റവന്യൂ പട്ടയ ഭൂമിയിലുള്ള റിസര്‍വ് ഈട്ടി മരങ്ങള്‍ : വീടുകള്‍ക്കും, കാര്‍ഷിക വിളകള്‍ക്കും ഭീഷണിയാവുന്നു

Posted on: December 11, 2016 2:31 pm | Last updated: December 11, 2016 at 2:31 pm

കല്‍പ്പറ്റ: റവന്യൂ പട്ടയ ഭൂമിയിലുള്ള കാലപ്പഴക്കും മൂലം ഉണങ്ങി ദ്രവിച്ചും, കേടാപാടുകള്‍ സംഭവിച്ച നൂറുകണക്കിന് ഈട്ടി മരങ്ങളാണ് റിസര്‍വ്വ് ഈട്ടി മരങ്ങള്‍ ജില്ലയിലെ നിരവധി വീടുകള്‍ക്കും, കാര്‍ഷിക വിളകള്‍ക്കും ഭീഷണിയാവുന്നു.
വീടുകള്‍ക്ക് സമീപവും, കൃഷിയിടങ്ങളിലും നിലകൊള്ളുന്നമരങ്ങളാണ് ഭീഷണിയാകുന്നത്. 1943 കാലത്ത് ഭക്ഷ്യക്ഷാമം പരിഹരിക്കുന്നതിനായി ബ്രിട്ടീഷ് സര്‍ക്കാര്‍ ഗ്രോമോര്‍ ഫുഡ് എന്ന പദ്ധതി ആവിഷ്‌കരിച്ചതിനെ തുടര്‍ന്ന് കൃഷി ചെയ്യാതെ കിടന്നിരുന്ന സര്‍ക്കാര്‍ ഭൂമി കര്‍ഷകര്‍ക്ക് കൃഷി ചെയ്യാന്‍ അനുവദിക്കുകയും കര്‍ഷകര്‍ കൃഷിയാക്കി മാറ്റുകയും ചെയ്തു.

