പണമില്ലാതെ വലയുമ്പോള്‍ റേഷനും മുടങ്ങി: ചെന്നിത്തല

Posted on: November 20, 2016 12:30 am | Last updated: November 19, 2016 at 11:18 pm

ramesh-chennithalaതിരുവനന്തപുരം: നോട്ട് പിന്‍വലിച്ചതിലൂടെ വലഞ്ഞിരിക്കുന്ന ജനങ്ങള്‍ക്ക് മേല്‍ ഇരുട്ടടിയായി റേഷന്‍ വിതരണവും മുടങ്ങിയിരിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നത്തല പ്രസ്താവനയില്‍ ചൂണ്ടിക്കാട്ടി. സംസ്ഥാന സര്‍ക്കാറിന്റെ പിടിപ്പ് കേട് കാരണം റേഷന്‍കടകളില്‍ അരിയില്ലാത്ത സ്ഥിതിയാണ്. കേന്ദ്ര സര്‍ക്കാര്‍ പണം നല്‍കാതെയും സംസ്ഥാനം അരി നല്‍കാതെയും ജനത്തെ ദ്രോഹിക്കുകയാണ്. സര്‍ക്കാര്‍ പണമടക്കാത്തത് കാരണം ഫുഡ് കോര്‍പ്പറേഷന്‍ റേഷനരി നല്‍കിട്ടില്ല. ഇതോടെയാണ് റേഷന്‍ കടകള്‍ കാലിയായത്.
ഭക്ഷ്യ ഭദ്രതാ നിയമം നടപ്പാക്കുന്നത് സംബന്ധിച്ച് സര്‍ക്കാറിന് ആശയക്കുഴപ്പമാണ്. സമയത്തിന് റേഷനെടുക്കാത്തത് കാരണം നേരത്തെ തന്നെ കണ്ണൂര്‍, കാസര്‍കോട്, വയനാട് , കോഴിക്കോട് ജില്ലകളില്‍ റേഷന്‍ വിതരണം മുടങ്ങിയിരുന്നു. അത് ഇപ്പോള്‍ സംസ്ഥാന തലത്തിലേക്ക് വ്യാപിച്ചു. റേഷന് അര്‍ഹതയുള്ളവരുടെ മുന്‍ഗണനാ ലിസ്റ്റ് തയ്യാറാക്കിയതിലെ അപാകതകള്‍ പരിഹരിക്കാന്‍ സര്‍ക്കാറിന് ഇനിയും കഴിഞ്ഞിട്ടില്ല. ഇത് സംബന്ധിച്ച് 13.5 ലക്ഷം പരാതികളാണ് ലഭിച്ചത്. അവയിലൊന്നും തീരുമാനമെടുത്തിട്ടില്ല.
തീരെ ദരിദ്രരായവരും നിത്യപട്ടിണിക്കാരും വരെ മുന്‍ഗണനാ ലിസ്റ്റിന് പുറത്താണിപ്പോള്‍. ഇപ്പോഴത്തെ ലിസ്റ്റ് അനുസരിച്ചുള്ള മുന്‍ഗണാ ലിസ്റ്റിന് പുറത്തുള്ള 1.21 കോടി പേര്‍ക്ക് രണ്ട് രൂപ നിരക്കില്‍ അരി സംസ്ഥാന സര്‍ക്കാറിന്റെ സബ്‌സിഡിയോടെ നല്‍കുമെന്ന് ഭക്ഷ്യ മന്ത്രി നിയമസഭയില്‍ പ്രഖ്യാപിച്ചതാണ്. അത് പ്രഖ്യാപനത്തില്‍ മാത്രമായി ഒതുങ്ങി. സംസ്ഥാനത്തിന്റെ പ്രത്യേകത കേന്ദ്രത്തെ ബോധ്യപ്പെടുത്തി കേരളത്തിന് ആവശ്യമായ അരി വിഹിതം നേടിയെടുക്കുന്നതിന് സര്‍ക്കാറിന് കഴിഞ്ഞില്ല.