉദ്യോഗസ്ഥരെ കേന്ദ്ര ഭരണത്തിന്റെ പ്രധാന സ്ഥാനങ്ങളില്‍ നിയോഗിക്കുമ്പോള്‍ അതിന്റെ ഉദ്ദേശ്യശുദ്ധിയില്‍ സംശയമുണ്ടാകുക സ്വാഭാവികം. ബി ജെ പിയുടെ തന്നെ ഉന്നത നേതാക്കളായ മന്ത്രിസഭാംഗങ്ങളുടെ അഭിപ്രായങ്ങള്‍ പരിഗണിക്കാതെ പോലും നിയമനങ്ങള്‍ നടക്കുകയാണെങ്കില്‍, അത് അധികാരം പൂര്‍ണമായും തന്നില്‍ കേന്ദ്രീകരിക്കുക എന്ന ലക്ഷ്യത്തോടെ നടത്തുന്നവയായി വ്യാഖ്യാനിക്കേണ്ടിവരും. നിയമനങ്ങള്‍ക്ക് നിശ്ചിതമായുള്ള നടപടിക്രമങ്ങളെ പൂര്‍ണമായും അവഗണിക്കുക കൂടി ചെയ്യുമ്പോള്‍ ഏകാധിപത്യത്തിന്റെ ലക്ഷണങ്ങള്‍ കൂടുതല്‍ പ്രകടമാകുകയാണെന്നത് വ്യാഖ്യാനത്തിനപ്പുറത്തുള്ള യാഥാര്‍ഥ്യമായി മുന്നില്‍ നില്‍ക്കും.

ഗുജറാത്തില്‍ നിന്നുള്ള ഐ പി എസ് ഉദ്യോഗസ്ഥന്‍ രാകേഷ് അസ്താനക്ക് സി ബി ഐ ഡയറക്ടറുടെ ചുമതല നല്‍കാനുള്ള തീരുമാനമാണ് ആദ്യത്തേത്. സീനയറായ രണ്ട് ഉദ്യോഗസ്ഥരെ തഴഞ്ഞ് കരസേനാ മേധാവിയായി ലഫ്റ്റനന്റ് ജനറല്‍ ബിപിന്‍ റാവത്തിനെ നിയമിച്ചതാണ് മറ്റൊന്ന്. പ്രധാനപ്പെട്ട നിയമനങ്ങളെന്ന നിലക്ക് ഇവയിലെ ക്രമവിരുദ്ധത പൊടുന്നനെ പരസ്യമായി. ഇതുപോലെ മറ്റെന്തൊക്കെ നിയമനങ്ങള്‍ ഇതിനകം നടന്നുവെന്നതില്‍ വ്യക്തതയില്ല. സി ബി ഐ ഡയറക്ടറായിരുന്ന അനില്‍ കുമാര്‍ സിന്‍ഹ ഡിസംബറില്‍ സര്‍വീസില്‍ നിന്ന് വിരമിക്കുമെന്നത് കണക്കാക്കി, പ്രധാനമന്ത്രിയുടെ കീഴിലുള്ള പേഴ്‌സണല്‍ ആന്‍ഡ് ട്രെയിനിംഗ് വകുപ്പ് 2016 ജൂലൈയില്‍ തന്നെ നടപടികള്‍ ആരംഭിച്ചിരുന്നു. സി ബി ഐ ഡയറക്ടര്‍ സ്ഥാനത്തേക്ക് പരിഗണിക്കാന്‍ യോഗ്യരായ നാല്‍പ്പതോളം ഉദ്യോഗസ്ഥരുടെ പട്ടിക തയ്യാറാക്കി കേന്ദ്ര വിജിലന്‍സ് കമ്മീഷന് സമര്‍പ്പിച്ചു. കമ്മീഷന്റെ പരിഗണനക്ക് ശേഷം വരുന്ന പട്ടിക, പ്രധാനമന്ത്രി, ലോക്‌സഭയിലെ പ്രധാന പ്രതിപക്ഷ പാര്‍ട്ടിയുടെ നേതാവ്, സുപ്രീം കോടതി ചീഫ് ജസ്റ്റിസോ അദ്ദേഹത്തിന്റെ പ്രതിനിധിയോ അടങ്ങുന്ന സമിതി പരിഗണിച്ച് ഡയറക്ടര്‍ സ്ഥാനത്തേക്ക് നിയോഗിക്കാവുന്നയാളിനെ ശിപാര്‍ശ ചെയ്യണം. നിയമനങ്ങള്‍ക്കായുള്ള കേന്ദ്ര മന്ത്രിസഭാ സമിതി (പ്രധാനമന്ത്രിയാണ് അധ്യക്ഷന്‍)യാണ് അന്തിമ തീരുമാനമെടുക്കുക എങ്കിലും നിയമനത്തില്‍ മൂന്നംഗ സമിതിയുടെ ശിപാര്‍ശക്ക് വലിയ പ്രാധാന്യമുണ്ട്.
