പ്രവാസി സംഘടനാ ആസ്ഥാനങ്ങളെ നോര്‍ക്കയുടെ സാറ്റലൈറ്റ് ഓഫീസുകളാക്കാന്‍ ശിപാര്‍ശ ചെയ്യും: കെ വി അബ്ദുല്‍ ഖാദര്‍ എം എല്‍ എ

Posted on: November 29, 2016 8:03 pm | Last updated: December 5, 2016 at 5:14 pm
സിറാജ് മജ്‌ലിസില്‍ കെ വി അബ്ദുല്‍ ഖാദര്‍ എം എല്‍ എ സംസാരിക്കുന്നു
സിറാജ് മജ്‌ലിസില്‍ കെ വി അബ്ദുല്‍ ഖാദര്‍ എം എല്‍ എ സംസാരിക്കുന്നു

ദുബൈ: വിദേശത്ത് അംഗീകാരമുള്ള സംഘടനകളെ നോര്‍ക്കയുടെ സാറ്റലൈറ്റ് ഓഫീസുകളാക്കാന്‍ കേരള സര്‍ക്കാരിനോട് ശിപാര്‍ശ ചെയ്യുമെന്ന് കേരളാ നിയമസഭാ പ്രവാസി ക്ഷേമകാര്യ സമിതി ചെയര്‍മാന്‍ കെ വി അബ്ദുല്‍ഖാദര്‍ എം എല്‍ എ. സിറാജ് മജ്‌ലിസില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. പല രാജ്യങ്ങളിലും മികച്ച നിലയില്‍ പ്രവര്‍ത്തിക്കുന്ന മലയാളി സംഘടനകളുണ്ട്. അവര്‍ നോര്‍ക്കയുടെ സേവനങ്ങള്‍ ലഭ്യമാക്കാന്‍ ശേഷിയുള്ളവയാണ്. നോര്‍ക്ക ക്ഷേമനിധി അംഗത്വത്തിനുള്ള അപേക്ഷ ഓണ്‍ലൈന്‍ വഴിയാക്കുന്നതിനും പരിഷ്‌കരണ പ്രവര്‍ത്തനങ്ങള്‍ കൈകൊള്ളുന്നതിനും സര്‍ക്കാരില്‍ സമ്മര്‍ദം ചെലുത്തും. കേരളത്തിലെ മൂന്ന് വിമാനത്താവളങ്ങളിലും പ്രവാസികള്‍ക്ക് നോര്‍ക്ക ക്ഷേമനിധിയില്‍ അംഗത്വമെടുക്കുന്നതിനുള്ള സൗകര്യമൊരുക്കാന്‍ പ്രത്യേക കൗണ്ടറുകള്‍ തുറക്കുക, അംഗത്വ അപേക്ഷകള്‍ അറ്റസ്റ്റ് ചെയ്യുന്നതിന് ഗള്‍ഫ് രാജ്യങ്ങളില്‍ അംഗീകാരമുള്ള സംഘടനാ ആസ്ഥാനങ്ങളില്‍ സൗകര്യം ഏര്‍പെടുത്തുക, പ്രവാസികള്‍ക്ക് നിയമ പരിരക്ഷ നല്‍കുന്നതിന് മലയാളികളായ അഭിഭാഷകരെ ഉള്‍പെടുത്തി ഗള്‍ഫ് രാജ്യങ്ങളില്‍ നിയമ സഹായസമിതി രൂപീകരിക്കുക തുടങ്ങിയവ നടപ്പിലാക്കാന്‍ സംസ്ഥാന ഗവണ്‍മെന്റിനോട് ശിപാര്‍ശ ചെയ്യും. ജീവകാരുണ്യ, സാംസ്‌കാരിക മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന പ്രവാസി സംഘടനകളെ വര്‍ഷത്തിലൊരിക്കല്‍ ഒന്നിച്ചിരുത്തി പ്രവാസികളെ സംബന്ധിക്കുന്ന വിഷയങ്ങളില്‍ അഭിപ്രായങ്ങള്‍ സ്വരൂപിക്കാനുള്ള മാര്‍ഗങ്ങള്‍ കണ്ടെത്തുവാനും സര്‍ക്കാരില്‍ സമ്മര്‍ദം ചെലുത്തും.

