Connect with us

Gulf

നാലു പതിറ്റാണ്ടിന്റെ പ്രവാസത്തിന് വിട; പറപ്പൂര്‍ ഹാജി നാട്ടിലേക്ക്

പറപ്പൂര്‍ കുഞ്ഞഹമ്മദ് ഹാജിക്ക് അബുദാബി ഐ സി എഫ് നല്‍കിയ യാത്രയപ്പ്

അബൂദാബി: നാലു പതിറ്റാണ്ടോളം പ്രവാസ ജീവിതം മതിയാക്കി പറപ്പൂര്‍ ഹാജി എന്ന മലപ്പുറം വേങ്ങര പറപ്പൂര്‍ സ്വദേശി കുഞ്ഞിമുഹമ്മദ് ഹാജി സ്വദേശത്തേക്ക് മടങ്ങുന്നു. 1977ല്‍ ബോംബെ വഴി വിമാന മാര്‍ഗം ദുബൈയിലെത്തിയ പറപ്പൂര്‍ഹാജി റാസ് അല്‍ ഖൈമ, അല്‍ ഐന്‍, അബുദാബി എന്നിവിടങ്ങളിലായി 39 വര്‍ഷമായി പ്രവാസജീവിതം നയിച്ചുവരികയായിരുന്നു.

പ്രവാസ ജീവിതത്തിന്റെ ആദ്യതട്ടകം റാസ് അല്‍ ഖൈമയായിരുന്നു. 17 വര്‍ഷമാണ് ഹാജി അവിടെ ജോലി ചെയ്തത്. ശേഷം അല്‍ ഐനിലും അബുദാബിയിലുമായി 22 വര്‍ഷം ഡിഫന്‍സില്‍ ജോലി ചെയ്തുകൊണ്ടിരിക്കെയാണ് പറപ്പൂര്‍ ഹാജി പ്രവാസം മതിയാക്കി നാടണയുന്നത്. പരോപകാരിയായ പറപ്പൂര്‍ ഹാജിക്ക് പ്രായം 60 പിന്നിട്ടെങ്കിലും ഇപ്പോഴും തികഞ്ഞ ഒരു യുവാവിന്റെ ചുറുചുറുക്കോടെ സഹജീവികള്‍ക്ക് വിവിധ തരത്തിലുള്ള സേവനപ്രവര്‍ത്തനങ്ങളുമായി കര്‍മനിരതനാണ്. കഴിഞ്ഞ 30 വര്‍ഷമായി ഡ്രൈവിംഗ് ലൈസന്‍സും സ്വന്തമായി വാഹനവും ഉപയോഗിച്ച ഹാജിയുടെ ജീവിതത്തില്‍ ഒരു ചെറിയ അപകടം പോലും സംഭവിച്ചിട്ടില്ലെന്നത് ഹാജി അഭിമാനപൂര്‍വം ഓര്‍ക്കുന്നു.
റാസ് അല്‍ ഖൈമയിലായിരിക്കെ മയ്യിത്ത് പരിപാലനവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ക്ക് പ്രധാന ആശ്രയമായിരുന്നു ഹാജിക്ക. അബുദാബിയില്‍ നിന്ന് പോകുന്ന ഐസി എഫ്, മര്‍കസ് ഉംറ സംഘത്തിന്റെ യാത്രയപ്പിനും സീകരണത്തിനും യാത്രക്കാര്‍ക്ക് വേണ്ട എല്ലാ സേവനങ്ങളിലും ഹാജി ഇപ്പോഴും മുന്നിലുണ്ടാവാറുണ്ട്.