1957ല്‍ ഭൂ സംരക്ഷണ നിയമം 10ാം വകുപ്പ് അനുസരിച്ച് റവന്യൂ പട്ടയഭൂമിയിലെ റിസര്‍വ്വ് ചെയ്ത ഈട്ടി മരങ്ങള്‍ സംരക്ഷിക്കാന്‍ കൈവശക്കാരന്‍ ബാധ്യസ്ഥനാണ്. 1960-ലെ കേരള ലാന്‍ഡ് അസൈന്‍മെന്റ് നിയമം പാസ്സാക്കിയതിനെതുടര്‍ന്ന് ഇത്തരത്തിലുളള വസ്തുവിന് സ്ഥലവിലയും മരവിലയും ഈടാക്കി കൃഷിക്കാര്‍ക്ക് പട്ടയം അനുവദിച്ചപ്പോള്‍ സ്ഥലത്തുള്ള വീട്ടിമരങ്ങള്‍ സര്‍ക്കാരില്‍ റിസര്‍വ്വ് ചെയ്താണ് പട്ടയം നല്‍കിയത്.
പട്ടയത്തില്‍ വീട്ടിമരങ്ങള്‍ റിസര്‍വ്വ് ചെയ്തതിനാല്‍ കൈവശക്കാരനായ കൃഷിക്കാരന് ഇതുമുറിക്കുവാനോ സ്ഥലത്ത് വീട് വെയ്ക്കുവാനോ നിര്‍മ്മാണ പ്രവൃത്തി നടത്തുവാനോ കഴിയുകയില്ല. മരങ്ങളിലെ ചോലനിയന്ത്രിക്കുവാനും അനുവദിക്കാത്തതുകൊണ്ട് കാര്‍ഷിക വിളകളിലെ ഉല്‍പാദനം ഗണ്യമായി കുറയുവാനും കാരണമായിട്ടുണ്ട്. ഇതില്‍ ഭൂരിഭാഗം മരങ്ങളും വീടുകള്‍ക്ക് ഭീഷണിയായി നില്‍ക്കുന്നവയാണ്.
വയനാട്ടില്‍ കുടിയേറി വനഭൂമി വെട്ടിത്തെളിച്ചെടുത്ത് ജന്മഭൂമി സ്വന്തമാക്കിയ കര്‍ഷകര്‍ക്ക് കൈവശ ഭൂമിക്കും മരങ്ങള്‍ക്കും പരിപൂര്‍ണ്ണ അവകാശവും സ്വാതന്ത്ര്യവും അനുവദിക്കുമ്പോള്‍ നിയമപ്രകാരം ഫീസ്സടച്ച് പട്ടയം വാങ്ങി കൃഷിഭൂമിയും വീട്ടിമരങ്ങളും സംരക്ഷിച്ച്‌പോരുന്ന റവന്യൂ പട്ടയഭൂമിയിലെ കര്‍ഷകര്‍ ദുരിതവും പേറേണ്ടി വരികയാണ്. വയനാട്ടില്‍ 12000 ഏക്കര്‍ ഭൂമിയാണ് ഇതില്‍ ഉള്‍പ്പെട്ടിട്ടുള്ളത്. ജില്ലയില്‍ സുല്‍ത്താന്‍ ബത്തേരി, അമ്പലവയല്‍, തിരുനെല്ലി, കൃഷ്ണഗിരി, വേലിയമ്പം, പുല്‍പ്പള്ളി, പൂതാടി വില്ലേജുകളിലാണ് കൂടുതല്‍ ഈട്ടിമരങ്ങളുള്ളത്. ഈട്ടിമരം മുറിക്കാന്‍ അനുവദിക്കുകയാണെങ്കില്‍ ഇത്രയം കര്‍ഷകര്‍ക്ക് ഇത് ഗുണകരമായിരിക്കും. പതിറ്റാണ്ടുകളായി പട്ടയഭൂമിയിലെ ഈട്ടിമരങ്ങള്‍ പലതും കാലപ്പഴക്കത്താല്‍ ചിതലരിച്ച് ദ്രവിച്ച് നശിച്ചുകൊണ്ടിരിക്കുകയാണ്.
1000കണക്കിന് ഈട്ടി മരങ്ങളാണ് ഈ രീതിയില്‍ നശിച്ചുപോകുന്നത്. റവന്യൂ പട്ടയഭൂമിയിലുള്ള കേടുബാധിച്ചതും ഉണങ്ങിയതുമായ വീട്ടിമരങ്ങള്‍ മുറിക്കുന്നതുകൊണ്ട് പരിസ്ഥിതി പ്രശ്‌നങ്ങള്‍ ഉണ്ടാവുകയില്ല.

1971 ന് മുമ്പ് റവന്യൂ പട്ടയം കിട്ടിയ കര്‍ഷകര്‍ക്ക്, വയനാടിന് ഒരു സ്‌പെഷ്യല്‍ പാക്കേജായി ഈട്ടി മരങ്ങള്‍ മുറിക്കാനുള്ള ഉത്തരവ് നിയമഭേദഗതിയിലൂടെ ഉണ്ടാകണമെന്ന് ജില്ലാ റവന്യൂ പട്ടയ ഭൂമി കര്‍ഷക സംരക്ഷണ സമിതി വാര്‍ത്താ സമ്മേളനത്തില്‍ ആവശ്യപ്പെട്ടു.
അല്ലാത്തപക്ഷം ശക്തമായ സമരങ്ങളിലേക്ക് കര്‍ഷകര്‍ക്ക് നീങ്ങുമെന്നും അവര്‍ അറിയിച്ചു. വാര്‍ത്താ സമ്മേളനത്തില്‍ ഹരിതസേനാ ജില്ലാപ്രസിഡന്റ് എം സുരേന്ദ്രന്‍, പുന്നയ്ക്കല്‍ ജോസ്, ജില്ലാ റവന്യു പട്ടയഭൂമി കര്‍ഷക സംരക്ഷണസമിതി ജില്ലാ പ്രസിഡന്റ് ടി എം ബേബി, കെ ഇക്ബാല്‍ പരിയാരം, ബി രാധാകൃഷ്ണപിള്ള എന്നിവര്‍ പങ്കെടുത്തു.