ഫൈനല്‍ ടിക്കറ്റെല്ലാം തീര്‍ന്നു; പ്രതിഷേധം

Posted on: December 16, 2016 12:05 am | Last updated: December 16, 2016 at 12:05 am

കൊച്ചി: ഞായറാഴ്ച കലൂരില്‍ നടക്കുന്ന ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫൈനലിന്റെ ടിക്കറ്റുകള്‍ മുഴുവന്‍ വിറ്റുതീര്‍ന്നു. ഓണ്‍ലൈന്‍ ടിക്കറ്റുകള്‍ ഇന്നലെ പുലര്‍ച്ചെ തന്നെ തീര്‍ന്നിരുന്നു. ബോക്‌സ് ഓഫീസ് ടിക്കറ്റുകള്‍ ഉച്ചയോടെയും പൂര്‍ണമായി വിറ്റുതീരുകയായിരുന്നു.

ഓണ്‍ലൈന്‍ ടിക്കറ്റ് വില്‍പന നേരത്തെ തുടങ്ങിയിരുന്നുവെങ്കിലും കേരളം ഫൈനലിലെത്തിയതോടെയാണ് ശരവേഗത്തില്‍ വിറ്റുപോയത്. കേരളം ജയിച്ചാല്‍ മാത്രം ടിക്കറ്റെടുക്കാമെന്ന ധാരണയില്‍ പലരും മുന്‍കൂര്‍ ബുക്ക് ചെയ്യാതെ കാത്തിരിക്കുകയായിരുന്നു. എന്നാല്‍ ഫൈനലിലെത്തിയതിന് തൊട്ടുപിന്നാലെ ഓണ്‍ലൈന്‍ ടിക്കറ്റ് ബുക്ക് ചെയ്യാന്‍ ബ്ലാസ്‌റ്റേഴ്‌സ് ഫാന്‍സിന്റെ തള്ളികയറ്റമായിരുന്നു. ഇതിന് മുമ്പ് കൊല്‍ക്കത്ത ആരാധകര്‍ പകുതിയോളം ടിക്കറ്റുകള്‍ സ്വന്തമാക്കിയിരുന്നു. ഏതാണ്ട് ഇന്നലെ രാവിലെയോടെ തന്നെ ഓണ്‍ലൈന്‍ ടിക്കറ്റുകളുടെ വില്‍പന അവസാനിപ്പിച്ചു. വേറൊരിടത്തും ടിക്കറ്റ് വില്‍പനയില്ലാത്തതിനാല്‍ മണിക്കൂറുകളോളം സ്‌റ്റേഡിയത്തിലെ ബോക്‌സ് ഓഫീസിന് മുന്നില്‍ കാത്തുനിന്ന നിരവധി പേര്‍ ടിക്കറ്റ് കിട്ടാതെ നിരാശരായി മടങ്ങി, കുറഞ്ഞ ടിക്കറ്റുകള്‍ മാത്രമേ വില്‍പനക്ക് വെച്ചുള്ളു എന്നാരോപിച്ച് ഒരുവിഭാഗം ബോക്‌സ് ഓഫീസിന് മുന്നില്‍ പ്രതിഷേധിച്ചു. സംഘര്‍ഷം ഒഴിവാക്കാന്‍ സ്ഥലത്ത് പോലീസ് സംഘവും എത്തി. ഔദ്യോഗികമായി 55,000 പേര്‍ക്ക് കളി കാണാനുള്ള സൗകര്യമാണ് കലൂര്‍ രാജ്യാന്തര സ്‌റ്റേഡിയത്തിലുള്ളത്.

ബ്ലോക്ക് ഡി, ബ്ലോക്ക് ബി ടിക്കറ്റുകള്‍ക്ക് പുറമേ നേരത്തേ 200 രൂപക്ക് വിറ്റിരുന്ന ഗാലറി ടിക്കറ്റുകള്‍ ഇത്തവണ 300 രൂപക്കാണ് വിറ്റത്. ബ്ലോക്ക് എ, സി, ഇ ടിക്കറ്റുകള്‍ക്ക് 500 രൂപയായിരുന്നു വില. 500 രൂപയുടെ ഭൂരിഭാഗം ടിക്കറ്റുകളും ഓണ്‍ലൈനില്‍ തന്നെ വിറ്റുതീര്‍ന്നതിനാല്‍ 300 രൂപയുടെ ടിക്കറ്റുകള്‍ മാത്രമാണ് ഇന്നലെ ബോക്‌സ്ഓഫീസില്‍ വില്‍പനക്കായി വച്ചത്. വിവിഐപി സീറ്റുകളുടെ എണ്ണം വര്‍ധിപ്പിക്കാന്‍ വി ഐ പി സീറ്റുകളും വി വി ഐ പി ഭാഗത്തുള്ള ചെയര്‍ ടിക്കറ്റുകളും സംഘാടകര്‍ വെട്ടിക്കുറച്ചു. അതിനാല്‍ 500 രൂപയുടെ കുറഞ്ഞ എണ്ണം ടിക്കറ്റുകള്‍ മാത്രമേ വില്‍പനക്കുണ്ടായുള്ളു.

നോര്‍ത്ത് ഈസ്റ്റിനെതിരായ അവസാന ലീഗ് മത്സരത്തില്‍ കാണികളുടെ തള്ളിക്കയറ്റം മൂലം സ്‌റ്റേഡിയത്തില്‍ സംഘര്‍ഷമുണ്ടായിരുന്നു. ഇത്തരം സംഭവങ്ങള്‍ ഫൈനല്‍ മത്സരത്തില്‍ ആവര്‍ത്തിക്കാതിരിക്കാനുള്ള മുന്നൊരുക്കത്തിലാണ് സംഘാടകര്‍.