സ്വന്തം മക്കളുടെ വയര്‍ നിറക്കാന്‍ മണലാരണ്യത്തില്‍ ജീവിതം ഉഴിഞ്ഞിട്ട ഈ 60കാരനാല്‍ നിരവധി പേരുടെ വയറാണ് നിറഞ്ഞിരുന്നത്. ആവശ്യക്കാര്‍ക്ക് ഭക്ഷണം എത്തിക്കുന്നതില്‍ വളരെ തല്‍പരനായിരുന്നു ഹാജി. അബുദാബിയിലെ മലപ്പുറം ജില്ലക്കാരായ സുന്നികളുടെ ആശാകേന്ദ്രമായ വാദിസലാമില്‍ നടക്കുന്ന ബദ്ര്‍, പഠന ക്ലാസുകളിലും മറ്റു സദസുകളിലേക്കും ഭക്ഷണം പാകം ചെയ്ത് വിതരണം ചെയ്യല്‍ അദ്ദേഹത്തിന്റെ ഹോബിയായിരുന്നു.
ആദ്യകാലങ്ങളില്‍ സുന്നി പ്രസിദ്ധീകരണങ്ങള്‍ വിതരണം ചെയ്തിരുന്ന ഹാജി, ഇന്ന് സിറാജ്, പ്രവാസി വായന, പ്രവാസി രിസാല പ്രചരിപ്പിക്കുന്നതില്‍ മുന്‍പന്തിയിലുണ്ട്. ഹാജിക്ക് യാത്ര ഒരു ഹരമായിരുന്നു. ഒഴിവ് ദിവസങ്ങളില്‍ കൂട്ടുകാരുമൊത്ത് യു എ ഇയുടെ വിവിധ ഭാഗങ്ങളിലേക്ക് വിനോദയാത്ര പോകും. വാഹനവും ഭക്ഷണ വിഭവങ്ങളും ഒരുക്കല്‍ ഹാജി തന്നെ. തന്റെ ആദ്യകാലത്തേയും ഇപ്പോഴത്തേയും പ്രവാസം വിലയിരുത്തുമ്പോള്‍ സൗഹൃദങ്ങള്‍ ഏറെ നിറം മങ്ങിവരുന്നു എന്നാണ് ഹാജിക്ക് പറയാനുള്ളത്.
പ്രവാസ ജീവിതത്തിലേക്ക് തിരിഞ്ഞു നോക്കുമ്പോള്‍ നിരവധി പണ്ഡിതന്മാരും സയ്യിദന്മാരുമായി ആത്മബന്ധം പുലര്‍ത്താന്‍ സാധിച്ചുവെന്നത് വലിയ സമ്പാദ്യമായി ഹാജി കാണുന്നു. മര്‍കസ് ആവശ്യാര്‍ഥം ആദ്യമായി കാന്തപുരം ഉസ്താദും അവേലത്ത് തങ്ങളും യു എ ഇയില്‍ എത്തിയപ്പോള്‍ സ്വന്തം താമസ സ്ഥലത്തേക്ക് കൂട്ടിക്കൊണ്ടുപോയത് അഭിമാനപൂര്‍വം ഹാജി അനുസ്മരിക്കുന്നു.
ഇമാറാത്തിലെ ജീവിതത്തിനിടയില്‍ സുന്നി സംഘടനാ രംഗത്ത് നിരവധി പദവികള്‍ വഹിച്ച പറപ്പൂര്‍ ഹാജി നിലവില്‍ അബുദാബി മലപ്പുറം ജില്ലാ എസ് വൈ എസ് കമ്മറ്റിയിലെ പ്രധാന സാരഥികളില്‍ ഒരാളാണ്. ഹാജിയുടെ സേവനം അനുഭവിച്ച തന്റെ ആദ്യ തട്ടകമായ റാസ് അല്‍ ഖൈമയിലേയും അബുദാബിയിലേയും ഐ സി എഫ്, ആര്‍ എസ് സി പ്രവര്‍ത്തകര്‍ ഹൃദ്യമായ യാത്രയയപ്പുകളാണ് ഹാജിക്ക് നല്‍കിയത്.
പ്രവാസത്തിനിടെ താന്‍ നേടിയെടുത്ത സൗഹൃദം അറ്റു പോകാതിരിക്കാനുള്ള പ്രതിജ്ഞയുമായാണ് ഹാജിക്ക ഇന്ന് (വ്യാഴം) നാട്ടിലേക്ക് വിമാനം കയറുന്നത്. ബന്ധപ്പെടേണ്ട നമ്പര്‍ 050-7502328.

 

Latest