നോട്ട്: പ്രശ്‌ന പരിഹാരത്തിന് അടിയന്തര നടപടി സ്വീകരിക്കുന്നുണ്ടെന്ന് ആര്‍ബിഐ ഗവര്‍ണര്‍

Posted on: November 27, 2016 10:08 pm | Last updated: November 28, 2016 at 2:20 pm

urjith-pattelമുംബൈ: ഉയര്‍ന്ന മൂല്യമുള്ള നോട്ടുകള്‍ പിന്‍വലിച്ചതിനെ തുടര്‍ന്നുണ്ടായ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ അടിയന്തര നടപടികള്‍ സ്വീകരിക്കുന്നുണ്ടെന്ന് റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ഊര്‍ജിത് പട്ടേല്‍. നോട്ടുകള്‍ പിന്‍വലിച്ചതിന് ശേഷം ഇതാദ്യമായാണ് റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ പ്രതികരിക്കുന്നത്.

ആവശ്യാനുസരണം നോട്ടുകള്‍ അച്ചടിച്ചിറക്കാന്‍ സര്‍ക്കാറും ആര്‍ബിഐയും തയ്യാറാണ്. പുതിയ നോട്ടുകളുടെ അച്ചടി പുരോഗമിച്ചുകൊണ്ടിരിക്കുന്നു. ബാങ്കുകളുമായി റിസര്‍വ് ബാങ്ക് നിരന്തരം ബന്ധപ്പെട്ട് സ്ഥിതിഗതികള്‍ വിലയിരുത്തുന്നുണ്ട്. ഇടപാടുകള്‍ക്ക് ഡെബിറ്റ് കാര്‍ഡുകളോ ഡിജിറ്റല്‍ വാലറ്റുകളോ ഉപയോഗിക്കാമെന്നും ഇതുവഴി ഇന്ത്യ ന്‍ സമ്പദ് വ്യവസ്ഥയെ വികസിന രാജ്യങ്ങളിലേത് പോലെ ആക്കാന്‍ കഴിയുമെന്നും അദ്ദേഹം പറഞ്ഞു.

പ്രതിസന്ധിയില്‍ അയവ് വന്ന് തുടങ്ങിയിട്ടുണ്ട്. ബാങ്കുകള്‍ക്കും എടിഎമ്മുകള്‍ക്കും മുന്നിലുള്ള ക്യൂ ദിനംപ്രതി കുറഞ്ഞുവരികയാണ്. വിപണിയിലും കാര്യമായ ചലനങ്ങള്‍ അനുഭവപ്പെട്ടുന്നുണ്ട്. അവശ്യസാധനങ്ങളുടെ ലഭ്യത കുറവ് ഇപ്പോള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നില്ലെന്നും ആര്‍ബിഐ ഗവര്‍ണര്‍ പറഞ്ഞു.