മുജാഹിദ് ഐക്യശ്രമങ്ങള്‍ ജിന്ന് വിഭാഗത്തെ ഒതുക്കാന്‍

Posted on: November 23, 2016 10:53 am | Last updated: November 23, 2016 at 10:53 am

മലപ്പുറം: മുജാഹിദ് വിഭാഗങ്ങളുടെ ലയനം മൂന്നാം ഗ്രൂപ്പിനെ ഒതുക്കാനുള്ള കെ എന്‍ എം ഔദ്യോഗിക നേതൃത്വത്തിന്റെ ശ്രമങ്ങളുടെ ഭാഗമാണെന്ന് വിലയിരുത്തല്‍. ടി പി അബ്ദുല്ലക്കോയ മദനി നേതൃത്വം നല്‍കുന്ന ഔദ്യോഗിക വിഭാഗത്തോടും സി പി ഉമര്‍ സുല്ലമിക്ക് കീഴിലുള്ള മടവൂര്‍ വിഭാഗത്തില്‍ നിന്നും മാറി പ്രവര്‍ത്തിക്കുന്ന വിസ്ഡം ഗ്രൂപ്പ് അഥവാ ജിന്ന് വിഭാഗത്തിന്റെ മേധാവിത്വത്തിന് തടയിടുകയാണ് ഐക്യത്തിലൂടെ ലക്ഷ്യമിടുന്നത്.
2012ല്‍ കെ കെ സകരിയ്യ സ്വലാഹിയുടെ നേതൃത്വത്തിലാണ് ജിന്ന് വിഭാഗമെന്ന പേരില്‍ മുജാഹിദില്‍ നിന്ന് നിരവധി പേര്‍ ഔദ്യോഗിക വിഭാഗം വിട്ടുപോയത്. കുഞ്ഞിമുഹമ്മദ് മദനി പറപ്പൂര്‍, കരുവള്ളി മുഹമ്മദ് മൗലവി, സുഹൈര്‍ ചുങ്കത്തറ, ഹുസൈന്‍ സലഫി ഉള്‍പ്പെടെയുള്ള മുജാഹിദ് വിഭാഗത്തിലുണ്ടായിരുന്ന പ്രമുഖരെല്ലാം ഇപ്പോള്‍ ജിന്ന് വിഭാഗമെന്ന വിസ്ഡത്തോടൊപ്പമാണുള്ളത്. 2002ലെ പിളര്‍പ്പിന് ശേഷം ഔദ്യോഗിക വിഭാഗത്തില്‍ നിന്നാണ് കൊഴിഞ്ഞു പോക്ക് ഏറെയും ഉണ്ടായിട്ടുള്ളത്. ഇതോടെ സംഘടനാ ശക്തിയും സാമ്പത്തിക സ്രോതസ്സും ക്ഷയിച്ചുകൊണ്ടിരിക്കുന്നത് മുന്‍കൂട്ടിക്കണ്ടാണ് ഔദ്യോഗിക വിഭാഗം ഐക്യശ്രമത്തിന് കരുക്കള്‍ നീക്കുന്നത്. പള്ളികള്‍ അല്ലാത്ത മറ്റു സ്ഥാപനങ്ങളൊന്നും തന്നെ പിളര്‍പ്പിന് ശേഷം ഔദ്യോഗിക വിഭാഗത്തിന് ഉണ്ടായിട്ടില്ല. മുജാഹിദ് വിഭാഗത്തിലെ പ്രസംഗകരായിരുന്ന നല്ലൊരു വിഭാഗം വിസ്ഡത്തിലേക്ക് മാറുകയും ചെയ്തു. ഗള്‍ഫ് ഫണ്ടുകളെല്ലാം ഇപ്പോള്‍ കൂടുതലായി ലഭിക്കുന്നത് ഇവര്‍ക്കാണ്. ഊരകം മിനിഊട്ടിയില്‍ സ്വന്തമായി സ്ഥാപനം നിര്‍മിക്കുകയും ചെയ്തിട്ടുണ്ട്. യുവാക്കളില്‍ വലിയൊരു ശതമാനം പ്രവര്‍ത്തകര്‍ വിസ്ഡത്തിലാണുള്ളത്. എന്നാല്‍ സകരിയ്യ സ്വലാഹിയും സുബൈര്‍ മങ്കടയുമെല്ലാം പിന്നീട് സംഘടനാ രംഗത്ത് നിന്ന് തന്നെ മാറി നില്‍ക്കുകയും ചെയ്തു. ഗള്‍ഫ് സലഫിസം കേരളത്തിലേക്ക് കൊണ്ടുവരുന്നതില്‍ പ്രധാന പങ്കുവഹിച്ച സുബൈര്‍ മങ്കടയുടെ നേതൃത്വത്തിലാണ് പിന്നീട് നിലമ്പൂര്‍ അത്തിക്കാട്ട് ഭൂമി വാങ്ങി ദമ്മാജ് സലഫിസമായി സംഘടിച്ചത്.
