ബിപിന്‍ റാവത്ത്, ധനോവ കര, വ്യോമസേനാ മേധാവിമാരാകും

Posted on: December 17, 2016 11:33 pm | Last updated: December 18, 2016 at 12:33 pm

ന്യൂഡല്‍ഹി: ലഫ്റ്റനന്റ് ജനറല്‍ ബിപിന്‍ റാവത്ത് കരസേനാ മേധാവിയാകും. വ്യോമസേനയുടെ അടുത്ത മേധാവി എയര്‍ മാര്‍ഷല്‍ ബി എസ് ധനോവ ആയിരിക്കുമെന്നും കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ചു. പതിനൊന്നാം ഗൂര്‍ഖാ റൈഫിള്‍സ് അഞ്ചാം ബറ്റാലിയന്‍ അംഗമായിരുന്നു ലഫ്റ്റനന്റ് ജനറല്‍ റാവത്ത്. ഇപ്പോള്‍ വൈസ് ചീഫ് ഓഫ് ആര്‍മി സ്റ്റാഫ് ആണ്. നിലവില്‍ കരസേനാ മേധാവിയായ ജനറല്‍ ദല്‍ബീര്‍ സിംഗ് സുഹാഗും വ്യോമസേനാ മേധാവിയായ എയര്‍ ചീഫ് മാര്‍ഷല്‍ അരൂപ് റാഹയും ഈ മാസം 31ന് വിരമിക്കും.
റിസര്‍ച്ച് ആന്‍ഡ് അനാലിസിസ് വിംഗി(റോ) ന്റെയും ഐ ബി യുടെയും പുതിയ സാരഥികളെയും സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുണ്ട്. 1981 ബാച്ച് മധ്യപ്രദേശ് കേഡര്‍ ഐ പി എസ് ഉദ്യോഗസ്ഥനും ബലൂചിസ്ഥാന്‍ വിദഗ്ധനുമായ അനില്‍ ധസ്മാനയായിരിക്കും പുതിയ റോ തലവന്‍. 1980 ബാച്ച് ഝാര്‍ഖണ്ഡ് കേഡര്‍ ഐ പി എസ് ഉദ്യോഗസ്ഥന്‍ രാജീവ് ജെയിന്‍ ആയിരിക്കും ഐ ബിയുടെ പുതിയ മേധാവി. റോയുടെ തലപ്പത്തുള്ള രജീന്ദര്‍ ഖന്ന 31ന് വിരമിക്കും. ദിനേശ്വര്‍ ശര്‍മയാണ് നിലവിലെ ഐ ബി മേധാവി.