പേഴ്‌സണല്‍ ആന്‍ഡ് ട്രെയിനിംഗ് വകുപ്പ് ജൂലൈയില്‍ ആരംഭിച്ച നടപടിക്രമങ്ങളെ അവഗണിച്ചുകൊണ്ടാണ് അവസാന നിമിഷം രാകേഷ് അസ്താനക്ക് ചുമതല നല്‍കാന്‍ പ്രധാനമന്ത്രി തീരുമാനിച്ചത്. പൊലീസിന്റെ സായുധ വിഭാഗത്തില്‍ അഡീഷണല്‍ ഡി ജി പിയായിരുന്ന രാകേഷ് അസ്താനയെ സി ബി ഐയിലേക്ക് നിയോഗിക്കുന്നത് 2016 ഏപ്രിലിലാണ്. സി ബി ഐ ഡയറക്ടര്‍ വിരമിക്കുമ്പോള്‍ പകരം നിയമനം നടത്താതെ ചുമതല നല്‍കുകയാണെങ്കില്‍ ആ വിഭാഗത്തിലെ സീനിയറായ ഉദ്യോഗസ്ഥനെ പരിഗണിക്കുകയാണ് രീതി. നിലവില്‍ സീനിറായിരുന്ന സ്‌പെഷ്യല്‍ ഡയറക്ടര്‍ ആര്‍ കെ ദത്തയെ, ആഭ്യന്തര വകുപ്പിലെ സ്‌പെഷ്യല്‍ സെക്രട്ടറിയാക്കി മാറ്റി, രണ്ട് ദിവസത്തിന് ശേഷമാണ് രാകേഷ് അസ്താനക്ക് ചുമതല നല്‍കിയത്.

ഗുജറാത്തില്‍ ഉദ്യോഗസ്ഥനായിരിക്കെ രാകേഷ് അസ്താന അന്വേഷിച്ച പ്രധാന കേസുകളില്‍ ഒന്ന് ഗോധ്രയില്‍ സബര്‍മതി എക്‌സ്പ്രസിന്റെ ആറാം നമ്പര്‍ ബോഗിക്ക് തീപ്പിടിച്ച് 58 പേര്‍ മരിച്ച സംഭവമായിരുന്നു. സബര്‍മതി എക്‌സ്പ്രസിന് നേര്‍ക്കുണ്ടായ ആക്രമണം ശ്രദ്ധയോടെ ആസൂത്രണം ചെയ്ത് കൃത്യമായി നടപ്പാക്കിയ ഗൂഢാലോചനയായിരുന്നുവെന്ന് അന്വേഷണം ഏറ്റെടുത്തപ്പോള്‍ തന്നെ പ്രഖ്യാപിച്ച ഉദ്യോഗസ്ഥനാണ് അസ്താനയെന്നത് പ്രത്യേകം ഓര്‍ക്കേണ്ടതാണ്. നരേന്ദ്ര മോദിയുടെയും ഗുജറാത്തില്‍ ആഭ്യന്തര സഹമന്ത്രിയായിരുന്ന ഇപ്പോഴത്തെ ബി ജെ പി പ്രസിഡന്റ് അമിത് ഷായുടെയും വിശ്വസ്തനായി അറിയപ്പെടുന്നയാളുമാണ് അസ്താന. ഇതിലപ്പുറമെന്ത് യോഗ്യതയാണ് ഉന്നത സ്ഥാനത്തേക്കുള്ള നിയമനത്തിന് വേണ്ടത് എന്നതാണ് ചോദ്യം. ഈ ചോദ്യം സ്ഥാനക്കയറ്റം ആഗ്രഹിക്കുന്ന ഉദ്യോഗസ്ഥരൊക്കെ അഭിമുഖീകരിക്കേണ്ടിവരും. അധികാര കേന്ദ്രത്തിന്റെ നല്ല പട്ടികയില്‍ ഇടം പിടിക്കാനുള്ള ശ്രമം ഇവരില്‍ വലിയൊരു വിഭാഗം ആരംഭിക്കുകയും ചെയ്യും.