നിലവിലെ വ്യവസ്ഥയനുസരിച്ച് നോര്‍ക്ക ക്ഷേമനിധിയില്‍ അംഗത്വമെടുത്തവര്‍ക്കുള്ള മെമ്പര്‍ഷിപ്പ് വിതരണം അപേക്ഷകന്റെ നാട്ടിലെ വിലാസത്തില്‍ തപാല്‍ മാര്‍ഗം എത്തിക്കാനുള്ള സംവിധാനമാണുള്ളത്. മറിച്ചു ജില്ലാ ആസ്ഥാനങ്ങളിലോ മറ്റ് തദ്ദേശ ഭരണ സ്ഥാപനങ്ങളുടെ ആസ്ഥാനങ്ങളിലോ അപേക്ഷകര്‍ നേരിട്ട് വന്ന് കാര്‍ഡുകള്‍ കൈപറ്റണമെന്ന പ്രചാരണം തെറ്റാണ്.

പ്രവാസികള്‍ വിദേശത്തു മരണപ്പെട്ടാല്‍ അവരുടെ ആശ്രിതര്‍ക്ക് 50,000 രൂപ വരെ അനുവദിക്കാന്‍ വ്യവസ്ഥയുണ്ട്. എന്നാല്‍ അത്തരത്തിലുള്ള സഹായങ്ങള്‍ക്കുള്ള അപേക്ഷകള്‍ വളരെ വിരളമായേ ലഭിക്കാറുള്ളൂവെന്ന് അദ്ദേഹം പറഞ്ഞു. നോര്‍ക്കയുടെ ഭാഗത്തുനിന്ന് പ്രവാസികള്‍ക്കുള്ള ആനുകൂല്യങ്ങളെ കുറിച്ച് പലരും അജ്ഞരാണ്. ഇതിന് വ്യാപകമായ ബോധവത്കരണമുണ്ടായാലേ പ്രവാസികളെ കൂടുതലായി ഇത്തരം സംരംഭങ്ങളുടെ ഗുണഭോക്താക്കളാക്കാന്‍ കഴിയുകയുള്ളു. പ്രവാസി ക്ഷേമ നിധി ബോര്‍ഡില്‍ അംഗത്വമെടുക്കാത്തവരും സര്‍ക്കാരിന്റെ ആനുകൂല്യങ്ങള്‍ക്ക് അര്‍ഹരാണ്. മറിച്ചുള്ള പ്രചാരണങ്ങള്‍ തെറ്റാണ്. പ്രവാസിയാണെന്ന് തെളിയിക്കുന്ന രേഖകള്‍ ആനുകൂല്യങ്ങള്‍ക്കായുള്ള അപേക്ഷയോടൊപ്പം സമര്‍പ്പിച്ചാല്‍ സര്‍ക്കാരിന്റെ എല്ലാവിധ പ്രവാസി കാര്യ ആനുകൂല്യങ്ങള്‍ക്കും അര്‍ഹത ലഭിക്കും.
16 ലക്ഷം മലയാളികള്‍ വിദേശത്തുണ്ടെന്നാണ് ഔദ്യോഗിക കണക്ക്. 31 ലക്ഷം പേര്‍ പ്രവാസികളായി വിദേശ രാജ്യത്തെത്തിയിട്ടുണ്ടെന്നാണ് സെന്റര്‍ ഫോര്‍ ഡവലപ്‌മെന്റ് സ്റ്റഡീസിന്റെ കണക്കുകള്‍. എന്നാല്‍ നോര്‍ക്കയുടെ ക്ഷേമനിധി ബോര്‍ഡില്‍ ഒരു ലക്ഷത്തി ല്‍ പരം പേര്‍ മാത്രമേ രജിസ്റ്റര്‍ ചെയ്തിട്ടുള്ളു. ഇതുപ്രവാസികള്‍ക്കിടയില്‍ നോര്‍ക്കയുടെ പ്രവര്‍ത്തനങ്ങളെ വ്യാപിപ്പിക്കുന്നതിനും കാലോചിതമായി അവര്‍ക്കനുഗുണമാകുന്ന തീരുമാനങ്ങളും നടപടികളും കൈകൊള്ളുന്നതിനും തടസമാകുന്നുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
കോര്‍പറേറ്റുകള്‍ സഹകരണ ബേങ്കുകളിലെ നിക്ഷേപത്തില്‍ കണ്ണുവെച്ചത് കൊണ്ടാണ് സംസ്ഥാനത്തെ സഹകരണ ബേങ്കുകളെ തകര്‍ക്കാനായി പുതിയ സാമ്പത്തിക നയം കേന്ദ്രം സ്വീകരിച്ചത്. പല ദേശസാല്‍കൃത ബേങ്കുകളുടെയും ഏജന്റുമാര്‍ സഹകരണ ബേങ്കുകളിലെ നിക്ഷേപകരെ സ്വാധീനിച്ചു നിക്ഷേപങ്ങള്‍ പിന്‍വലിപ്പിക്കാന്‍ നടത്തുന്ന ശ്രമങ്ങള്‍ ഇതിനുദാഹരണമാണ്. ഒരു ലക്ഷത്തി മുന്നൂറ്റി തൊണ്ണൂറു കോടി രൂപ സഹകരണ ബേങ്കുകളില്‍ നിക്ഷേപമായുള്ളത് മറ്റ് ദേശസാല്‍കൃത ബേങ്കുകളില്‍ എത്തിയാല്‍ കോര്‍പറേറ്റുകള്‍ക്ക് വായ്പ അനുവദിക്കാന്‍ എളുപ്പമാണെന്ന് കണ്ടെത്തിയ അതിബുദ്ധിയാണിതിന്റെ പിന്നിലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. സംസ്ഥാനത്തെ സാധാരണക്കാരുടെ സാമ്പത്തിക ക്രയവിക്രയങ്ങള്‍ ആയാസകരമായി നടത്തുന്നതും സംസ്ഥാനത്തിന്റെ സാമ്പത്തിക വ്യവസ്ഥിതിയുടെ നട്ടെല്ല് സഹകരണ ബേങ്കുകളാണെന്ന് അദ്ദേഹം അടിവരയിട്ടു.

