സഹിഷ്ണുതയില്‍ യു എ ഇ ലോകശ്രദ്ധ നേടുന്നു: ശൈഖ ലുബ്‌ന

Posted on: December 15, 2016 7:33 pm | Last updated: December 16, 2016 at 9:45 pm
SHARE
അറബ് സോഷ്യല്‍ മീഡിയ ഇന്‍ഫഌവസേസ് സമ്മിറ്റില്‍
മന്ത്രി ശൈഖ ലുബ്‌ന അല്‍ ഖാസിമി സംസാരിക്കുന്നു

ദുബൈ: പുതിയ ക്യാബിനറ്റ് പദവികള്‍ സൃഷ്ടിച്ചുകൊണ്ട് തദ്ദേശീയര്‍ക്ക് കൂടുതല്‍ അവസരങ്ങള്‍ ഒരുക്കുന്നതില്‍ യു എ ഇ ചരിത്രം സൃഷ്ടിക്കുകയാണെന്ന് സഹിഷ്ണുതാകാര്യ മന്ത്രി ശൈഖ ലുബ്‌ന അല്‍ ഖാസിമി പറഞ്ഞു.
പുതിയ ക്യാബിനറ്റ് പദവികള്‍ ഭരണാധികാരികളുടെ ദീര്‍ഘ വീക്ഷണത്തിന്റെയും സഹിഷ്ണുതയും സാംസ്‌കാരിക വൈവിധ്യങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിന്റെയും ഫലമാണ്. യുവ സമൂഹത്തിനെ ഭരണ തലത്തിലേക്കെത്തിച്ചു മധ്യ പൗരസ്ത്യ മേഖലയില്‍ ശ്രദ്ധേയമായ ചുവടുവെപ്പുകളാണ് യു എ ഇയുടേത്. രാജ്യത്ത് അധിവസിക്കുന്ന ജനങ്ങളുടെ സന്തോഷമാണ് ഇതിലൂടെ ലക്ഷ്യം വെക്കുന്നത്. ദുബൈ വേള്‍ഡ് ട്രേഡ് സെന്ററില്‍ നടന്ന അറബ് സോഷ്യല്‍ മീഡിയ ഇന്‍ഫഌവന്‍സേസ് സമ്മിറ്റില്‍ സംസാരിക്കുകയായിരുന്നു ശൈഖ ലുബ്‌ന. വിവിധ സംഘടനകള്‍ക്കായി രൂപം കൊടുത്തിട്ടുള്ള ടൊളറന്‍സ് റെസ്‌പോന്‍സിബിലിറ്റി പ്രോഗ്രാമിലൂടെ രാജ്യത്ത് സഹിഷ്ണുതാ കാര്യ പ്രവര്‍ത്തനങ്ങള്‍ ഊര്ജിതമാക്കേണ്ടതുണ്ട്.

രാഷ്ട്രപിതാവ് ശൈഖ് സായിദ് ബിന്‍ സുല്‍ത്താന്‍ അല്‍ നഹ്‌യാന്റെ വീക്ഷണപ്രകാരമുള്ള തത്വങ്ങളില്‍ നിന്നാണ് സഹിഷ്ണുതാകാര്യങ്ങള്‍ക്കായുള്ള പദ്ധതികള്‍ക്ക് ആശയങ്ങള്‍ രൂപീകരിക്കുന്നത്. രാജ്യത്തു സാഹോദര്യവും സൗഹാര്‍ദവും കൂടുതല്‍ ഊട്ടിയുറപ്പിക്കുന്നതിന് യു എ ഇ ഭരണാധികാരികള്‍ തുടരുന്ന നടപടികള്‍ മൂലം അറബ് വംശജര്‍ക്കും അല്ലാത്തവര്‍ക്കും കൂടുതല്‍ സൗഹാര്‍ദപരമായ അന്തരീക്ഷത്തില്‍ തൊഴിലെടുക്കുന്നതിനും താമസിക്കുന്നതിനും യു എ ഇ മുഖ്യശ്രദ്ധാകേന്ദ്രമായി മാറിയെന്ന് ശൈഖ ലുബ്‌ന പറഞ്ഞു. തീവ്രവാദവും ആക്രമണങ്ങളും ദൈനംദിനം വര്‍ധിച്ചുകൊണ്ടിരിക്കുന്ന ഘട്ടത്തില്‍ രാജ്യത്തെ ജനങ്ങള്‍ക്കിടയില്‍ സമാധാനത്തിനും സാഹോദര്യത്തിനും സഹിഷ്ണുതാ ആശയങ്ങള്‍ കൂടുതല്‍ പ്രചരിപ്പിക്കേണ്ടതുണ്ട്. ഇസ്‌ലാമിന്റെ തനതു മൂല്യങ്ങളാണ് രാജ്യത്ത് പ്രചരിപ്പിക്കുന്നത്. 200ലധികം രാജ്യങ്ങളിലെ ജനങ്ങള്‍ രാജ്യത്തു സാഹോദര്യത്തോടെ അധിവസിക്കുന്നത് ഇസ്‌ലാമിന്റെ സമഭാവനയുടെ പാഠങ്ങള്‍ ഉള്‍കൊണ്ട ഭരണാധികാരികളുടെ നേതൃപാടവം കൊണ്ടാണെന്നും ശൈഖ ലുബ്‌ന ചൂണ്ടി കാട്ടി.

LEAVE A REPLY

Please enter your comment!
Please enter your name here