ഇന്ത്യയും ഖത്തറും തമ്മില്‍ മൂന്ന് കരാറുകളില്‍ ഒപ്പുവെച്ചു

Posted on: December 3, 2016 5:48 pm | Last updated: December 5, 2016 at 5:14 pm

india-qatarന്യൂഡല്‍ഹി: ഇന്ത്യയും ഖത്തറും തമ്മില്‍ സുപ്രധാനമായ മൂന്ന് കരാറുകളില്‍ ഒപ്പുവെച്ചു. വിസ, സൈബര്‍ സുരക്ഷ, നിക്ഷേപം മേഖലകളിലാണ് ഇരു രാജ്യങ്ങളും കരാര്‍ ഒപ്പുവെച്ചത്. ഖത്തര്‍ പ്രധാനമന്ത്രി ശൈഖ് അബ്ദുല്‍ ബിന്‍ നാസര്‍ ബിന്‍ ഖലീഫ അല്‍ത്താനിയുടെ ഇന്ത്യ സന്ദര്‍ശന വേളയിലാണ് ഹൈദരാബാദ് ഹൗസില്‍ വെച്ച് കരാറില്‍ ഒപ്പുവെച്ചത്.

ഇരുരാജ്യങ്ങളും തമ്മിലുള്ള ടൂറിസ്റ്റ് വിസാ നടപടികള്‍ ലഘൂകരിക്കാന്‍ ലക്ഷ്യമിട്ടുകൊണ്ടാണ് ഒരു കരാര്‍. വ്യാപാര ബന്ധം ശക്തിപ്പെടുത്താനും ഇത് സഹായിക്കും. പ്രവാസി ഇന്ത്യക്കാര്‍ക്ക് ഖത്തറിലും ഖത്തര്‍ വ്യവസായികള്‍ക്ക് ഇന്ത്യയിലും നിക്ഷേപം നടത്താനും കരാറിലൂടെ സാധിക്കും.

സൈബര്‍ കുറ്റകൃത്യങ്ങളില്‍ ബന്ധപ്പെടുന്നവരുടെ വിവരങ്ങള്‍ പരസ്പരം കൈമാറുന്നതിന് വ്യവസ്ഥ ചെയ്യുന്നതാണ് മറ്റൊരു കരാര്‍. സൈബര്‍ കുറ്റകൃത്യങ്ങളില്‍ ഇരുരാജ്യങ്ങളിലെ സുരക്ഷാ ഏജന്‍സികള്‍ സഹകരിച്ച് പ്രവര്‍ത്തിക്കാനും ധാരണയായി.

പ്രധാനമന്ത്രി നരേന്ദ്ര മോഡിയും ഖത്തര്‍ പ്രധാനമന്ത്രിയും തമ്മിലുള്ള കൂടിക്കാഴ്ചക്ക് ശേഷമാണ് കരാറുകളില്‍ ഒപ്പുവെച്ചത്.