ഐഎസ്എല്‍: ഇന്ന് കലാശപ്പോര്

Posted on: December 18, 2016 12:43 am | Last updated: December 17, 2016 at 11:46 pm

കൊച്ചി: അറബിക്കടലിന്റെ ഓളപ്പരപ്പുകളില്‍ ഫുട്‌ബോള്‍ ആവേശത്തിന്റെ അലയൊലികള്‍ തീര്‍ത്ത് ഹീറോ ഇന്ത്യന്‍ സൂപ്പര്‍ലീഗിന്റെ ഫൈനല്‍ പോരാട്ടം ഇന്ന്. കലൂര്‍ ജവഹര്‍ലാല്‍ നെഹ്‌റു അന്താരാഷ്ട്ര സ്റ്റേഡിയത്തില്‍ നടക്കുന്ന കലാശപ്പോരാട്ടില്‍ കേരള ബ്ലാസ്റ്റേഴ്‌സും അത്‌ലറ്റിക്കോ ഡി കൊല്‍ക്കത്തയും ഏറ്റുമുട്ടുമ്പോള്‍ പോരാട്ടം തീ പാറുമെന്നുറപ്പ്. വൈകീട്ട് ഏഴിന് നടക്കുന്ന മത്സരം സ്റ്റാര്‍ സ്‌പോര്‍ട്‌സ് ചാനലുകളില്‍ തത്സമയം കാണാം. ആദ്യ സീസണിന്റെ തനിയാവര്‍ത്തനമാണ് ഇത്തവണത്തെ ഫൈനല്‍. 2014ലെ ഐ എസ് എല്‍ പ്രഥമ എഡിഷനില്‍ അത്‌ലറ്റിക്കോ ഡി കൊല്‍ക്കത്തയാണ് ചാമ്പ്യന്മാരായത്. കേരള ബ്ലാസ്റ്റേഴ്‌സിനെ എതിരില്ലാത്ത ഒരു ഗോളിന് തോല്‍പ്പിച്ചായിരുന്നു കൊല്‍ക്കത്ത കിരീടമുയര്‍ത്തിയത്. ഇരമ്പിയാര്‍ക്കുന്ന മഞ്ഞക്കടലിന് കീഴില്‍ സീസണിലെ കഴിഞ്ഞ ആറ് മത്സരങ്ങളില്‍ നേടിയ വിജയ പരമ്പര തുടരാനാണ് ബ്ലാസ്റ്റേഴ്‌സ് ലക്ഷ്യമിടുന്നത്. ഇരമ്പിയാര്‍ക്കുന്ന ആരാധര്‍ക്ക് നടുവില്‍ കിരീടം നേടാന്‍ കഴിയുമെന്ന വിശ്വാസമാണ് താരങ്ങള്‍ക്കുമുള്ളത്.
12-ാമനായെത്തുന്ന ആരാധകരുടെ പിന്തുണയാണ് ബ്ലാസ്റ്റേഴ്‌സിന്റെ ഏറ്റവും വലിയ കരുത്ത്. ഇവിടെ കളിച്ച മത്സരങ്ങളില്‍ പകുതിയിലും ക്ലീന്‍ ഷീറ്റ് ആയിരുന്നു. സ്വന്തം തട്ടകത്തില്‍ ആകെ നാല് ഗോളുകള്‍ മാത്രമേ ടീം വഴങ്ങിയിട്ടുള്ളൂ. കിരീടം നേടാന്‍ ഏറ്റവും അനുകൂലമായ അന്തരീക്ഷം ആണ് ഒരുങ്ങിയിരിക്കുന്നതെന്ന് കോച്ച് സ്റ്റീവ് കോപ്പല്‍ പറയുന്നു. ആരാധകരുടെ പിന്തുണ ഏറെ ഗുണകരമാണെങ്കിലും ആരാധകര്‍ കളിക്കാനിറങ്ങരുതെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി. സ്വന്തം ഗ്രൗണ്ടില്‍ കപ്പ് നേടുക എന്നതില്‍ കുറഞ്ഞ മറ്റൊന്നും ആരാധകര്‍ ആഗ്രഹിക്കില്ല. മികച്ച രീതിയില്‍ കളിക്കുന്ന ടീമിന് ആയിരിക്കും ജയിക്കാനും കപ്പ് സ്വന്തമാക്കാനും കഴിയുക. ഇരു ടീമുകളും ഈ യാഥാര്‍ഥ്യം തീര്‍ച്ചയായും ഉള്‍ക്കൊണ്ടാണ് കളിക്കാനിറങ്ങുക. എന്നാല്‍ കാണികളുടെ അകമഴിഞ്ഞ പിന്തുണ കൊണ്ട് ഗോള്‍ നേടാന്‍ കഴിയില്ല. ഗോള്‍ എതിരെ വീഴുന്നത് തടയാനും കഴിയില്ലെന്നും സ്റ്റീവ് കോപ്പല്‍ പറഞ്ഞു.
