Connect with us

Gulf

2022ല്‍ അബുദാബിയില്‍ ലോക നിലവാരത്തില്‍ തീം പാര്‍ക്

Published

|

Last Updated

അബുദാബി യാസ് ദീപില്‍ നിര്‍മിക്കുന്ന ലോക നിലവാരത്തിലുള്ള തീം പാര്‍കായ സീ വേള്‍ഡ് തീം പാര്‍കിന്റെ നിര്‍മാണം 2022 പൂര്‍ത്തിയാകുമെന്ന് ഡെവലപ്പര്‍ മിറാള്‍ സി ഇ ഒ മുഹമ്മദ് അബ്ദുല്ല അല്‍ സആബി വ്യക്തമാക്കി, മിറാള്‍ നിര്‍മിക്കുന്ന നാലാമത്തെ തീം പാര്‍കാണ് സീ വേള്‍ഡ്. പുതിയ തീം പാര്‍കില്‍ റൈഡുകള്‍, അക്വേറിയം, റെസ്‌ക്യൂ എന്നിവ ഉള്‍പെടും.

രാജ്യത്തെ മറൈന്‍ജീവിതം ഗവേഷണ പുനരധിവാസ കേന്ദ്രം, തദ്ദേശ ആഗോള ഗവേഷണ കേന്ദ്രം, മറൈന്‍ ശാസ്ത്രജ്ഞര്‍, മേഖലയിലെ ആവാസ വ്യവസ്ഥകളുടെ പഠന കേന്ദ്രം എന്നിവയും ഒരുക്കും അദ്ദേഹം പറഞ്ഞു. യാസ് ദ്വീപിലെ ഫെറാറി വേള്‍ഡിന് സമീപത്താണ് നിര്‍മിക്കുന്നതെങ്കിലും, പാര്‍കിന്റെ വലുപ്പം കൃത്യമായി ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. എന്നാല്‍ മേഖലയില്‍ വെച്ച് ഏറ്റവും വലിയ തീം പാര്‍കായിരിക്കുമെന്ന് ഡവലപ്പര്‍മാരായ മിറാള്‍ വൃത്തങ്ങള്‍ അറിയിച്ചു. മൂന്ന് തീം പാര്‍കുകളാണ് നിലവില്‍ അബുദാബിയില്‍ മിറാലിനുള്ളത്. ഫെറാറി വേള്‍ഡ്, യാസ് വാട്ടര്‍ വേള്‍ഡ്, വാര്‍ണര്‍ ബ്രോസ് എന്നിവ. ഇതില്‍ നിന്നും തികച്ചും വ്യത്യസ്തമായ രീതിയിലാണ് പുതിയ പാര്‍കിന്റെ രൂപകല്‍പന. നിര്‍മാണം പുരോഗമിച്ചുവരുന്ന മിറാളിന്റെ പുതിയ സംരംഭമായ സ്‌കൈ ഡൈവിംഗ് സെന്റര്‍ 2018ല്‍ തുറക്കും. ലോകത്തിലെ വിശാലമായ ഇന്‍ഡോര്‍ സ്‌കൈഡൈവിംഗ് കേന്ദ്രമാണിത്. അതുപോലെ നിര്‍മാണം പുരോഗമിക്കുന്ന വാര്‍ണര്‍ ബ്രോസ് തീം പാര്‍ക് 2018ല്‍ തുറക്കാന്‍ ലക്ഷ്യമിടുന്നതായി സി ഇ ഒ മുഹമ്മദ് അബ്ദുല്ല അല്‍ സആബി പറഞ്ഞു.

നിര്‍മാണം പുരോഗമിക്കുന്ന ഹോട്ടലിന്റെ മുറികളുടെ എണ്ണം 2,500ല്‍ നിന്നും 4,000 ആയി വര്‍ധിപ്പിച്ചതായും 2018ല്‍ നിര്‍മാണം പൂര്‍ത്തിയാക്കി തുറന്നുകൊടുക്കുമെന്നും യാസ് ദ്വീപിനെ ലോകത്തിലെ ഏറ്റവും വലിയ വിനോദ സഞ്ചാര കേന്ദ്രമാക്കുക എന്നതാണ് ലക്ഷ്യമാക്കുന്നതെന്നും അദ്ദേഹം അറിയിച്ചു. യാസ് ദ്വീപില്‍ നിലവില്‍ 24 ദശലക്ഷം സന്ദര്‍ശകരാണ് എത്തുന്നത്. എന്നാല്‍ 2022ല്‍ 48 ദശലക്ഷം സന്ദര്‍ശകരെയാണ് ലക്ഷ്യംവെക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

ബ്യൂറോ ചീഫ്, സിറാജ്, അബൂദബി

Latest