Connect with us

Kozhikode

കാട്ടാന ശല്യം: കരിങ്ങാട് മേഖലയില്‍ സോളാര്‍ വേലിയും കരിങ്കല്‍ ഭിത്തിയും സ്ഥാപിക്കും

Published

|

Last Updated

കുറ്റിയാടി: കാട്ടാനശല്യം മൂലം പൊറുതിമുട്ടിയ കാവിലും പാറ പഞ്ചായത്തിലെ കരിങ്ങാട് മേഖലയില്‍ ഇ കെ വിജയന്‍ എം എല്‍ എയുടെ നേതൃത്വത്തില്‍ വനം വകുപ്പ് ഉദ്യോഗസ്ഥരും ജനപ്രതിനിധികളും സന്ദര്‍ശനം നടത്തി.

ജില്ലാ ഫോറസ്റ്റ് ഓഫീസര്‍ സുനില്‍കുമാര്‍, കുറ്റിയാടി ഫോറസ്റ്റ് റേഞ്ച് ഓഫീസര്‍ സതീശന്‍, കാവിലുംപാറ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് അന്നമ്മ ജോര്‍ജ്, പി സുരേഷ്, പി ജി ജോര്‍ജ് മാസ്റ്റര്‍, ശ്രീജ കുയ്യടി എന്നിവരും എം എല്‍ എയെ അനുഗമിച്ചിരുന്നു. കാവിലുംപാറ പഞ്ചായത്ത് ഓഫീസില്‍ നടന്ന അവലോകന യോഗത്തില്‍ പഞ്ചായത്ത് പ്രസിഡന്റ് അന്നമ്മ ജോര്‍ജ് അധ്യക്ഷത വഹിച്ചു.

വന്യമൃഗശല്യം രൂക്ഷമായ കരിങ്ങാട് മേഖലയില്‍ പത്തേക്കര്‍ ഭാഗത്ത് സോളാര്‍ വേലിയും ഒരു കിലോ മീറ്റര്‍ ദൂരത്തില്‍ കരിങ്കല്‍ ഭിത്തിയും നിര്‍മിക്കും. ഇതിനായി ഒരു കോടി 35 ലക്ഷം രൂപയുടെ അംഗീകാരം ലഭിച്ചതായി അധികൃതര്‍ അറിയിച്ചു. കരിങ്ങാട് മേഖലയില്‍ കാട്ടാനകള്‍ ഉള്‍പ്പെടെയുള്ള വന്യമൃഗങ്ങള്‍ കാര്‍ഷിക വിളകള്‍ നശിപ്പിക്കുന്നതും ജനവാസ കേന്ദ്രങ്ങളില്‍ കൂട്ടമായി എത്തി ഭീതി പരത്തുന്നതും നിത്യ സംഭവമാണ്. കഴിഞ്ഞ ദിവസം കാട്ടാനകളും രണ്ട് കുട്ടികളും ഇറങ്ങി കര്‍ഷകരെ വിരട്ടിയോടിച്ചിരുന്നു. ഇതേ തുടര്‍ന്ന് കര്‍ഷകര്‍ സമരം നടത്തുകയും സ്ഥലത്തെത്തിയ അധികൃതരെ തടഞ്ഞുവെക്കുകയും ചെയ്തു. ശക്തമായ നടപടി സ്വീകരിക്കുമെന്നും വനം വകുപ്പിലെ ഉയര്‍ന്ന ഉദ്യോഗസ്ഥര്‍ കര്‍ഷകരുടെ പരാതികള്‍ കേള്‍ക്കുമെന്നും ഉറപ്പ് നല്‍കിയ സാഹചര്യത്തിലാണ് ഇന്നലെ അവലോകന യോഗം നടത്തിയത്.

Latest