പ്രവാസി വിഷയങ്ങളും നിര്‍ദേശങ്ങളും സര്‍ക്കാരിന് മുന്നില്‍ മുന്നോട്ട് വെക്കുന്നതില്‍ സിറാജ് മുഖ്യപങ്ക് വഹിക്കുന്നുണ്ട്. എല്ലാ എം എല്‍ എമാരുടെയും ബോക്‌സുകളില്‍ ആദ്യമെത്തുന്നത് സിറാജാണ്, അതിനാല്‍ നിയമസഭാ വാര്‍ത്തകളും വിശകലനങ്ങളും ആദ്യം അറിയുന്നത് സിറാജിലൂടെയാണ്. വഖഫ് ബോര്‍ഡ് ചെയര്‍മാന്‍ ആയിരുന്ന കാലത്തുണ്ടായ വിവാദങ്ങളില്‍ നിക്ഷ്പക്ഷമായി വാര്‍ത്തകള്‍ നല്‍കി കൂടുതല്‍ പിന്തുണയേകിയത് സിറാജാണ്, അദ്ദേഹം പറഞ്ഞു.
ഗള്‍ഫ് സിറാജ് ജനറല്‍ മാനേജര്‍ ശരീഫ് കാരശ്ശേരി അധ്യക്ഷനായിരുന്നു. എഡിറ്റര്‍ ഇന്‍ ചാര്‍ജ് കെ എം അബ്ബാസ് സ്വാഗതം പറഞ്ഞു. മമ്പാട് അബ്ദുല്‍ അസീസ് സഖാഫി, സാമൂഹിക പ്രവര്‍ത്തകരായ നാസര്‍, മജീദ് തുടങ്ങിയവര്‍ സംബന്ധിച്ചു.