മലയാളിയെ ക്രൂരമായി കൊലപ്പെടുത്തിയ സുഹൃത്തിന് വധശിക്ഷ

Posted on: December 1, 2016 11:27 am | Last updated: December 1, 2016 at 11:27 am

saudi-murder-caseജുബൈല്‍: കണ്ണൂര്‍ മാട്ടൂല്‍ സ്വദേശി ഫൈസലിനെ സഊദിയില്‍ കൊലപ്പെടുത്തിയ കേസില്‍ ഒന്നാം പ്രതി തമിഴ്‌നാട് കടലൂര്‍ കാമപുരം സ്വദേശി ഭരതന് വധശിക്ഷ. രണ്ടാം പ്രതി എറണാകുളം സ്വദേശി നെല്ലാട് മുഴുവന്നൂര്‍ എല്‍ദോ വര്‍ഗീസിന് അഞ്ച് വര്‍ഷം കൂടി അധിക തടവും ജുബൈല്‍ ശരീഅത്ത് കോടതി വിധിച്ചു. മേല്‍ കോടതിയിലേക്ക് അപ്പീല്‍ പോകുന്നതിന് പ്രതികള്‍ക്കും കൂടുതല്‍ ശിക്ഷ ആവശ്യപ്പെട്ട് മേല്‍ കോടതിയെ സമീപിക്കണമെങ്കില്‍ ഫൈസലിന്റെ കുടുംബാങ്ങള്‍ക്കും മുപ്പത് ദിവസത്തെ സാവകാശവും കോടതി അനുവദിച്ചിട്ടുണ്ട്.

കുടിവെള്ളം പോലും നല്‍കാതെ രണ്ട് ദിവസത്തെ പീഡനത്തിന് ശേഷം നടത്തിയ കൊലപാതകത്തിന്റെ ക്രൂരത കണക്കിലെടുത്താണ് ഭരതന് വധശിക്ഷ വിധിച്ചത്. കൊലപാതകം ആസൂത്രണം ചെയ്തതും നടപ്പിലാക്കിയതും ഭരതനാണ്. കൊലപാതകം മൂടിവെച്ചതിനും കൊല നടത്തുന്നതുന്നതിന് സാഹചര്യം ഒരുക്കി കൊടുത്തതിനും ആണ് എല്‍ദോ വര്‍ഗീസിന് ശിക്ഷ വിധിച്ചത്. നേരത്തെ വിധിച്ച അഞ്ച് വര്‍ഷത്തെ കൂടാതെ അഞ്ച് വര്‍ഷത്തെ അധിക തടവ് കൂടി എല്‍ദോ അനുഭവിക്കണം.
2008 ജൂണ്‍ 28 നാണ് ജുബൈല്‍ ഗവണ്മെന്റ് ആശുപത്രിയില്‍ ഫിസിയോ തെറാപ്പിസ്റ്റ് ആയി ജോലി ചെയ്തിരുന്ന ഫൈസലിനെ സഹപ്രവര്‍ത്തകരായ തമിഴ്‌നാട് കടലൂര്‍ കാമപുരം സ്വദേശി ഭരതനും എറണാകുളം സ്വദേശി എല്‍ദോയും ചേര്‍ന്ന് കൊലപ്പെടുത്തിയത്. ഒരു ദിവസം മുഴുവനായും റൂമിലെ അലമാരയോട് ചേര്‍ത്ത് കെട്ടിയിട്ട് വായില്‍ ടേപ്പ് ഒട്ടിച്ച് ശ്വാസം മുട്ടിച്ചു കൊന്ന ശേഷം ശാലയോട് ചേര്‍ന്നുള്ള അടുക്കളയില്‍ തള്ളുകയായിരുന്നു.

സംഭവ കാലത്ത് ദമാമിലായിരുന്ന സുഹ്യത്ത്, ഫൈസലിന്റെ സഹപ്രവര്‍ത്തകരില്‍ നിന്നും ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തില്‍ മരണത്തില്‍ സംശയം ഉള്ളതായി പോലീസില്‍ പരാതി നല്‍കിയതാണ് കൊലപാതകം ആണെന്ന് കണ്ടെത്താന്‍ കാരണമായത്.

കാറ്ററിംഗ് ബിസിനസിനായി 45,000 റിയാലോളം ഭരതന്‍ ഫൈസലില്‍ നിന്നും കടം വാങ്ങിയിരുന്നു.
നാട്ടില്‍ പോകുന്നതിനായി പണം തിരികെ ചോദിച്ചതാണ് കൊലപാതകത്തിന് ഭരതനെ പ്രേരിപ്പിച്ചത്. ആദ്യം കുറ്റം നിഷേധിച്ച പ്രതികള്‍, പോലീസിന്റെ ശക്തമായ തെളിവുകള്‍ക്ക് മുന്നില്‍ കുറ്റസമ്മതം നടത്തുകയായിരുന്നു.