Connect with us

Sports

ഐഎസ്എല്‍: കൊല്‍ക്കത്ത സെമിയില്‍

Published

|

Last Updated

കൊല്‍ക്കത്ത: പൊരുതിക്കളിച്ച കേരള ബ്ലാസ്റ്റേഴ്‌സിനെ സമനിലയില്‍ തളച്ച് അത്‌ലറ്റിക്കോ ഡി കൊല്‍ക്കത്ത ഐ എസ് എല്‍ മൂന്നാം സീസണില്‍ സെമിഫൈനല്‍ ബെര്‍ത് ഉറപ്പിച്ചു (1-1). കൊല്‍ക്കത്തക്കാര്‍ക്കൊപ്പം പത്തൊമ്പത് പോയിന്റുമായി പട്ടികയില്‍ നില്‍ക്കുന്ന ബ്ലാസ്റ്റേഴ്‌സിന് ഒരു പോയിന്റ് കൂടി മതി സെമി ഉറപ്പിക്കാന്‍.

കേരള ബ്ലാസ്റ്റേഴ്‌സ്, നോര്‍ത്ത് ഈസ്റ്റ് യുനൈറ്റഡ് എഫ് സി ടീമുകള്‍ക്കെതിരെയുള്ള ഹെഡ് ടു ഹെഡ് റെക്കോര്‍ഡില്‍ മികച്ചു നിന്നതാണ് കൊല്‍ക്കത്തക്ക് പത്തൊമ്പത് പോയിന്റുമായി സെമി ബെര്‍ത് സാധ്യമാക്കിയത്. അവസാന സ്ഥാനത്തിനായി കേരള ബ്ലാസ്റ്റേഴ്‌സും നോര്‍ത്ത് ഈസ്റ്റ് യുനൈറ്റഡും തമ്മിലാണ് പോരാട്ടം. ഡിസംബര്‍ നാലിന് കൊച്ചിയില്‍ ഇവര്‍ തമ്മിലുള്ള പോരാട്ടം ഫൈനലിന്റെ ആവേശമാകും. സമനില മതി ബ്ലാസ്റ്റേഴ്‌സിന് മുന്നേറാന്‍ എന്നിരിക്കെ, നോര്‍ത്ത് ഈസ്റ്റ് മരണക്കളിക്കായിട്ടാകും കൊച്ചിയിലെത്തുക. സി കെ വിനീതിന്റെ ഗോളില്‍ എട്ടാം മിനുട്ടില്‍ ലീഡെടുത്ത ബ്ലാസ്റ്റേഴ്‌സ് ആതിഥേയരെ ഞെട്ടിക്കുന്ന പ്രകടനമാണ് പുറത്തെടുത്തത്. തോല്‍വി ഒഴിവാക്കുക എന്ന ലക്ഷ്യമായിരുന്നു കോച്ച് സ്റ്റീവ് കോപ്പലിന്. അതിന് അനുയോജ്യമായ ലൈനപ്പിനെയാണ് അദ്ദേഹം പരീക്ഷിച്ചത്. അത്‌ലറ്റിക്കോയുടെ 4-2-3-1 ശൈലിയെ പ്രതിരോധിക്കാന്‍ 4-3-3 ആണ് ബ്ലാസ്റ്റേഴ്‌സ് പയറ്റിയത്. സ്റ്റാക്ക് ഗോള്‍ വല കാത്തപ്പോള്‍ ഹൊസു, ഹ്യൂസ്, ഹെംഗ്ബര്‍ട്, ജിങ്കാന്‍ എന്നിവര്‍ പ്രതിരോധത്തില്‍ ഉറച്ച് നിന്നു. മെഹ്താബും എന്‍ഡോയെയും ഇഷ്ഫാഖ് അഹമ്മദും മധ്യനിരയില്‍. സി കെ വിനീത്, ബെല്‍ഫോര്‍ട്, റാഫി എന്നിവര്‍ മുന്‍നിരയില്‍. ഹാഫില്‍ നിന്ന് ഒന്നാകെ കയറിക്കളിക്കുന്ന രീതി ക്ക് പകരം ലോംഗ് ബോളുകളിലൂടെ ബ്ലാസ്റ്റേഴ്‌സ് കളി മെനഞ്ഞു. പ്രതിരോധത്തില്‍ എപ്പോഴും അഞ്ച് പേര്‍ തമ്പടിച്ചു. ഇയാന്‍ ഹ്യൂം പന്ത് കിട്ടാതെ വിഷമിക്കുകയായിരുന്നു. എന്നാല്‍, പതിനെട്ടാം മിനുട്ടില്‍ മുന്‍ ബ്ലാസ്റ്റേഴ്‌സ് താരം സ്റ്റീഫന്‍ പിയേഴ്‌സന്റെ ഗോളില്‍ അത്‌ലറ്റിക്കോ സെമി ബെര്‍ത് ഉറപ്പിച്ചു. ഒരു ഗോളിന്റെ ലീഡില്‍ നില്‍ക്കുമ്പോള്‍ കാണിക്കേണ്ട ജാഗ്രത ഒരു നിമിഷം മറന്ന് പോയതിന് ബ്ലാസ്റ്റേഴ്‌സിന് ലഭിച്ച ഉഗ്രന്‍ ശിക്ഷയായി ഈ ഗോള്‍.