പീഡനത്തിനിരയാവുന്ന കുട്ടികളെ കണ്ടുപിടിക്കാന്‍ അങ്കണ്‍വാടികള്‍ സജ്ജമാക്കും

Posted on: December 7, 2016 8:43 pm | Last updated: December 7, 2016 at 8:43 pm

തിരുവനന്തപുരം: കുട്ടികള്‍ക്കെതിരെ വീടിനുള്ളിലും പുറത്തും അതിക്രമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്ന സാഹചര്യത്തില്‍ ഇത്തരം വിവരങ്ങള്‍ എത്രയും പെട്ടന്ന് ജില്ലാ ശിശുസംരക്ഷണ യൂണിറ്റിനേയോ 1098 എന്ന നമ്പറിലോ അറിയിക്കാന്‍ അങ്കണവാടി പ്രവര്‍ത്തകരെ സജ്ജരാക്കും. വെള്ളറടയില്‍ അച്ഛന്റെ മര്‍ദനം പേടിച്ച് കുട്ടി പൊത്തില്‍ ഒളിക്കുകയും നെയ്യാറ്റിന്‍കരയില്‍ ദിവസങ്ങളോളം രക്ഷിതാവിന്റെ മൃഗീയ പീഡനത്തിനിരയായ കുട്ടിയെ കണ്ടെത്തുകയും ചെയ്ത സാഹചര്യത്തിലാണ് തീരുമാനം.

ബുദ്ധിമുട്ടേറിയ സാഹചര്യങ്ങളില്‍ കഴിയുന്ന കുട്ടികളുടെ കൃത്യമായ വിവരങ്ങള്‍ തയ്യാറാക്കി ഇടപെടല്‍ സാധ്യമാക്കുന്നത്തിനായുള്ള വള്‍നറബിലിറ്റി മാപ്പിംഗ് ഉടന്‍ നടപ്പാക്കാനും ശിശു സംരക്ഷണ കമ്മിറ്റിയില്‍ തീരുമാനമായി. ഇതുകൂടാതെ സ്ഥാപനത്തില്‍ നില്‍ക്കുന്ന കുട്ടികളെ മറ്റു കുടുംബങ്ങളിലേക്ക്‌പോറ്റി വളര്‍ത്താനായി നല്‍കുന്ന ‘സനാഥ ബാല്യം’പദ്ധതി ഊര്‍ജിതമായി നടപ്പാക്കാന്‍ യോഗം തീരുമാനിച്ചു.

തിരുവനന്തപുരം ജില്ലാകലക്ടര്‍ വെങ്കിടെസപതി എസ്, സംസ്ഥാനബാലാവകാശ കമ്മിഷന്‍ മെമ്പര്‍ ഫാ. ഫിലിപ്പ് പരക്കാട്ട്, ജില്ലാ ശിശു സംരക്ഷണ ഓഫീസര്‍ സുബൈര്‍ കെ കെ എന്നിവര്‍ പങ്കെടുത്തു.