കരസേനാ മേധാവിയെ നിയമിച്ചപ്പോഴും ഇതേ പാത നരേന്ദ്ര മോദി (സര്‍ക്കാര്‍) പിന്തുടര്‍ന്നുവെന്ന് വേണം കരുതാന്‍. കരസേനയുടെ ചരിത്രത്തില്‍ ഒരിക്കല്‍ മാത്രമാണ് സീനിയോറിറ്റി മറികടന്ന് നിയമനം നടന്നത്. ഏകാധിപതിയാകാന്‍ മടിയില്ലെന്ന് തെളിയിച്ച ഇന്ദിരാ ഗാന്ധിയായിരുന്നു അന്ന് പ്രധാനമന്ത്രി. ഈസ്റ്റേണ്‍ കമാന്‍ഡിനെ നയിക്കുന്ന ലഫ്റ്റനന്റ് ജനറല്‍ പ്രവീണ്‍ ബക്ഷിയെയും സതേണ്‍ കമാന്‍ഡിനെ നയിക്കുന്ന ലഫ്റ്റനന്റ് ജനറല്‍ പി എം ഹാരിസിനെയും മറികടന്നാണ് ലഫ്റ്റനന്റ് ജനറല്‍ ബിപിന്‍ റാവത്തിനെ നിയമിച്ചത്. അതിര്‍ത്തിയിലെ സംഘര്‍ഷാവസ്ഥയും ഭീകരാക്രമണങ്ങള്‍ തുടരുന്ന സാഹചര്യവും കണക്കിലെടുത്താണ് കൂടുതല്‍ മികവുണ്ടെന്ന് കരുതുന്ന ബിപിന്‍ റാവത്തിനെ നിയമിച്ചത് എന്നാണ് സര്‍ക്കാറിന്റെ വിശദീകരണം. സര്‍വീസ് രേഖകള്‍ കണക്കിലെടുത്താല്‍ പ്രവീണ്‍ ബക്ഷിയും പി എം ഹാരിസും മികവിന്റെ പര്യായങ്ങളാണ്. അത്തരക്കാരെ അവഗണിച്ച് നിയമനം നടത്തുമ്പോള്‍ സൈന്യത്തിലെ ഉയര്‍ന്ന ഉദ്യോഗസ്ഥര്‍ക്ക് വ്യക്തമായൊരു സന്ദേശം നല്‍കുകയാണ്. തന്റെ ഇംഗിതങ്ങള്‍ക്കൊപ്പിച്ച് പ്രവര്‍ത്തിക്കുന്നവര്‍ മാത്രമേ പരിഗണിക്കപ്പെടൂ എന്ന സന്ദേശം. അച്ചടക്കത്തിനും മുകളില്‍ നിന്നുള്ള ഉത്തരവുകള്‍ വള്ളിപുള്ളി തെറ്റാതെ പാലിക്കുന്നതിനും പ്രാധാന്യമുള്ള സൈന്യത്തിന്റെ കാര്യത്തില്‍ ഇത്തരം ഇടപെടലുകള്‍ ഉണ്ടാകുന്നത്, അതിന്റെ മനോഘടനയില്‍ ഉണ്ടാക്കാന്‍ ഇടയുള്ള മാറ്റങ്ങള്‍ ചെറുതല്ല.
