ഗവ. പോളിടെക്‌നിക് കോളജില്‍ റാഗിംഗ്: ഏഴ് വിദ്യാര്‍ഥികള്‍ക്കെതിരെ കേസെടുത്തു

Posted on: December 16, 2016 7:22 am | Last updated: December 16, 2016 at 12:24 am

കോട്ടയം: നാട്ടകം ഗവ. പോളിടെക്‌നിക് കോളജില്‍ ഒന്നാം വര്‍ഷ വിദ്യാര്‍ഥിയെ ക്രൂരമായ റാഗിംഗിന് വിധേയരാക്കിയ ഏഴ് മുതിര്‍ന്ന വിദ്യാര്‍ഥികള്‍ക്കെതിരേ പോലീസ് കേസെടുത്തു. പോളിടെക്‌നിക് കോളജിലെ ഒന്നാം വര്‍ഷ വിദ്യാര്‍ഥിയായ എറണാകുളം സ്വദേശിയെ റാഗിംഗിന് വിധേയരാക്കിയ മൂന്നാം വര്‍ഷ വിദ്യാര്‍ഥികളായ അഭിലാഷ്, മനു, രണ്ടാം വര്‍ഷ വിദ്യാര്‍ഥികളായ നിധിന്‍, പ്രവീണ്‍, ശരണ്‍, ജെറിന്‍, ജയപ്രകാശ് എന്നിവര്‍ക്കെതിരെയാണ് ചിങ്ങവനം എസ് ഐ എം എസ് ഷിബു കേസെടുത്തത്.

സംഭവത്തില്‍ പ്രതികളായ ഏഴ് പേരെയും കോളജില്‍ നിന്ന് സസ്‌പെന്റ് ചെയ്തു. കഴിഞ്ഞ രണ്ടിനായിരുന്നു കേസിനാസ്പദമായ സംഭവം. ഒന്നാം വര്‍ഷ മെക്കാനിക്കല്‍ വിഭാഗം വിദ്യാര്‍ഥിയായ എറണാകുളം സ്വദേശിയെ രണ്ടും മൂന്നും വര്‍ഷ വിദ്യാര്‍ഥികള്‍ ചേര്‍ന്ന് റാഗിംഗിന് വിധേയനാക്കുകയായിരുന്നു. പോളിടെക്‌നിക് കോളജിന്റെ ഹോസ്റ്റലില്‍ വിദ്യാര്‍ഥിയെ എത്തിച്ച ശേഷം പൂര്‍ണ നഗ്‌നനാക്കി, അന്‍പത് പുഷ്അപ്പും, നൂറു സിറ്റപ്പിനും വിധേയനാക്കി.
തുടര്‍ന്നു വിദ്യാര്‍ഥിയെ ബാത്ത്‌റൂമില്‍ മണിക്കൂറുകളോളം വെള്ളം തലയില്‍ ഒഴിച്ചു നിര്‍ത്തുകയും ചെയ്തു. പിറ്റേന്ന് രാവിലെ ശരീരവേദനയും പനിയും അനുഭവപ്പെട്ട വിദ്യാര്‍ഥി എറണാകുളത്തെ വീട്ടിലേക്കു പോവുകയായിരുന്നു. തുടര്‍ന്നു എറണാകുളം ജനറല്‍ ആശുപത്രിയില്‍ വിദ്യാര്‍ഥി ചികിത്സ തേടി. ഇവിടെ നിന്നുള്ള റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തില്‍ കുട്ടിയുടെ മൊഴിയെടുത്ത ചേരാനെല്ലൂര്‍ പൊലീസ് സംഭവത്തില്‍ കേസെടുത്തു. തുടര്‍ന്നു കേസ് ചിങ്ങവനം പോലീസിന് കൈമാറുകയായിരുന്നു. വിദ്യാര്‍ഥിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ റാഗിംഗ് വിരുദ്ധ നിയമത്തിന്റെ അടിസ്ഥാനത്തില്‍ പോലീസ് കേസെടുത്തിട്ടുണ്ട്.