ഇന്‍ഷ്വറന്‍സ് പദ്ധതി; പിഴയില്‍ ഇളവുണ്ടാകില്ല

Posted on: December 15, 2016 7:36 pm | Last updated: December 15, 2016 at 7:36 pm

ദുബൈ: ആരോഗ്യ പരിരക്ഷാ പദ്ധതി ഇന്‍ഷ്വറന്‍സ് അംഗത്വം എടുക്കാത്തവര്‍ക്കുള്ള പിഴയില്‍ ഇളവുണ്ടാകില്ലെന്ന് ഹെല്‍ത് അതോറിറ്റി അധികൃതര്‍ വ്യക്തമാക്കി. ഈ മാസം 31ന് മുമ്പായി ഹെല്‍ത് ഇന്‍ഷ്വറന്‍സ് എടുക്കണം. 2017 ജനുവരി ഒന്നു മുതല്‍ ഓരോ മാസവും 500 ദിര്‍ഹം വീതം പിഴയായി അടക്കേണ്ടി വരും. നാട്ടില്‍ അവധിക്ക് പോയവര്‍ക്കും ഇത് ബാധകമാണ്. വിസ പുതുക്കുന്നതു വരെ കാത്തിരുന്നാല്‍ വന്‍ പിഴയായിരിക്കും നല്‍കേണ്ടി വരിക.

പ്രവാസികളുടെ ആശുപത്രി ചെലവുകള്‍ ലഘൂകരിക്കുക എന്ന ഉദ്ദേശ്യത്തോടു കൂടിയാണ് ദുബൈ ഹെല്‍ത് അതോറിറ്റി ഈ നിര്‍ദേശങ്ങള്‍ മുന്നോട്ട് വെച്ചിരിക്കുന്നത്. വിസ പുതുക്കുമ്പോള്‍ മാത്രമാണ് ഹെല്‍ത് ഇഷ്വറന്‍സിന്റെ ആവശ്യകത എന്ന ധാരണ ശരിയല്ല. തൊഴിലാളികളെടുത്തില്ലെങ്കില്‍ തൊഴിലുടമ പിഴ അടക്കണം. മാതാപിതാക്കള്‍ക്കാണെങ്കില്‍ സ്‌പോണ്‍സര്‍ ചെയ്ത മക്കള്‍ അടക്കണം. ഭാര്യയോ മക്കളോ ആണെങ്കില്‍ ഭര്‍ത്താവ് അടക്കണം.
ഏറ്റവും കുറഞ്ഞ പ്രീമിയം 650 ദിര്‍ഹമാണ്. ഇത് തൊഴിലാളികള്‍ക്കുള്ളതാണ്. ഗ്രോസറികള്‍, റെസ്റ്റോറന്റുകള്‍, ചെറുകിട സ്ഥാപനങ്ങള്‍ എന്നിവര്‍ക്ക് ഉപകാരപ്രദമാണിത്. 45 വയസിന് താഴെയുള്ള സ്ത്രീകള്‍ക്ക് പ്രസവാനുകൂല്യങ്ങള്‍ ഉള്ള പ്രീമിയത്തിന് 1,750 ദിര്‍ഹമാണ്. മക്കളുടെ സ്‌പോണ്‍സര്‍ഷിപ്പിലുള്ള പ്രായമേറിയ മാതാപിതാക്കള്‍ക്കാണെങ്കില്‍ 2,500 ദിര്‍ഹം.
ഈ വര്‍ഷം ജൂണ്‍ വരെയായിരുന്നു ഇന്‍ഷ്വറന്‍സ് എടുക്കാന്‍ അനുവദിച്ചിരുന്ന സമയപരിധി. എന്നാല്‍ ഗ്രെയ്‌സ് പീരിയഡ് നല്‍കി ഇത് ഈ മാസം 31 വരെ നീട്ടുകയായിരുന്നു.