ഇന്ത്യ-ഇഗ്ലണ്ട് രണ്ടാം ടെസ്റ്റ്: ഇഗ്ലണ്ടിന് 318 റണ്‍സ് വിജയലക്ഷ്യം

Posted on: November 21, 2016 9:18 am | Last updated: November 21, 2016 at 9:18 am

englandവിശാഖപട്ടണം: രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ വിജയമുറപ്പിക്കാനുള്ള ഇന്ത്യയുടെ ശ്രമങ്ങള്‍ക്ക് തിരിച്ചടി നല്‍കി ഇംഗ്ലീഷ് ഓപണര്‍മാര്‍ ഒരുക്കിയത് പ്രതിരോധക്കോട്ട. ഒടുവില്‍ രണ്ട് ഓപണര്‍മാരെയും പുറത്താക്കി ഇന്ത്യ പ്രതീക്ഷ കാത്തു. ഒരു ദിവസവും എട്ട് വിക്കറ്റും ശേഷിക്കെ ഇംഗ്ലണ്ടിന് ജയിക്കാന്‍ വേണ്ടത് 318 റണ്‍സ്.
ഇന്ത്യ മുന്നോട്ട് വെച്ച 405 റണ്‍സിന്റെ വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ഇംഗ്ലണ്ട് നാലാം ദിനം കളിയവസാനിക്കുമ്പോള്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 87 റണ്‍സെടുത്തിട്ടുണ്ട്. 54 റണ്‍സ് നേടിയ ക്യാപ്റ്റന്‍ അലിസ്റ്റര്‍ കുക്കിന്റെയും 25 റണ്‍സെടുത്ത ഹസീബ് ഹമീദിന്റെയും വിക്കറ്റുകളാണ് ഇംഗ്ലണ്ടിന് നഷ്ടമായത്. 23 പന്തില്‍ അഞ്ച് റണ്‍സുമായി ജോ റൂട്ട് പുറത്താകാത നില്‍ക്കുന്നു.
ഇംഗ്ലണ്ടിന്റെ മുന്‍നിര ബാറ്റ്‌സ്മാന്മാരെ എളുപ്പത്തില്‍ പുറത്താക്കി ടെസ്റ്റില്‍ ആധിപത്യം സ്ഥാപിക്കാനുള്ള ഇന്ത്യന്‍ ബൗളര്‍മാരുടെ ശ്രമം വ്യഥാവിലാകുന്ന കാഴ്ചയായിരുന്നു ഇന്നലെ. ഓപണര്‍മാരായ കുക്കും ഹമീദും ചേര്‍ന്ന് പ്രതിരോധ മതില്‍ തീര്‍ത്തപ്പോള്‍ ഇന്ത്യന്‍ ബൗളര്‍മാര്‍ ക്ഷമയുടെ നെല്ലിപ്പലക കണ്ടു. 51ാം ഓവറിലാണ് ഇംഗ്ലണ്ടിന്റെ ആദ്യ വിക്കറ്റ് വീണത്. വെറും 75 റണ്‍സായിരുന്നു അപ്പോള്‍ ഇംഗ്ലീഷ് സ്‌കോര്‍.
114 പന്തുകള്‍ നേരിട്ട് വെറും മൂന്ന് ബൗണ്ടറികള്‍ സഹിതം 25 റണ്‍സെടത്ത ഹമീദിനെ രവീന്ദ്ര ജഡേജ എല്‍ ബി ഡബ്യുവില്‍ കുടുക്കുകയായിരുന്നു. 59.2 ഓവറിലാണ് രണ്ടാം വിക്കറ്റ് വീണത്. 188 പന്തില്‍ നാല് ബൗണ്ടറികള്‍ ഉള്‍പെടുന്നതാണ് കുക്കിന്റെ ഇന്നിംഗ്‌സ്.
മൂന്നിന് 98 റണ്‍സെന്ന നിലയില്‍ നാലാം ദിനം കളിയാരംഭിച്ച ഇന്ത്യക്ക് തുടരെ വിക്കറ്റുകള്‍ നഷ്ടമായി. സ്‌കോറിംഗിന് വേഗം കൂട്ടി ലീഡ് നേടി ഇന്നിംഗ്‌സ് ഡിക്ലയര്‍ ചെയ്യാനുള്ള ഇന്ത്യയുടെ കണക്കുകൂട്ടലുകള്‍ പിഴച്ചു. സ്‌കോര്‍ 117ല്‍ നില്‍ക്കെ 26 റണ്‍സുമായി രഹാനെ മടങ്ങി. ബ്രോഡിന്റെ പന്തില്‍ കുക്ക് പിടിച്ചാണ് രഹാനെ പുറത്തായത്. അശ്വിന്‍ (ഏഴ്), സാഹ (രണ്ട്) എന്നിവര്‍ വന്നതും പോയതുമറിഞ്ഞില്ല.
നായകന്‍ വിരാട് കോഹ്‌ലി (81) ഏഴാമതായി പുറത്തായി. തുടരെ രണ്ടാം ഇന്നിംഗ്‌സിലും സെഞ്ചുറിയിലേക്ക് കുതിക്കുകയായിരുന്ന കോഹ്‌ലിയെ ബെന്‍ സ്റ്റോക്‌സ് ഉജ്ജ്വലമായൊരു ക്യാച്ചിലൂടെ പുറത്താക്കുകയായിരുന്നു. ആദില്‍ റാഷിദിന്റെ ലെഗ് ബ്രേക്കര്‍ കോഹ്‌ലിയുടെ ബാറ്റില്‍ത്തട്ടി പറന്നപ്പോള്‍ മുഴുനീള ഡൈവിലൂടെ സ്റ്റോക്‌സ് പന്ത് കൈപ്പിടിയിലൊതുക്കി. ഇന്ത്യന്‍ സ്‌കോര്‍ 151 ല്‍ നില്‍ക്കെയായിരുന്നു കോഹ്‌ലിയുടെ പുറത്താകല്‍. 109 പന്തുകള്‍ നേരിട്ട കോഹ്‌ലി എട്ട് ബൗണ്ടറികള്‍ നേടി. 14 റണ്‍സെടുത്ത ജഡേജ ഒരിക്കല്‍ കൂടി വേഗത്തില്‍ മടങ്ങിയപ്പോള്‍ ഉമേഷ് യാദവിന് റണ്ണൊന്നുമെടുക്കാനായില്ല.
ഇന്ത്യന്‍ സ്‌കോര്‍ 200 റണ്‍സ് കടക്കില്ലെന്ന് തോന്നിച്ച ഘട്ടമായിരുന്നു ഇത്. അവസാന വിക്കറ്റില്‍ ജയന്ത് യാദവും (27), മുഹമ്മദ് ഷാമിയും (19) ചേര്‍ന്ന് നേടിയ 42 റണ്‍സ് ഇന്ത്യക്ക് നിര്‍ണായകമായി. 22 പന്തുകള്‍ നേരിട്ട ഷാമി രണ്ട് സിക്‌സറുകള്‍ നേടി. ഇംഗ്ലണ്ടിനായി സ്റ്റുവര്‍ട്ട് ബ്രോഡ്, ആദില്‍ റാഷിദ് എന്നിവര്‍ നാല് വീതം വിക്കറ്റുകള്‍ വീഴ്ത്തിയപ്പോള്‍ മോയിന്‍ അലി, ജെയിംസ് ആന്‍ഡേഴ്‌സണ്‍ എന്നിവര്‍ ഒരോ വിക്കറ്റെടുത്തു.