കൊച്ചിയില്‍ 55 കോടി രൂപ എത്തിയ സംഭവം; അന്വേഷണം മുംബൈയിലേക്ക്‌

Posted on: December 6, 2016 7:57 am | Last updated: December 6, 2016 at 1:59 am

കൊച്ചി: ഇല്ലാത്ത കയറ്റുമതിയുടെ മറവില്‍ ബള്‍ഗേറിയയില്‍ നിന്ന് കൊച്ചിയിലേക്ക് 55 കോടി രൂപ എത്തിയ സംഭവത്തില്‍ അന്വേഷണം മുംബൈയിലേക്ക് നീളുന്നു. മുംബൈ കസ്റ്റംസിന്റെ സീല്‍ അടക്കമുള്ള രേഖകളുടെ നിജസ്ഥിതി തേടിയാണ് കൊച്ചി പോലീസ് മുംബൈയിലേക്ക് പോകുന്നത്. മുംബൈ തുറമുഖം വഴി കയറ്റുമതി നടത്തിയെന്ന് കാണിച്ച് ഇടപാടുകാരനായ ജോസ് ജോര്‍ജ് സമര്‍പ്പിച്ച രേഖകള്‍ വ്യാജമാണെന്ന് എന്‍ഫോഴ്‌സ്‌മെന്റ് കണ്ടെത്തിയിരുന്നു.

വ്യാജ കയറ്റുമതിയുടെ മറവില്‍ 55 കോടി രൂപയുടെ കള്ളപ്പണം വെളുപ്പിക്കാനുളള ശ്രമമാണ് നടന്നതെന്നാണ് കേന്ദ്ര ഏജന്‍സികള്‍ സംശയിക്കുന്നത്. ബള്‍ഗേറിയയിലെ സ്വസ്താ ഡി എന്ന കമ്പനിക്ക് മുംബൈ തുറമുഖം വഴി 55 കോടി രൂപയുടെ സസ്യ എണ്ണയും പഞ്ചസാരയും കയറ്റുമതി ചെയ്‌തെന്നാണ് കൊച്ചിയിലെ ട്രേഡ് ഇന്റര്‍നാഷണല്‍ ഉടമ ജോസ് ജോര്‍ജ് ബേങ്ക് അധികൃതരെയും എന്‍ഫോഴ്‌സ്‌മെന്റിനെയും അറിയിച്ചിരുന്നത്.
എന്നാല്‍ ഇത്തരമൊരു കാര്യം നടന്നിട്ടില്ലെന്ന് അന്വേഷണത്തില്‍ വ്യക്തമായി. കയറ്റുമതി നടത്തിയത് സംബന്ധിച്ച് ജോസ് ജോര്‍ജ് സമര്‍പ്പിച്ച രേഖകളില്‍ മുംബൈ കസ്റ്റംസിന്റെ സീലുമുണ്ട്. ഇത് വ്യാജ സീലാണോ അതോ വ്യാജ രേഖയുണ്ടാക്കാന്‍ മുംബൈ കസ്റ്റംസില്‍ ആരെങ്കിലും വഴിവിട്ട് സഹായിച്ചോ എന്നാണ് അന്വേഷിക്കുക. ഇതിന്റെ നിജ സ്ഥിതി തേടിയാണ് കൊച്ചി പൊലീസ് മുംബൈയ്ക്ക് പോകുന്നത്. എന്നാല്‍ താന്‍ വ്യാജ രേഖയുണ്ടാക്കിയിട്ടില്ലെന്നും ബള്‍ഗേറിയയില്‍ നിന്ന് മുന്‍കൂര്‍ പണം കിട്ടിയെന്നുമാണ് ജോസ് ജോര്‍ജിന്റെ വാദം. കഴിഞ്ഞ ജൂലൈയിലാണ് ബള്‍ഗേറിയയില്‍ നിന്ന് പണമെത്തിയത്. ഇതില്‍ നിന്ന് വന്‍ തുകകള്‍ കുടുംബാംഗങ്ങളുടെ അക്കൗണ്ടുകളിലേക്ക് മാറ്റിയതായിരുന്നു സംശയത്തിന് ഇടയാക്കിയത്. ബള്‍ഗേറിയയില്‍ നിന്ന് കൊച്ചി വില്ലിംഗ്ഡണ്‍ ഐലന്‍ഡിലുള്ള എസ് ബി ഐ ശാഖയിലെ അക്കൗണ്ടിലേക്കാണ് പണം എത്തിയിരുന്നത്. 15 ദിവസത്തിനുള്ളില്‍ ഇതില്‍ നിന്ന് ഏകദേശം 30 കോടി രൂപ പിന്‍വലിച്ച് ജോസ് ജോര്‍ജിന്റെ കുടുംബാംഗങ്ങളുടെയും ബന്ധുക്കളുടെയും അക്കൗണ്ടുകളിലേക്ക് മാറ്റുകയായിരുന്നു.