ഗള്‍ഫില്‍നിന്നും യൂറോപ്പിലേക്ക് വിമാന യാത്രക്കാര്‍ കുറയുന്നു

Posted on: December 17, 2016 7:41 pm | Last updated: December 17, 2016 at 7:41 pm

ദോഹ: ഗള്‍ഫ് രാജ്യങ്ങളില്‍നിന്നും യൂറോപ്യന്‍ രാജ്യങ്ങളിലേക്ക് യാത്രക്കാരുടെ വര്‍ധനയില്‍ ഇടിവുണ്ടാകുമെന്ന് റിപ്പോര്‍ട്ട്. ഒരു പതിറ്റാണ്ടായി ഗള്‍ഫ് വിമാനങ്ങള്‍ യൂറോപ്പിലേക്കുള്ള സീറ്റുകള്‍ വര്‍ധിപ്പിച്ചു കൊണ്ടിരുന്നപ്പോള്‍ അടുത്ത വര്‍ഷത്തോടെ വര്‍ധനയില്‍ കുറവുണ്ടാകുമെന്നണ് ബ്ലൂംബര്‍ഗ് തയാറാക്കിയ അന്വേഷണ റിപ്പോര്‍ട്ടില്‍ പറയുന്നത്. ഗള്‍ഫിലെ മുന്‍നിര വിമാനങ്ങളായ ഖത്വര്‍ എയര്‍വേയ്‌സ്, ഇത്തിഹാദ്, എമിറേറ്റ്‌സ് വിമാനങ്ങളെയാണ് ഇടിവ് ബാധിക്കുന്നത്. വിമാനങ്ങള്‍ അടുത്ത വര്‍ഷങ്ങളില്‍ ഉയര്‍ത്തുന്ന സീറ്റ് ശേഷിയുടെ കണക്കുകള്‍ ഉദ്ധരിച്ചാണ് ഇടിവ് റിപ്പോര്‍ട്ട് ചെയ്യുന്നത്.
കഴിഞ്ഞ 12 വര്‍ഷത്തിനിടെ യൂറോപ്യന്‍ രാജ്യങ്ങളിലേക്കുള്ള വിമാന സീറ്റുകള്‍ മൂന്നു വിമാനങ്ങളിലുമായി ആറു മടങ്ങ് വര്‍ധിച്ചിരുന്നു. എന്നാല്‍ അടുത്ത വര്‍ഷം ആദ്യ പാദത്തില്‍ വര്‍ധനത്തോതില്‍ 4.1 ശതമാനത്തിന്റെ ഇടിവുണ്ടാകും. തുടര്‍ന്നുള്ള മാസങ്ങളിലും ഇടിവ് തുടരും. 2004 മുതല്‍ ഗള്‍ഫില്‍നിന്നും യൂറോപ്പിലേക്കുള്ള ഏറ്റവും കുറഞ്ഞ സീറ്റ് വര്‍ധനയാണ് അടുത്ത വര്‍ഷം നടക്കാന്‍ പോകുന്നത്. എണ്ണ വിപണിയുടെ തളര്‍ച്ചയും മിഡില്‍ ഈസ്റ്റ് മേഖലയിലെ ആക്രമണങ്ങളുമാണ് യാത്രക്കാര്‍ കുറയുന്നതിന് കാരണമായി പറയുന്നത്.
തുര്‍ക്കിയും ഫ്രാന്‍സും തമ്മിലുള്ള തര്‍ക്കം മൂര്‍ച്ഛിക്കുകയും ആക്രമണങ്ങള്‍ നടക്കുകയും ചെയ്ത ശേഷം ചൈനയില്‍ നിന്നും യൂറോപ്പിലേക്കുള്ള ടൂറിസ്റ്റുകള്‍ വന്‍ തോതില്‍ കുറഞ്ഞിട്ടുണ്ടെന്ന് എമിറേറ്റ്‌സ് ചെയര്‍മാന്‍ ടിം ക്ലാര്‍ക്ക് പറഞ്ഞു. 100 മുതല്‍ 300 പേര്‍ വരെയുള്ള സംഘങ്ങളായാണ് അവര്‍ യാത്ര ചെയ്തിരുന്നത്. അന്‍കാരയിലും പാരീസിലും ആക്രമണങ്ങള്‍ നടന്നതിനു ശേഷം ചൈനക്കാര്‍ യാത്ര നിര്‍ത്തുകയായിരുന്നുവെന്ന് അദ്ദേഹം ബ്ലൂംബര്‍ഗിനു നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. യൂറോപ്പിലേക്കുള്ള സീറ്റുകളില്‍ അടുത്ത വര്‍ഷം 3.2 ശതമാനം വര്‍ധനയാണ് എമിറേറ്റ് നടത്താന്‍ തീരുമാനിച്ചിരിക്കുന്നത്. കഴിഞ്ഞ വര്‍ഷത്തെ വര്‍ധന 11.6 ശതമാനമായിരുന്നു. ഇത്തിഹാദിന്റെ വര്‍ധന 1.5 ശതമാനത്തില്‍ മാത്രം ഒതുങ്ങും. 2015നെ അപേക്ഷിച്ച് 6.1 ശതമാനത്തിന്റെ ഇടിവാണിത്. എന്നാല്‍ ഖത്വര്‍ എയര്‍വേയ്‌സ് സീറ്റുകളില്‍ 7.4 ശതമാനത്തിന്റെ വര്‍ധനയാണുണ്ടാകുക. ഇതാകട്ടെ മുന്‍ വര്‍ഷത്തെ വര്‍ധനവിനേക്കാള്‍ 20.5 ശതമാനം താഴെയാണ്.
അതിനിടെ അമേരിക്കന്‍ റൂട്ടുകളില്‍ ഗള്‍ഫിലെ മുന്‍നിര വിമാനത്രയങ്ങള്‍ക്ക് (എമിറേറ്റ്‌സ്, ഇത്തിഹാദ്, ഖത്വര്‍ എയര്‍വേയ്‌സ്) അമേരിക്കന്‍ റൂട്ടില്‍ ഓപണ്‍ സ്‌കൈ പോളിസി അനുവദിച്ചു കിട്ടുന്നതിന് വഴിയൊരുങ്ങുന്നതായി മറ്റൊരു റിപ്പോര്‍ട്ട്. അമേരിക്കന്‍ സ്റ്റേറ്റ് സെക്രട്ടറിയായി എക്‌സോണ്‍ മൊബില്‍ സി ഇ ഒ റെക്‌സ് ടില്ലര്‍സണെ നിയോഗിക്കാനുള്ള ഡൊണാള്‍ഡ് ട്രംപിന്റെ തീരുമാനമാണ് പ്രതീക്ഷ ഉയര്‍ത്തുന്നത്. അദ്ദേഹം ഓപണ്‍ സ്‌കൈ പോളിസിക്ക് അനുകൂല നിലപാടെടുത്തേക്കുമെന്ന് യു എസ് ട്രാവല്‍ അസോസിയേഷന്‍ പ്രത്യാശ പ്രകടിപ്പിച്ചു. ഇത് യു എസ്, യൂറോപ്യന്‍, ഗള്‍ഫ് വിമാനങ്ങള്‍ക്ക് ഒരു പോലെ ഗുണകരമാകും. അടുത്ത വര്‍ഷമാണ് അദ്ദേഹം ചുമതലയേല്‍ക്കുക.
അമേരിക്കയിലെ മൂന്നു വിമാന കമ്പനികള്‍ ഗള്‍ഫ് വിമാനത്രയങ്ങക്കെതിരെ ആരോപണവുമായി രംഗത്തു വന്നതിനെത്തുടര്‍ന്നുണ്ടായ തര്‍ക്കം നിലനില്‍ക്കുന്നുണ്ട്. ഗള്‍ഫ് വിമാനങ്ങള്‍ സര്‍ക്കാര്‍ സബ്‌സിഡി പറ്റുന്നുണ്ടെന്നും അതുകൊണ്ടു തന്നെ അവയ്ക്ക് ഓപണ്‍ സ്‌കൈ പോളിസി ആനുകൂല്യം നല്‍കരുതെന്നുമായിരുന്നു ആവശ്യം. ഗള്‍ഫ് വിമാനങ്ങള്‍ ആരോപണം നിഷേധിച്ചിരുന്നു. പ്രശ്‌നം അന്തിമ തീര്‍പ്പു കല്‍പ്പിക്കാത്ത പശ്ചാത്തലത്തില്‍ ട്രംപ് അധികാരത്തില്‍ വന്നത്. ആശങ്കക്കിടയാക്കി. തിരഞ്ഞെടുപ്പിനു മുമ്പ് യു എസ് വിമാനങ്ങള്‍ക്ക് അനുകൂലമായി അദ്ദേഹം നിലപാടെടുത്തിരുന്നതാണ് കാരണം. എന്നാല്‍ എക്‌സോണ്‍ മൊബില്‍ സി ഇ ഒ സ്റ്റേറ്റ് സെക്രട്ടറി സ്ഥാനത്തേക്ക് പ്രഖ്യാപിക്കപ്പെട്ടപ്പോള്‍ തന്നെ യു എസ് ട്രാവല്‍ അസോസിയേഷന്‍ പ്രസിഡന്റും സി ഇ ഒയുമായ റോഗര്‍ ഡോ അതിനെ സ്വാഗതം ചെയ്തു കൊണ്ട് രംഗത്തു വരികയും ഓപണ്‍സ്‌കൈ പോളിസി വിഷയത്തില്‍ മികച്ച തീരുമാനങ്ങളുണ്ടാകുമെന്ന് പ്രസ്താവന നടത്തുകയും ചെയ്തു. ഗള്‍ഫ് വിമാനങ്ങളുമായുള്ള പ്രശ്‌നം എടുത്തു പറഞ്ഞു കൊണ്ടായിരുന്നു പ്രസ്താവന.
രാജ്യാന്തര ബിസിനസ്മാന്‍ എന്ന നിലയില് അദ്ദേഹത്തിന്റെ പരിചയും ഇത്തരം കാര്യങ്ങളില്‍ തീരുമാനമെടുക്കുന്നതിനെ സ്വാധീനിക്കും. ലോക രാജ്യങ്ങളുമായി നിരന്തരം ബന്ധപ്പെട്ടു കിടക്കുന്ന രാജ്യം എന്ന നിലയിലും ആഗോള തലത്തില്‍ അമേരിക്കയുടെ സ്ഥാനം ഉയര്‍ത്താന്‍ ഉത്തരവാദിത്തമുള്ളയാള്‍ എന്ന നിലയിലും അദ്ദേഹം പ്രവര്‍ത്തിക്കുമെന്നാണ് പ്രതീക്ഷ.