സേനാ മേധാവികളെ മൂന്ന് മാസം മുമ്പ് നിശ്ചയിക്കുക എന്നതാണ് പതിവ്. അതിന് തയ്യാറാകാതിരുന്നതിനും കാരണങ്ങളുണ്ട്. സീനിയോറിറ്റി മറികടന്നുള്ള നിയമനമുണ്ടായാല്‍, അവസരം നിഷേധിക്കപ്പെട്ടവര്‍ ചോദ്യം ചെയ്യാന്‍ സാധ്യതയുണ്ട്. അതിനുള്ള സാധ്യത അടക്കുന്നതിന് വേണ്ടിയാകണം പ്രഖ്യാപനം വൈകിപ്പിച്ചത്. വിവിധ മന്ത്രാലയങ്ങളില്‍ സെക്രട്ടറി തസ്തികയിലേക്ക് പരിഗണിക്കുന്നവരെ അതേ മന്ത്രാലയത്തില്‍ പ്രത്യേക ചുമതലയുള്ള ഉദ്യോഗസ്ഥരാക്കി നിയമിക്കുന്നത് പതിവായി സ്വീകരിച്ചിട്ടുണ്ട് നരേന്ദ്ര മോദി. സെക്രട്ടറിമാര്‍ സ്ഥാനമൊഴിയുമ്പോഴേക്കും പ്രത്യേക ചുമതലയുള്ള ഉദ്യോഗസ്ഥര്‍ക്ക് കാര്യങ്ങള്‍ പരിചയിക്കാന്‍ അവസരമുണ്ടാക്കുന്നതിന് വേണ്ടിയാണ് ഈ രീതി അവലംബിക്കുന്നത് എന്നാണ് വിശദീകരണം. അത്രയും ശ്രദ്ധ പുലര്‍ത്തുന്നവര്‍ സി ബി ഐ ഡയറക്ടറുടെയും സേനാ മേധാവിയുടെയുമൊക്കെ കാര്യത്തില്‍ തീരുമാനം അവസാനനിമിഷത്തേക്ക് വെക്കുന്നത്, ചില താത്പര്യങ്ങളുടെ സംരക്ഷണം ഉദ്ദേശിച്ച് തന്നെയാകണം. ആ താത്പര്യങ്ങള്‍, രാജ്യം പിന്തുടരുന്ന ജനാധിപത്യ, മതനിരപേക്ഷ, ഫെഡറല്‍ സംവിധാനങ്ങള്‍ക്ക് ഏത് വിധത്തില്‍ പരുക്കേല്‍പ്പിക്കുന്നതാണ് എന്നതാണ് പ്രധാനപ്പെട്ട ചോദ്യം.

സി ബി ഐ ഡയറക്ടറുടെ ചുമതല നല്‍കപ്പെട്ട രാകേഷ് അസ്താന, ഒടുവില്‍ അന്വേഷിച്ചിരുന്ന കേസ്, ഇറ്റാലിയന്‍ കമ്പനിയായ അഗസ്റ്റ വെസ്റ്റ്‌ലാന്‍ഡില്‍ നിന്ന് ഹെലിക്കോപ്റ്ററുകള്‍ വാങ്ങിയതിലെ അഴിമതി ആരോപണവുമായി ബന്ധപ്പെട്ടതാണ്. ആരോപണത്തിന്റെ മുന കോണ്‍ഗ്രസ് നേതൃത്വത്തിലുള്ളവരിലേക്കും മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗിലേക്കും തിരിക്കുന്നതില്‍ രാകേഷ് അസ്താന എന്തെങ്കിലും പങ്ക് വഹിച്ചിട്ടുണ്ടോ? അത് ഫലപ്രദമായി തുടരുക എന്ന ഉദ്ദേശ്യം ചുമതല ഏല്‍പ്പിക്കലിന് പിറകിലുണ്ടോ? സി ബി ഐ ഡയറക്ടര്‍ സ്ഥാനം അസ്താനക്ക് വൈകാതെ നല്‍കുമെന്ന റിപ്പോര്‍ട്ടുകളുടെ കൂടി പശ്ചാത്തലത്തില്‍ ഈ ചോദ്യം ഏറെ പ്രസക്തമാണ്. നോട്ട് പിന്‍വലിക്കലിനെത്തുടര്‍ന്ന് പ്രതിരോധത്തിലായ നരേന്ദ്ര മോദിക്ക്, വിമര്‍ശകരൊക്കെ അഴിമതിക്കാരോ കള്ളപ്പണക്കാരോ ആണെന്ന് തെളിയിക്കാന്‍ അഗസ്റ്റ വെസ്റ്റ്‌ലാന്‍ഡ് കേസ് ഉപയോഗിക്കാന്‍ ആലോചന നടക്കുന്നുണ്ടോ? അധികാരത്തിലിരിക്കുന്നവര്‍, സ്വന്തം താത്പര്യ സംരക്ഷണത്തിനായി പലവിധത്തില്‍ ഉപയോഗിച്ചിട്ടുണ്ട് സി ബി ഐയെ. അതിന്റെ കൂടുതല്‍ വിശാലമായ തുടര്‍ച്ചക്ക് രാകേഷ് അസ്താന ഒരുപക്ഷേ ആയുധമായേക്കും.

നിയമനത്തില്‍ അധികാരത്തിന്റെ ഇംഗിതം പ്രധാനമാകുമ്പോള്‍ അധികാരത്തിന്റെ രാഷ്ട്രീയത്തിനൊപ്പം നില്‍ക്കുക എന്ന ചുമതല നിങ്ങള്‍ക്കുണ്ടെന്ന് ഓര്‍മിപ്പിക്കുക കൂടിയാണ്. ആ രാഷ്ട്രീയത്തിന്റെ സുഗമമായ മുന്നോട്ടുപോക്കിനെ സഹായിക്കും വിധത്തിലുള്ള തീരുമാനങ്ങളാണ് ഉദ്യോഗസ്ഥരില്‍ നിന്ന് പ്രതീക്ഷിക്കുന്നതെന്ന ഓര്‍മപ്പെടുത്തലും. ഇപ്പോള്‍ നിയമിക്കപ്പെട്ടവരെ മാത്രമല്ല, ഉദ്യോഗസ്ഥവൃന്ദത്തെയൊന്നാകെ. അതിന് തയ്യാറുള്ളവര്‍ മാത്രം മേല്‍ഗതി പ്രതീക്ഷിച്ചാല്‍ മതിയെന്ന തോന്നലുണ്ടാകുമ്പോള്‍ ഏകപക്ഷീയമായ ഏത് തീരുമാനവും അടിച്ചേല്‍പ്പിക്കാന്‍ മടിയുണ്ടാകില്ല ഉദ്യോഗസ്ഥര്‍ക്ക്. അതില്‍ മടികാട്ടുന്നവര്‍ക്ക് അനഭിമതരുടെ പട്ടികയില്‍ ഇടംപിടിച്ച് മരവിക്കാമെന്നല്ലാതെ മറ്റൊന്നിനും നിര്‍വാഹമുണ്ടാകില്ല. അത്തരമൊരു കാലം ജനങ്ങളുടെ സ്വാതന്ത്ര്യത്തെ ഇപ്പോഴുള്ളതിനേക്കാളും വലിയ ഭീഷണിക്ക് മുന്നിലേക്ക് എത്തിക്കും. അപ്പോള്‍ മാത്രമേ ഇത്തരം തീരുമാനങ്ങള്‍ തങ്ങളുടെ ജീവിതത്തെ ഏത് വിധത്തില്‍ ബാധിക്കുന്നുവെന്ന് ജനം തിരിച്ചറിയൂ. അപ്പോഴേക്കും അധികാരത്തെ ചോദ്യംചെയ്യാനുള്ള ത്രാണി ജനത്തിന് നഷ്ടമായിട്ടുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നുണ്ടാകും നരേന്ദ്ര മോദി (സര്‍ക്കാര്‍).