കാവേരിയില്‍ വീണ്ടും സുപ്രീംകോടതി ഉത്തരവ്; കര്‍ണാടകക്ക് ആശ്വാസം

Posted on: December 10, 2016 9:46 am | Last updated: December 10, 2016 at 12:50 pm

ബെംഗളൂരു: കാവേരി ട്രൈബ്യൂണല്‍ ഉത്തരവിനെതിരെ കര്‍ണാടകം ഉള്‍പ്പടെ മൂന്ന് സംസ്ഥാനങ്ങള്‍ നല്‍കിയ അപ്പീലുകള്‍ നിയമപരമായി നിലനില്‍ക്കുമെന്ന സുപ്രീംകോടതി വിധി കര്‍ണാടകയ്ക്ക് താല്‍ക്കാലിക ആശ്വാസമായി. െ്രെടബ്യൂണല്‍ ഉത്തരവ് അന്തിമമായതിനാല്‍ അപ്പീല്‍ നിലനില്‍ക്കില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ നേരത്തെ നിലപാടെടുത്തിരിന്നു. എന്നാല്‍ ഈ നിലപാട് ഇന്നലെ സുപ്രീംകോടതി തള്ളി. ഈ മാസം 15ന് വൈകീട്ട് മൂന്നിന് അപ്പീലില്‍ വാദം കേള്‍ക്കാനും കോടതി തീരുമാനിച്ചു. ജസ്റ്റീസ് ദീപക്മിശ്രയുടെ നേതൃത്വത്തിലുള്ള മൂന്നംഗ ഡിവിഷന്‍ ബെഞ്ചാണ് വാദം കേള്‍ക്കുക. തമിഴ്‌നാടിന് 2000 ഘനയടി വെള്ളം നല്‍കണമെന്ന സുപ്രീംകോടതി ഉത്തരവ് അടുത്ത വാദം കേള്‍ക്കുന്നത് വരെ തുടരാനും നിര്‍ദേശിച്ചു.

കാവേരി തര്‍ക്കം രൂക്ഷമായതിനെ തുടര്‍ന്ന് തമിഴ്‌നാടിന്റെ ആവശ്യപ്രകാരമാണ് 1990ല്‍ കാവേരി നദീജല തര്‍ക്ക പരിഹാര ട്രൈബ്യൂണല്‍ രൂപവത്ക്കരിച്ചത്. 1991ല്‍ ഇടക്കാല വിധി വന്നെങ്കിലും നടപ്പാക്കുന്നതില്‍ തര്‍ക്കമുണ്ടായി. തര്‍ക്കത്തിലേര്‍പ്പെട്ട സംസ്ഥാനങ്ങളുടെ 16 വര്‍ഷത്തെ വാദത്തിനൊടുവിലാണ് 2007ല്‍ 419 ടി എം സി അടിവെള്ളം തമിഴ്‌നാടിന് വിട്ടുകൊടുക്കണമെന്ന് ട്രൈബ്യൂണല്‍ ഉത്തരവിടുന്നത്. കര്‍ണാടകത്തിന് 270 ടി എം സി അടി വെള്ളവും കേരളത്തിന് 30 ടി എം സി അടി വെള്ളവും പുതുച്ചേരിക്ക് ഏഴ് ടി എം സി വെള്ളവും ലഭിക്കണം. കാവേരിയില്‍ 740 ടി എം സി അടി വെള്ളമുണ്ടാകുമെന്ന കണക്കിലാണ് ഉത്തരവ്. എന്നാല്‍, മഴക്കുറവും മറ്റും കാരണം ട്രൈബ്യൂണല്‍ ഉത്തരവ് നടപ്പാക്കാന്‍ കഴിയില്ലെന്ന വാദമാണ് കര്‍ണാടകം ഉന്നയിക്കുന്നത്. കഴിഞ്ഞ ആഗസ്തിലാണ് വെള്ളം നല്‍കാന്‍ കര്‍ണാടകയോട് നിര്‍ദേശിക്കണമെന്ന് ആവശ്യപ്പെട്ട് തമിഴ്‌നാട് സുപ്രീംകോടതിയെ സമീപിക്കുന്നത്. തുടര്‍ന്ന് സെപ്തംബര്‍ അഞ്ചിന് 15,000 ക്യൂസെക്‌സ് വെള്ളം തമിഴ്‌നാടിന് നല്‍കാന്‍ സുപ്രീംകോടതി ഉത്തരവിടുകയായിരുന്നു. ഇതേ തുടര്‍ന്ന് കര്‍ണാടകത്തില്‍ വന്‍പ്രക്ഷോഭമുടലെടുത്തു. തമിഴ്‌നാടിന് വെള്ളം നല്‍കണമെന്ന ഉത്തരവ് നിര്‍ത്തിവെക്കണമെന്ന് ആവശ്യപ്പെട്ട് കര്‍ണാടകം പുനപരിശോധനാ ഹരജി നല്‍കിയെങ്കിലും സുപ്രീംകോടതി തള്ളി.

കര്‍ണാടകയിലെ കര്‍ഷക പ്രക്ഷോഭത്തെ വിമര്‍ശിച്ച സുപ്രീംകോടതി സെപ്തംബര്‍ 20 വരെ 12000 ക്യൂസെക്‌സ് വെള്ളം നല്‍കാന്‍ ഉത്തരവിടുകയായിരുന്നു. തുടര്‍ന്നാണ് കര്‍ണാടകത്തില്‍ പ്രക്ഷോഭ സമരം ആളിക്കത്തിയത്. ബെംഗളൂരുവിന്റെ കുടിവെള്ളം പൂര്‍ണമായും കാവേരി നദിജലത്തെ ആശ്രയിച്ചാണ്. വെള്ളത്തിന്റെ കുറവ് കാരണം കാവേരി നദീതടത്തിലെ രണ്ടര ലക്ഷം ഏക്കര്‍ സ്ഥലത്തേക്കുള്ള ജലവിതരണം കര്‍ണാടകം നിര്‍ത്തിവെച്ചിരുന്നു. തമിഴ്‌നാട് ജലസേചനത്തിനായാണ് വെളളം ആവശ്യപ്പെടുന്നതെന്നും കര്‍ണാടകം ശേഖരിക്കുന്നത് കുടിവെള്ളത്തിനാണെന്നുമാണ് വാദം. കര്‍ണാടകത്തിലെ കുടക് ജില്ലയിലെ തലക്കാവേരിയില്‍ നിന്നാരംഭിക്കുന്ന കാവേരി നദിയിലെ ജല തര്‍ക്കത്തിന് വര്‍ഷങ്ങളുടെ പഴക്കമുണ്ട്. 81155 ചതുരശ്ര കിലോമീറ്റര്‍ വിസ്തീര്‍ണമുള്ള നദീ തടത്തില്‍ 42 ശതമാനം കര്‍ണാടകത്തിലും 54 ശതമാനം തമിഴ്‌നാട്ടിലും 3.5 ശതമാനം കേരളത്തിലും ചെറിയൊരു ശതമാനം പുതുച്ചേരിയിലുമാണ്. 1892 മുതലുള്ള തര്‍ക്കമാണ് ഇപ്പോഴും തുടരുന്നത്. കാവേരിനദിയില്‍ നിന്ന് തമിഴ്‌നാടിന് പ്രതിദിനം 2000 ഘനയടി വെള്ളം വിട്ടുനല്‍കണമെന്നാണ് ഏറ്റവും ഒടുവില്‍ സുപ്രീംകോടതി നിര്‍ദേശിച്ചിരുന്നത്.