ഡിസംബറിന്റെ നഷ്ടങ്ങള്‍

Posted on: December 7, 2016 3:07 am | Last updated: December 7, 2016 at 12:09 am

INDIA-POLITICSചെന്നൈ: ഒരു മാസവും ദുഃഖമാസമാണെന്ന് പറയാനാകില്ല. എന്നാല്‍ ചില മാസങ്ങള്‍ കടന്നു വരുമ്പോള്‍ അത് കൊണ്ടു വന്ന ദുരന്തങ്ങളാണ് ചിലരുടെ മനസ്സിലേക്ക് ഓടിയെത്തുക. ഡിസംബര്‍ തമിഴ്‌നാടിന് അത്തരമൊന്നായിത്തീര്‍ന്നിരിക്കുന്നു. തമിഴകത്തിന്റെ പ്രയപ്പെട്ട ‘അമ്മ’ കഥാവശേഷയായത് വഴി എക്കാലത്തെയും ഡിസംബര്‍ അവര്‍ക്ക് വേദനാപൂര്‍ണമായ ഓര്‍മയായിരിക്കും.

1987 ഡിസംബര്‍ 24നാണ് എ ഐ എ ഡി എം കെ സ്ഥാപകനും തമിഴ്‌നാട് കണ്ട ഏറ്റവും ശക്തനായ നേതാവുമായ എം ജി ആര്‍ അന്തരിച്ചത്. എം ജി ആറിന്റെ ഇദയക്കനിയായിരുന്ന ജയലളിതയും ഇതേ മാസം ജീവിതത്തിന്റെ തിരശ്ശീലക്ക് പിറകിലേക്ക് പോകുന്നത് യാദൃച്ഛികം. ഇതേ അപ്പോളോ ആശുപത്രിയുടെ തീവ്രപരിചരണ വിഭാഗത്തിന്റെ തണുപ്പില്‍ എം ജി ആര്‍ അന്ത്യയാത്രക്കൊരുങ്ങി കിടക്കുമ്പോള്‍ ജയലളിത പല തവണ സന്ദര്‍ശകയായി ചെന്നെങ്കിലും അവര്‍ക്ക് മുന്നില്‍ വാതിലുകള്‍ തുറക്കപ്പെട്ടില്ല.

രാജ്യത്തിന്റെ അവസാനത്തെ ഗവര്‍ണര്‍ ജനറലും തമിഴ്‌നാട്ടുകാരനുമായ സി രാജഗോപാലാചാരി അന്തരിച്ചത് 1972 ഡിസംബര്‍ 25നാണ്. പെരിയാര്‍ ഇ വി രാമസ്വാമി അന്തരിച്ചത് 1973 ഡിസംബര്‍ 24ന്. 2004 ഡിസംബര്‍ 26നാണ് സംസ്ഥാനത്തിന്റെ തീരദേശം സുനാമിയില്‍ ദുരന്തഭൂമിയായത്. കഴിഞ്ഞ വര്‍ഷം ഡിസംബറിലാണ് ചെന്നൈയെ നടുക്കിയ വെള്ളപ്പൊക്കമുണ്ടായത്.