കഴിഞ്ഞ സീസണിലെ ഗോവയുടെ തോല്‍വിയാണ് ഇതിന് ഉദാഹരണമായി ചൂണ്ടിക്കാട്ടുന്നത്. സ്വന്തം തട്ടകത്തില്‍ ഗോവ ഫൈനലില്‍ ചെന്നൈയിന്‍ എഫ് സിയോട് തോല്‍ക്കുകയായിരുന്നു. കൊച്ചി നെഹ്‌റു സ്റ്റേഡിയത്തില്‍ കേരള ബ്ലാസ്റ്റേഴ്‌സിനെ തോല്‍പ്പിച്ച ചരിത്രവും കൊല്‍ക്കത്തക്കുണ്ട്. ഈ സീസണിലെ ലീഗ് റൗണ്ടിലെ ആദ്യ പാദത്തില്‍ ഹാവി ലാറയുടെ 53 ാം മിനുട്ടിലെ ഗോളില്‍ ആയിരുന്നു ബ്ലാസ്റ്റേഴ്‌സിന്റെ തോല്‍വി. അതേപോലെ ഇരുടീമുകളും തമ്മില്‍ പരസ്പരം പോരാടിയ കഴിഞ്ഞ അഞ്ച് മത്സരങ്ങളുടെ കണക്ക് എടുത്താലും കൊല്‍ക്കത്തയാണ് മുന്നില്‍. ഒരു ജയം പോലും ബ്ലാസ്റ്റേഴ്‌സിന് അവകാശപ്പെടാനില്ല. അതേസമയം, നാല് മത്സരങ്ങളില്‍ കൊല്‍ക്കത്ത ജയിച്ചു. ഒരു മത്സരം 1-1നു സമനിലയിലും പര്യവസാനിച്ചു. കണക്കുകള്‍ കൊല്‍ക്കത്തക്ക് ഒപ്പമാണെങ്കിലും പ്രവചനങ്ങള്‍ ഏറെയും ബ്ലാസ്റ്റേഴ്‌സിന് അനുകൂലമാണ്.
ആരോണ്‍ ഹ്യൂസ്, സെഡ്രിക് ഹെംഗ്ബര്‍ട്ട്, സന്ദേശ് ജിങ്കാന്‍ എന്നിവരടങ്ങുന്ന പ്രതിരോധ നിര കേരളത്തിന്റെ കരുത്താണ്. എന്നാല്‍ ഹോസു സസ്‌പെന്‍ഷനിലായി കളിക്കാനിറങ്ങാത്തത് തിരിച്ചടിയാകും. സീസണില്‍ ഏറ്റവും കൂടുതല്‍ ഗോളുകള്‍ നേടിയ ഇന്ത്യന്‍ താരമായ സി കെ വിനീത്, ബെല്‍ഫോര്‍ട്ട്, ഡങ്കന്‍ നാസോണ്‍ എന്നിവരടങ്ങുന്ന മുന്നേറ്റ നിരയിലാണ് കേരളത്തിന്റെ പ്രതീക്ഷകളത്രയും.
കാണികളുടെ വന്‍ പിന്തുണ സന്ദര്‍ശക ടീമിന് തലവേദന ഉണ്ടാക്കുമെന്ന കാര്യം കൊല്‍ക്കത്തയുടെ തുറുപ്പ്ചീട്ടായ ഹെല്‍ഡര്‍ പോസ്റ്റിഗ സമ്മതിക്കുന്നു. ഐ എസ് എല്ലിലെ ഏറ്റവും ഗംഭീര അന്തരീക്ഷമാണ് കൊച്ചിയിലേത്. ഇവിടെ കളിക്കുമ്പോഴാണ് ബ്ലാസ്റ്റേഴ്‌സ് എത്ര കടുപ്പമേറിയ ടീമാണെന്നു കാണുവാനാകുന്നതെന്നും അദ്ദേഹം പറഞ്ഞു. സീസണില്‍ ഏറ്റവും സ്ഥിരത കാണിച്ച ടീമാണ് കൊല്‍ക്കത്തയെന്നും വിജയിക്കാന്‍ വേണ്ടി ശ്രമിക്കുമെന്നും കൊല്‍ക്കത്ത ടീം പരിശീലകന്‍ ഹോസെ മൊളിനൊ പറഞ്ഞു.