എന്‍ട്രന്‍സ് പരീക്ഷകള്‍ക്ക് ഇനിമുതല്‍ സര്‍ക്കാര്‍ വിദ്യാലയങ്ങളില്‍ നിന്നും അപേക്ഷിക്കാം

Posted on: December 6, 2016 3:57 pm | Last updated: December 6, 2016 at 3:57 pm

കല്‍പ്പറ്റ: അവസരങ്ങളും സൗകര്യങ്ങളും ഇല്ലെന്ന കാര്യത്തില്‍ പരാതികള്‍ പറഞ്ഞ് ആരും പിന്നോട്ട് പോകണ്ട. ഈ വര്‍ഷം മുതല്‍ പ്രൊഫഷണല്‍ കോഴ്‌സുകളിലേക്കുള്ള പ്രവേശന പരീക്ഷയ്ക്ക് സര്‍ക്കാര്‍ എയിഡഡ് വിദ്യാലയങ്ങളില്‍ നിന്നും അപേക്ഷ നല്‍കാനുള്ള സൗകര്യമൊരുക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി പ്രൊഫ സി.രവീന്ദ്രനാഥ് പറഞ്ഞു വടുവന്‍ചാല്‍ ഗവ ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ ഐ.സി.ബാലകൃഷ്ണന്‍ എം.എല്‍.എ യുടെ ആസ്തി വികസനഫണ്ടില്‍ നിന്നും 90 ലക്ഷം രൂപചെലവില്‍ നിര്‍മ്മിക്കന്ന പുതിയ കെട്ടിടത്തിന്റെ ശിലാസ്ഥാപനം കര്‍മ്മം നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. സാധാരണക്കാരായ കുട്ടികള്‍ പഠിക്കുന്ന വിദ്യാലയങ്ങളാണ് സര്‍ക്കാര്‍ എയിഡഡ് സ്ഥാപനങ്ങള്‍.

ഇവര്‍ക്കെല്ലാം പ്രാപ്യമാകുന്ന വിധത്തില്‍ പ്രൊഫഷണല്‍ വിദ്യാഭ്യാസ സൗകര്യവും ഉയര്‍ന്നു വരേണ്ടതുണ്ട്. ഇതിനായി എന്‍ട്രന്‍സ് പരീക്ഷയ്ക്കുള്ള അപേക്ഷ ഇനി മുതല്‍ സ്വന്തം സ്‌കൂളില്‍ നിന്നു തന്നെ അധ്യാപകരുടെ സഹായത്തടെ കുട്ടികള്‍ക്ക് അയക്കാം.ഇതിനായി എന്‍ട്രന്‍സ് കോച്ചിങ്ങ് കേന്ദ്രങ്ങളെ സമീപിക്കേണ്ടി വരില്ല. ഇതുവഴി സാധാരണക്കാരുടെ കുട്ടികള്‍ക്കും ഉയര്‍ന്ന വിദ്യാഭ്യാസം നേടാനുള്ള പുതിയ വഴികള്‍ തുറന്നുവരുമെന്നും മന്ത്രി പറഞ്ഞു. സ്‌കൂളിന് അനുവദിച്ച ബാന്റ് സെറ്റിന്റെ കൈമാറ്റവും സ്‌കൂളിന് മികവുറ്റ സംഭാവന നല്‍കിയവരെ ആദരിക്കലും ചടങ്ങില്‍ നടന്നു.
ഐ.സി.ബാലകൃഷ്ണന്‍ എം.എല്‍.എ അദ്ധ്യക്ഷത വഹിച്ചു. സി.കെ.ശശീന്ദ്രന്‍ എം.എല്‍.എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ടി.ഉഷാകുമാരി, വിദ്യാഭ്യാസ സ്റ്റാന്‍ഡിങ്ങ് കമ്മറ്റി ചെയര്‍പേഴസണ്‍ എ.ദേവകി, പി.കെ.അനില്‍കുമാര്‍, മൂപ്പൈനാട് പഞ്ചായത്ത് പ്രസിഡന്റ് ഷെഹര്‍ബാന്‍ സെയ്തലവി, എം.യു.ജോര്‍ജ്ജ്, കെ.വത്സ തുടങ്ങിയവര്‍ സംസാരിച്ചു.