കുവൈത്തില്‍ നിന്നുള്ള പത്ത് ലക്ഷം രൂപയുടെ ഫണ്ടുമായി ബന്ധപ്പെട്ടുള്ള തര്‍ക്കമാണ് മുജാഹിദ് വിഭാഗങ്ങള്‍ക്കിടയിലെ പിളര്‍പ്പിന് പ്രധാന കാരണങ്ങളിലൊന്ന്. ഇതേത്തുടര്‍ന്ന് നടത്തിയ വോട്ടെടുപ്പില്‍ 105 വോട്ടുകള്‍ മടവൂര്‍ വിഭാഗത്തിനും 107 വോട്ടുകള്‍ ഔദ്യോഗിക വിഭാഗത്തിനും ലഭിച്ചു. എന്നാല്‍ ഔദ്യോഗിക വിഭാഗത്തിന് ലഭിച്ച വോട്ടുകളില്‍ ചര്‍ച്ചകള്‍ക്ക് മധ്യസ്ഥത വഹിച്ചവരുടേതും കൂടിയുണ്ടെന്ന് ആരോപിച്ചാണ് ഹുസൈന്‍ മടവൂരിന്റെ നേതൃത്വത്തില്‍ പിളര്‍ന്നത്. എന്നാല്‍ പിന്നീട് പല തവണ ഐക്യശ്രമത്തിന് ചര്‍ച്ചകള്‍ നടന്നെങ്കിലും ഫലമുണ്ടായില്ല. ഇരുവിഭാഗത്തിലെയും ചിലര്‍ ഐക്യത്തിന് വിലങ്ങ് സൃഷ്ടിക്കുകയായിരുന്നു. ഇപ്പോഴത്തെ ഐക്യശ്രമങ്ങള്‍ക്ക് നേതൃത്വം വഹിക്കുന്ന അബ്ദുര്‍റഹ്മാന്‍ സലഫിയായിരുന്നു ഇക്കാലമത്രയും ഐക്യശ്രമങ്ങളെ പരാജയപ്പെടുത്തിയത്. എന്നാല്‍ ഇപ്പോള്‍ ഐക്യവുമായി അദ്ദേഹം രംഗത്ത് വന്നത് മടവൂര്‍ വിഭാഗം സംശയത്തോടെയാണ് വീക്ഷിക്കുന്നത്.
ഐക്യവുമായി ബന്ധപ്പെട്ട് ഇരു സംഘടനകളും ഔദ്യോഗികമായുള്ള ചര്‍ച്ചകള്‍ നടന്നിട്ടില്ലെന്നാണ് അറിയുന്നത്. ഇപ്പോള്‍ നടക്കുന്ന ചര്‍ച്ചകളെല്ലാം ഏതാനും വ്യക്തികളുടെ നേതൃത്വത്തിലുളളതാണ്. മടവൂര്‍ വിഭാഗം 2017 മാര്‍ച്ച് വരെയുള്ള സംഘടനാ പദ്ധതികള്‍ പ്രഖ്യാപിച്ച് പ്രവര്‍ത്തനം നടത്തുകയും ചെയ്യുന്നുണ്ട്. ഔദ്യോഗിക വിഭാഗത്തിലെ പ്രസംഗകനായ ഹനീഫ കായക്കൊടി ഇപ്പോഴും ഐക്യത്തിനെതിരായ ചരടുവലികള്‍ നടത്തുന്നുണ്ട്.
മടവൂര്‍ വിഭാഗത്തിന്റെ സ്ഥാപനങ്ങളെല്ലാം തന്നെ ട്രസ്റ്റായി പ്രവര്‍ത്തിക്കുന്നതിനാല്‍ ഐക്യമുണ്ടായാലും ഇവയുടെ അധികാരം ലഭിക്കില്ലെന്നും മറിച്ച് ഔദ്യോഗിക വിഭാഗം സ്ഥാപനങ്ങളുടെ അധികാരം മറുഭാഗത്തിന് ലഭിക്കുമെന്ന വാദമാണ് അദ്ദേഹം മുന്നോട്ട് വെക്കുന്നത്. എന്നാല്‍ ഇദ്ദേഹത്തിന്റെ വാദങ്ങളെ അംഗീകരിക്കേണ്ടതില്ലെന്നും സംഘടനയില്‍ നിന്ന് പുറത്താക്കിയാണെങ്കിലും ഐക്യം നടപ്പാക്കണമെന്നും അബ്ദുര്‍റഹ്മാന്‍ സലഫി ആവശ്യപ്പെട്ടിട്ടുണ്ട്. സലഫി പ്രസ്ഥാനത്തിന് നേരെ ഉയര്‍ന്നു വന്നിട്ടുള്ള തീവ്രവാദ ആരോപണങ്ങളെ ചെറുക്കുക എന്ന ലക്ഷ്യവും ഐക്യശ്രമത്തിന് പിന്നിലുണ്ടെന്ന് മടവൂര്‍ വിഭാഗം പറയുന്നു. തീവ്രവാദ കേസുകളില്‍ ഉള്‍പ്പെടുകയും അന്വേഷണം നേരിടുകയും ചെയ്യുന്ന സലഫികളെല്ലാം ഔദ്യോഗിക വിഭാഗത്തില്‍ നിന്നുള്ളവരാണെന്നാണ് മടവൂര്‍ വിഭാഗത്തിന്റെ ഭാഷ്യം.
ആദര്‍ശ വ്യതിയാനം ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ ധാരണയിലെത്താതെ ഏത് തരത്തിലുള്ള ഐക്യമാണ് സാധ്യമാകുക എന്നും ഇവര്‍ ചോദിക്കുന്നു. കേരളത്തില്‍ വിവിധയിടങ്ങളില്‍ ഇരു വിഭാഗങ്ങള്‍ക്കിടയിലും സ്ഥാപനങ്ങളുടെ പേരിലുള്ള അവകാശ തര്‍ക്കങ്ങള്‍ നിലനില്‍ക്കുകയും വഖഫ് ബോര്‍ഡ് ഇടപെട്ടിട്ട് പോലും പരിഹരിക്കാന്‍ കഴിയാത്ത സാഹചര്യവുമാണുള്ളത്.